അപ്പസ്തോലിക യാത്രകളുടെ അമരക്കാരൻ
Sunday, November 24, 2024 1:23 AM IST
ബെന്നി ചിറയിൽ
ചങ്ങനാശേരി: ഫ്രാൻസിസ് മാർപാപ്പയുടെ 16 രാജ്യങ്ങളിലെ 11 അപ്പസ്തോലിക യാത്രകൾ ക്രമീകരിക്കാനും ഒപ്പം സഞ്ചരിക്കാനുമുള്ള അപൂർവനിയോഗം നിയുക്ത കർദിനാൾ മാർ ജോർജ് കൂവക്കാട്ടിന് ലഭിച്ചിട്ടുണ്ട്.
2006 മുതൽ വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിൽ സേവനമനുഷ്ഠിക്കുന്ന മാർ കൂവക്കാട്ട് നാലു വർഷമായി ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക യാത്രകൾ ക്രമീകരിക്കുന്ന സമിതിയുടെ പ്രധാന ചുമതലക്കാരനാണ്. ഇത്തരം അപ്പസ്തോലിക യാത്രയിൽ പല രാജ്യങ്ങൾ ഉൾപ്പെടാറുണ്ട്.
സൈപ്രസ്, ഗ്രീസ്, മാൾട്ട, കാനഡ, കസാക്കിസ്ഥാൻ, ബഹറിൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സൗത്ത് സുഡാൻ, ഹംഗറി, പോർച്ചുഗൽ, മംഗോളിയ, ഫ്രാൻസ്, ഇന്തോനേഷ്യ, പാപ്പുവ ന്യൂ ഗിനിയ, ഈസ്റ്റ് തിമോർ, സിംഗപ്പുർ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കുള്ള മുന്നൊരുക്കങ്ങൾ നടത്താനും മാർപാപ്പയെ അനുഗമിക്കാനും മാർ ജോർജ് കൂവക്കാട്ടിന് അവസരമുണ്ടായി. ഇതിനോടകം അന്പതിനടുത്ത് അപ്പസ്തോലിക യാത്രകളാണ് ഫ്രാൻസിസ് മാർപാപ്പ നടത്തിയിട്ടുള്ളത്.
അപ്പസ്തോലിക യാത്രകളിൽ വിവിധ തലങ്ങളിലും പദവികളിലും പെട്ട നിരവധി പേരുടെ അധ്വാനത്തെയും ചുമതലകളെയും കോർത്തിണക്കുകയെന്ന ദൗത്യമാണു തനിക്കുള്ളതെന്ന് മാർ ജോർജ് കൂവക്കാട്ട് ദീപികയോട് പറഞ്ഞു. ലോകത്തിന്റെ പ്രാർഥനയും സഹായവും സഹകരണവും ദൈവാനുഗ്രഹവും ഈ തീർഥാടനങ്ങൾക്കെല്ലാം പിന്നിലുണ്ട്.
മാർപാപ്പയുടെ യാത്രകൾ ക്രമീകരിക്കുന്പോൾ ഏറെ പ്രതിസന്ധികൾ നേരിടേണ്ടിവരിക സ്വാഭാവികമാണ്. എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കി പരിശുദ്ധ പിതാവ് ഓരോ രാജ്യത്തിന്റെയും മണ്ണിൽ കാലുകുത്തുന്ന നിമിഷത്തിൽ ആവേശത്തോടെയും അതിലേറെ ആദരവോടെയും ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനാവലി അദ്ദേഹത്തെ ഹൃദയപൂർവം സ്വീകരിക്കുന്നത് വൈകാരികമായ അനുഭവമാണ്.
കരങ്ങൾ നീട്ടിയെത്തുന്ന പാവങ്ങളെയും രോഗികളെയും അനാഥരെയുമൊക്കെ ഫ്രാൻസിസ് മാർപാപ്പ ആശീർവദിക്കുന്നതും അനുഗ്രഹിക്കുന്നതും ചുംബിക്കുന്നതും പിന്നീട് അവരുടെ നിയോഗങ്ങൾ അറിഞ്ഞ് പ്രാർഥിക്കുന്നതും മനസ് നിറയുന്ന നിമിഷങ്ങളാണ്. ജനസമുദ്രത്തിനു നടുവിൽ പേപ്പൽ പതാക വീശി ‘വീവാ ഇൽ പാപ്പാ’ (പാപ്പാ നീണാൾ വാഴട്ടെ) വിളികൾ കാതുകളെ പ്രകന്പനം കൊള്ളിക്കുന്ന നിമിഷങ്ങളിൽ പിതാവിന്റെ മുഖം സ്നേഹാർദ്രമാകും.
പ്രായാധിക്യത്തിന്റെയും ജോലിയുടെയും യാത്രയുടെയും ക്ഷീണം മറന്ന് അവരിലേക്കു സ്നേഹവും കരുതലും പകരുന്ന പിതാവിന്റെ ഇടയശൈലി അസാധാരണമാണെന്ന് മാർ ജോർജ് കൂവക്കാട്ട് പറഞ്ഞു. തന്റെ യാത്രാസംഘത്തിലുള്ള എല്ലാവരെയും വലിപ്പച്ചെറുപ്പം കൂടാതെ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന മാർപാപ്പയുടെ ഹൃദയവിശാലത എടുത്തുപറയേണ്ടതാണെന്നും നിയുക്ത കർദിനാൾ മാർ ജോർജ് കൂവക്കാട്ട് പറഞ്ഞു.
കിരീടത്തിൽ എളിമയുടെ മുദ്ര
തികഞ്ഞ ലാളിത്യവും വിനയവും സ്നേഹവും നിറഞ്ഞ വ്യക്തിത്വം. സംസാരത്തിൽ മിതത്വവും പെരുമാറ്റത്തിൽ കുലീനതയും ഏവരെയും ഉൾക്കൊള്ളുന്ന വലിയ മനസ്- മാർ ജോർജ് കൂവക്കാട്ട് മെത്രാനും കർദിനാളുമായി ഉയർത്തപ്പെടുന്പോൾ ഏവരും പറയും ഇങ്ങനെയുള്ള വിശേഷണങ്ങൾ.
‘സ്നേഹത്തിന്റെ പരിമളം പരത്തുക’യെന്ന തിരുവചനം ശുശ്രൂഷയിൽ മുദ്രയാക്കിയാണ് 51 കാരനായ മാർ കൂവക്കാട്ട് മെത്രാനും കർദിനാളും എന്ന പദവികളിലേക്ക് ഉയർത്തപ്പെടുന്നത്. കർദിനാളാകുന്നതോടെ മാർപാപ്പയെ തെരഞ്ഞെടുക്കാൻ അധികാരമുള്ള കർദിനാൾ തിരുസംഘത്തിലെ അംഗമായും വത്തിക്കാനിൽ സുപ്രധാന ചുമതല വഹിക്കുന്ന വ്യക്തിയായും മാറും.
മാമ്മൂട് ലൂർദ് മാതാ ഇടവകയിൽ കൂവക്കാട്ട് ജേക്കബ് - ത്രേസ്യാമ്മ ദന്പതികളുടെ മകനായി 1973 ഓഗസ്റ്റ് 11ന് ജനനം. വടക്കേക്കര കല്ലുകളം വീട്ടിൽ വല്യമ്മ ശോശാമ്മയുടെ സ്നേഹലാളനയിലാണു വളർന്നത്. എസ്ബി കോളജിൽ ബിഎസ്സിക്കുശേഷം 1995ൽ കുറിച്ചി സെന്റ് തോമസ് മൈനർ സെമിനാരിയിൽ ചേർന്നു.
പഠനകാലത്ത് സിഎസ്എം സംഘടനയുടെ സജീവ പ്രവർത്തകനായിരുന്നു. ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ മേജർ സെമിനാരി, റോമിലെ സാന്താ ക്രോച്ചേ എന്നിവിടങ്ങളിൽ വൈദികപഠനം പൂർത്തിയാക്കി. 2004 ജൂലൈ 24ന് മാർ ജോസഫ് പവ്വത്തിലിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. റോമിൽനിന്നു കാനൻ നിയമത്തിൽ ‘രൂപതവൈദികരുടെ ദാരിദ്ര്യത്തിൽ ജീവിക്കാനുള്ള ഉത്തരവാദിത്വം’എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയത്.
സഹപാഠികളുടെ സമ്മാനം ഒരു കാപ്പയും ഒന്നേകാൽ ലക്ഷം രൂപയും
ചങ്ങനാശേരി: മാർ ജോർജ് ജേക്കബ് കൂവക്കാട്ട് സഭയുടെ ഉന്നതസ്ഥാനങ്ങളിലേക്ക് ഉയർത്തപ്പെടുന്പോൾ എസ്ബി കോളജ് കാന്പസിൽ ആഹ്ലാദാരവം
.മെത്രാഭിഷേകത്തിന് എത്തുന്ന മാർ കൂവക്കാട്ടിന് സഹപാഠികൾ തിരുവസ്ത്രമായ കാപ്പയും ജീവകാരുണ്യനിധിയായി ഒന്നേകാൽ ലക്ഷം രൂപയും സമ്മാനിക്കുമെന്ന് കോളജിലെ 1992- 95 ഡിഗ്രി രസതന്ത്ര ബാച്ച് പ്രതിനിധിയും രസതന്ത്ര ബാച്ചിലെ അധ്യാപകനുമായ ഡോ. ടോംലാൽ പറഞ്ഞു.
1992-95 കാലഘട്ടത്തിൽ കോളജിൽ രസതന്ത്ര ബിരുദ വിദ്യാർഥിയായിരുന്നു മാർ കൂവക്കാട്ട്. കാത്തലിക് സ്റ്റുഡന്റ്സ് മൂവ്മെന്റിന്റെ സെക്രട്ടറിയായും പ്രവർത്തിച്ച അദ്ദേഹം സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. റവ. ഡോ. ജോർജ് മഠത്തിപ്പറന്പിലായിരുന്നു അന്നത്തെ പ്രിൻസിപ്പൽ.