സെക്രട്ടേറിയറ്റിലെ നിരീക്ഷണ കാമറകൾ മിഴിയടച്ചുതുടങ്ങി; അറ്റകുറ്റപ്പണിക്ക് 29.5 ലക്ഷം അനുവദിച്ചു
Saturday, November 23, 2024 1:15 AM IST
തിരുവനന്തപുരം: ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന്റെ സുരക്ഷയ്ക്കായി കോടികൾ ചെലവഴിച്ചു സ്ഥാപിച്ച നിരീക്ഷണ കാമറകൾ മിഴിയടയ്ക്കാൻ തുടങ്ങി. ഇതേത്തുടർന്ന് അറ്റകുറ്റപ്പണിക്കായി ലക്ഷങ്ങൾ വകയിരുത്തി.
സെക്രട്ടേറിയറ്റ് പ്രധാന മന്ദിരത്തിലെയും അനക്സ് ഒന്നിലെയും സിസിടിവി സംവിധാനത്തിന്റെ വാർഷിക അറ്റകുറ്റപ്പണികൾക്കായി 29.50 ലക്ഷം രൂപ ധനവകുപ്പ് അനുമതി നൽകിയതിനു പിന്നാലെ പൊതുഭരണവകുപ്പ് ഉത്തരവിറക്കി.
സ്വർണ കടത്ത് വിവാദ കാലത്ത് സെക്രട്ടേറിയറ്റിന്റെ സിസിടിവി കാമറയ്ക്കു തകരാർ സംഭവിച്ചത് വിവാദമായിരുന്നു. സ്വപ്ന സുരേഷിന്റെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുള്ള സന്ദർശനം പുറത്തു വരാതിരിക്കാനാണ് സിസിടിവി സംവിധാനം തകരാറിലാക്കിയതെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 1.9 കോടി രൂപ ചെലവിൽ സെക്രട്ടേറിയറ്റ് അനക്സ് ബ്ലോക്കിന് സുരക്ഷയൊരുക്കാൻ 100 സിസിടിവി കാമറകൾ സ്ഥാപിച്ചത്.
അകലത്തിലുള്ള കാഴ്ചകൾ പോലും വ്യക്തതയോടെ നിരീക്ഷിക്കാൻ സാധിക്കുന്ന രണ്ട് 30 എക്സ് കാമറകളും 22 ബുള്ളറ്റ് കാമറകളും ഉൾപ്പെടെ ഉള്ളവയാണ് സ്ഥാപിച്ചത്. രണ്ട് പ്രധാന കവാടങ്ങൾ ഉൾപ്പെടെ കെട്ടിടത്തിന്റെ മിക്ക ഭാഗങ്ങളും കാമറയുടെ പരിധിയിൽ വരുന്ന രീതിയിലാണ് സിസിടിവികൾ ക്രമീകരിച്ചിരിക്കുന്നത്.
അനക്സ് ബ്ലോക്കിലെ എല്ലാ ഓഫിസുകളുടെയും പുറം ഭാഗത്തെ കാഴ്ചകളും സിസിടിവി സംവിധാനം വഴി നിരീക്ഷിക്കാൻ കഴിയുമെന്നാണു സർക്കാർ വാദം.