രുദ്രാക്ഷമരവും കൃഷിയും വവ്വാൽ നശിപ്പിച്ചു; നഷ്ടപരിഹാരത്തിന് കോടതി കയറി കർഷകൻ
Saturday, November 23, 2024 1:15 AM IST
ജെവിന്‍ കോട്ടൂര്‍
കോട്ടയം: വവ്വാലുകള്‍ ചേക്കേറി പഞ്ചമുഖ രുദ്രാക്ഷമരം നശിപ്പിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വനംവകുപ്പിനെതിരേ കര്ഷകന് കേസ് ഫയല്‍ ചെയ്തു. പൂഞ്ഞാര്‍ കല്ലേക്കുളം സ്വദേശി ചാമക്കാലായില്‍ സി.ഡി. ആദര്ശ്കുമാറാണ് പാലാ സബ്കോടതിയെ സമീപിച്ചത്.
നാല് ഏക്കര്‍ പുരയിടത്തില്‍ ഫലവൃക്ഷങ്ങള്‍ കൃഷിചെയ്യുന്ന തോട്ടത്തില്‍ അവക്കാഡോ, റംബൂട്ടാന് എന്നിവയ്ക്കു പുറമെ രണ്ട് രുദ്രാക്ഷ മരങ്ങളുമുണ്ടായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് വരെ രുദ്രാക്ഷത്തില്നിന്നും എല്ലാ വര്‍ഷവും മോശമല്ലാത്ത വരുമാനവും ലഭിച്ചിരുന്നു.
ഒരു രുദ്രാക്ഷം നാല്‍പ്പത് വര്‍ഷത്തിലേറെ പഴക്കമുള്ള കുറ്റന്‍ മരമായിരുന്നു. ഈ വിശേഷാല്‍ രുദ്രാക്ഷത്തിന്റ കായ മോഹവിലയ്ക്ക് വില്പന നടത്തിയിട്ടുണ്ടെന്ന് ആദര്‍ശ്കുമാര്‍ പറഞ്ഞു.
നാളുകളായി കൂട്ടമായി എത്തുന്ന കടവാവലുകള്‍ തോട്ടത്തിലെ മരങ്ങളുടെ പഴങ്ങള്‍ തിന്നുന്നു, കായകള്‍ നശിപ്പിക്കുന്നു. നിപ്പ പരത്തുന്ന കടവാവലുകളെ തുരത്താനും സാധിക്കുന്നില്ല. പഴങ്ങള്‍ നശിപ്പിക്കുന്നതിനു പിന്നാലെയാണ് രുദ്രാക്ഷ മരവും കായയും നശിപ്പിക്കാന്‍ തുടങ്ങിയത്.
രണ്ടു പതിറ്റാണ്ടിലേറെയായി ചെറിയ തോതില്‍ കടവാവലുകളുടെ ശല്യമുണ്ടായിരുന്നു. അന്നു മുതല്‍ പല തവണ വനംവകുപ്പില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നപടികളും ഉണ്ടായില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വാവലുകളുടെ പരാക്രമണം കണ്ടു ബോധ്യപ്പെട്ടു മടങ്ങി.
ഇക്കാലത്ത് വാവലുകളെ തുരത്താന്‍ പല മാര്‍ഗങ്ങള്‍ സ്വീകരിച്ചെങ്കിലും സാധിച്ചില്ല. വരുമാനത്തില്‍ കുറവുണ്ടായതോടെ കൃഷിവായ്പ കുടിശികയായി. ഈ സാഹചര്യത്തിലാണ് കൃഷി നശിച്ചതിനു വനംവകുപ്പ് 2.5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ആദര്‍ശ് കഴിഞ്ഞയാഴ്ച കേസ് ഫയല്‍ ചെയ്തത്. വനത്തിനു പുറത്തുള്ള കൃഷി വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നതിനു വനംവകുപ്പ് ഉത്തരവാദിയാണെന്നാണ് ആദര്‍ശ് പറയുന്നത്.
2015-16 മുതലാണ് പഴംതീനി കടവാവലുകള്‍ കൂട്ടത്തോടെ തോട്ടത്തിലെത്തി കൃഷി വ്യാപകമായി നശിപ്പിക്കാന്‍ തുടങ്ങിയത്. മൂന്ന് വര്‍ഷമായി ഒരു രൂപ പോലും ആദായം ലഭിക്കുന്നില്ല.
1972ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഒന്നാം ഷെഡ്യൂള്‍ പ്രകാരം സംരക്ഷിത ജീവിവര്‍ഗത്തിലുള്‍പ്പെടുന്നവയാണ് കടവാവല്.
ഇവയെ കൊല്ലുന്നതും വെടിവച്ച് പേടിപ്പെടുത്തുന്നതും കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.
ഈ സാഹചര്യത്തില്‍ വാവലിനെ വനത്തിലാക്കാനുള്ള ഉത്തരവാദിത്വം വനംവകുപ്പിനാണെന്ന് ആദര്‍ശ് പറയുന്നു.