മലയാള നാടകവേദിയുടെ തലതൊട്ടപ്പൻ
Saturday, November 23, 2024 1:15 AM IST
മലയാള സാഹിത്യത്തിനും ആധുനിക നാടകപ്രസ്ഥാനത്തിനും വലിയ സംഭാവനകൾ നൽകിയിട്ടുള്ള പ്രതിഭയാണ് ഇന്നലെ വിടപറഞ്ഞ ഓംചേരി എൻ.എൻ. പിള്ള.
മലയാള നാടകവേദിയുടെ തലതൊട്ടപ്പനും ഡൽഹി മലയാളികളുടെ കാരണവരുമായിരുന്ന ഓംചേരിയെ 2022ൽ കേരള സർക്കാർ നൽകുന്ന രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ കേരള പ്രഭ അവാർഡ് നൽകി ആദരിച്ചിരുന്നു.
1972ൽ ‘പ്രളയം’ എന്ന നാടകത്തിന് കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. 2010ൽ മലയാള സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാഡമി പുരസ്കാരവും ലഭിച്ചു. ‘ആകസ്മികം’ എന്ന ഓർമക്കുറിപ്പിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
സമസ്തകേരള സാഹിത്യ പരിഷത്ത് സമ്മാനം (1952), സാഹിത്യ പ്രവർത്തക സഹകരണസംഘം അവാർഡ് (1974), കേരള സാഹിത്യ അക്കാദമി സമഗ്രസംഭാവന പുരസ്കാരം (2010), കേരള സംഗീതനാടക അക്കാദമി പ്രവാസി കലാരത്നാ അവാർഡ് (2012), നാട്യഗൃഹ അവാർഡ് (2014) തുടങ്ങിയ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
മലയാളികളെ ചിന്തിപ്പിച്ച ഒന്പത് മുഴുനീള നാടകങ്ങളും 80 ഏകാങ്കങ്ങളും ഓംചേരി നാടകലോകത്തിന് സമ്മാനിച്ചു. ഈ വെളിച്ചം നിങ്ങളുടേതാകുന്നു, പ്രളയം, ചെരിപ്പു കടിക്കില്ല, തേവരുടെ ആന, കള്ളൻ കയറിയ വീട്, ദൈവം വീണ്ടും തെറ്റിദ്ധരിപ്പിക്കപ്പെടുന്നു തുടങ്ങിയവയാണ് ഓംചേരിയുടെ പ്രശസ്തമായ രചനകൾ. എഴുത്തിനും സാംസ്കാരിക പ്രവർത്തനങ്ങൾക്കും പുറമെ പതിറ്റാണ്ടുകളോളം ഡൽഹി മലയാളികളുടെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായിരുന്നു.
അമേരിക്കയിലെ പെൻസിൽവേനിയ യൂണിവേഴ്സിറ്റി, മിഷിഗൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഗവേഷണം നടത്തിയിട്ടുണ്ട്. കലിഫോർണിയ യൂണിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ ആൻഡ് മാനേജ്മെന്റ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്ന് ബിരുദമെടുത്തു. 1924 ഫെബ്രുവരിന് ഒന്നിന് വൈക്കം ടിവി പുരത്തെ ഓംചേരി വീട്ടിൽ നാരായണൻ പിള്ളയുടെയും പാപ്പിക്കുട്ടി അമ്മയുടെയും മകനായാണു ജനനം.
1951ൽ ഡൽഹിയിലെത്തിയ അദ്ദേഹം കഴിഞ്ഞ 73 വർഷമായി ഡൽഹിയിലെ നിറസാന്നിധ്യമാണ്. ആകാശവാണിയിൽ മലയാളം വാർത്താവിഭാഗത്തിൽ ജോലി തുടങ്ങിയ ഓംചേരി പിന്നീട് പ്രസിദ്ധീകരണ വിഭാഗം എഡിറ്ററായി. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ ചീഫ് സെൻസർ ഓഫീസറായി പ്രവർത്തിച്ചശേഷം 1989ലാണ് സർക്കാർ സർവീസിൽനിന്നു വിരമിച്ചത്.
സാഹിത്യ അക്കാദമി അനുശോചിച്ചു
തൃശൂർ: മലയാള സാഹിത്യാസ്വാദനത്തിൽ ഡൽഹി മലയാളികൾക്കിടയിൽ ഓംചേരി എൻ.എൻ. പിള്ള വഹിച്ച പങ്ക് നിസ്തുലമെന്നു കേരള സാഹിത്യ അക്കാദമി. ആറുപതിറ്റാണ്ടുമുന്പ് ഡൽഹിയിൽ അദ്ദേഹം സ്ഥാപിച്ച എക്സ്പിരിമെന്റൽ തിയറ്റർ എന്ന നാടകസംഘടന ആസ്വാദകരെ മലയാള നാടകലോകത്തേക്ക് ആകർഷിച്ചു.
മലയാളത്തിന്റെ സാംസ്കാരിക മണ്ഡലത്തിലും ഡൽഹി മലയാളികൾക്കിടയിലും എക്കാലവും അദ്ദേഹം സ്മരിക്കപ്പെടുമെന്നും അക്കാദമി അനുശോചന സന്ദേശത്തിൽ പറഞ്ഞു.