ഭരണഘടനാവിരുദ്ധ പ്രസംഗം; സജി ചെറിയാൻ രാജിവയ്ക്കേണ്ടെന്നു സിപിഎം
Saturday, November 23, 2024 2:20 AM IST
തിരുവനന്തപുരം: വിവാദപ്രസംഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ മന്ത്രി സജി ചെറിയാൻ രാജിവയ്ക്കേണ്ടെന്ന് സിപിഎം.
ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഈ തീരുമാനമെടുത്തത്.
പോലീസിന്റെ തുടരന്വേഷണം നടക്കട്ടെ എന്ന നിലപാടാണു സെക്രട്ടേറിയറ്റ് കൈക്കൊണ്ടത്.തുടർനടപടികൾക്കു നിയമോപദേശം തേടാനും തീരുമാനിച്ചു.
ധാർമികതയുടെ പേരിൽ ഒരിക്കൽ രാജിവച്ചതാണ്. കുറ്റവിമുക്തനാക്കപ്പെട്ടപ്പോൾ തിരിച്ചു വന്നു. ഇനി ധാർമികതയുടെ പേരിൽ രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നാണ് സെക്രട്ടേറിയറ്റിൽ ഉരുത്തിരിഞ്ഞു വന്ന നിലപാട്.
സജി ചെറിയാന്റെ ഭാഗം കേൾക്കാതെ പുറപ്പെടുവിച്ച വിധിന്യായത്തിന്മേൽ തുടർനടപടികൾക്ക് അദ്ദേഹത്തിന് അവകാശമുണ്ടെന്ന് നിയമമന്ത്രി പി. രാജീവ് പറഞ്ഞു.
മന്ത്രിയാണെന്നു ചൂണ്ടിക്കാണിച്ചു തന്നെയാണ് സംസ്ഥാനത്തെ ഏജൻസി അന്വേഷിച്ചാൽ മതിയെന്നു കോടതി വിധിച്ചത്. മന്ത്രിസ്ഥാനത്തു തുടരുന്നതിൽ അപാകതയില്ലെന്ന പരോക്ഷമായ സൂചനയാണിതെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷം രാജി ആവശ്യപ്പെടുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ, രാജി ആവശ്യപ്പെടുക എന്നത് അവരുടെ പണിയാണല്ലോ എന്നായിരുന്നു മന്ത്രിയുടെ മറുപടി.
രാജിവയ്ക്കില്ലെന്നു കോടതിവിധിയോടു പ്രതികരിച്ചുകൊണ്ട് മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു. ഇന്നലെ പാർട്ടിയും ഇതേ നിലപാടു തന്നെ സ്വീകരിച്ചതോടെ തത്കാലം മന്ത്രിയുടെ രാജി ഉണ്ടാകില്ലെന്നു വ്യക്തമായി.