കള്ളവോട്ട്: സിപിഎം ഇടപെടൽ ഫലംകണ്ടെന്നു ജില്ലാ സെക്രട്ടറി
Friday, November 22, 2024 2:48 AM IST
പാലക്കാട്: മണ്ഡലത്തിലെ കള്ളവോട്ട് തടയുന്നതിൽ സിപിഎം ഇടപെടൽ ഫലംകണ്ടതായി പാർട്ടി ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. യുഡിഎഫും ബിജെപിയും ചേർത്തതു 2700 ഓളം കള്ളവോട്ടുകളാണ്. സിപിഎമ്മിന്റെ ഇടപെടൽകാരണം ഇവയൊന്നും വലിയ തോതിൽ വോട്ടായില്ല.
സിപിഎമ്മിന്റെ ഇടപെടൽ ഫലംകണ്ടതിന്റെ തെളിവാണ് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റിനു വോട്ടുചെയ്യാൻ കഴിയാതിരുന്നത്. കള്ളവോട്ടു തടയും എന്ന പേരിൽ വി.കെ. ശ്രീകണ്ഠൻ എംപി ബൂത്തിനുമുന്നിൽ നടത്തിയത് ഏകാങ്കനാടകമാണ്.
ഒരുഘട്ടത്തിൽപോലും കോൺഗ്രസ് കള്ളവോട്ടു തടയും എന്നുപറഞ്ഞിട്ടില്ല. കള്ളവോട്ടുതടയുമെന്നു സിപിഎം പറഞ്ഞതു കായികമായി നേരിടുമെന്നല്ല. നിയമപരമായി നേരിടും എന്നാണ്. ഞങ്ങൾ അതിൽ വിജയിച്ചു.
കള്ളവോട്ട് നടക്കാത്തതിൽ യുഡിഎഫ്, എൻഡിഎ മുന്നണികൾക്കു പരിഭ്രാന്തിയുണ്ട്. കണ്ണാടി, മാത്തൂർ പഞ്ചായത്തിലെ പല ബൂത്തുകളിലും കോൺഗ്രസിനു ബൂത്ത് ഏജന്റുമാർപോലും ഇല്ലാത്ത അവസ്ഥയായിരുന്നു.
ഇതിലൂടെ ബിജെപിക്കു വോട്ടുമറിക്കാനുള്ള ഷാഫി പറമ്പിൽ എംപിയുടെ ദൗത്യം വിജയിക്കുകയാണ്. യുഡിഎഫിനു കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പിരായിരി ഗ്രാമപഞ്ചായത്തിലുണ്ടായിരുന്ന ഭൂരിപക്ഷം ഇടിയും
. മാത്തൂർ, കണ്ണാടി പഞ്ചായത്തുകളിൽ എൽഡിഎഫ് മുൻകാലങ്ങളിലെ ഭൂരിപക്ഷം തിരിച്ചുപിടിക്കും. മണ്ഡലത്തിൽ എൽഡിഎഫ് വിജയിക്കും. ജനകീയപ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനുപകരം വിവാദങ്ങൾ ഉയർത്തിയത് യുഡിഎഫും ബിജെപിയുമാണെന്നു സുരേഷ്ബാബു അഭിപ്രായപ്പെട്ടു.