മാവോയിസ്റ്റ് നിരീക്ഷണം: പരിശോധന കടുപ്പിച്ച് കേരളം
Friday, November 22, 2024 2:48 AM IST
ഇരിട്ടി: മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ കർണാടകയിൽ മാവോയിസ്റ്റ് വിരുദ്ധ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടെ സംഘത്തിലെ അവശേഷിക്കുന്നവർ കേരളത്തിലെത്തിയേക്കാമെന്ന റിപ്പോർട്ടിനെത്തുടർന്ന് വനമേഖലയിൽ സംസ്ഥാനം നിരീക്ഷണവും പരിശോധനയും കർശനമാക്കി.
തണ്ടർബോൾട്ടിന്റെ നേതൃത്വത്തിൽ ഹെലികോപ്റ്റർ നിരീക്ഷണം ഉൾപ്പെടെയുള്ളവ നടത്തിവരികയാണ്. ഇന്നലെ കേരള- കർണാടക വനാതിർത്തിയിൽ പ്രത്യേകസംഘം ഹെലികോപ്റ്റർ നിരീക്ഷണം നടത്തി.
വയനാട് എഎസ്പി ടി.എൻ. സജീവൻ, പേരാവൂർ ഡിവൈഎസ്പി കെ.വി. പ്രമോദൻ എന്നിവരും നക്സൽ വിരുദ്ധ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുമാണ് നിരീക്ഷണം നടത്തിയത്.
മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലെ കർണാടക- കേരള വനമേഖലയിലൂടെയാണ് ഹെലികോപ്റ്ററിൽ നിരീക്ഷണം നടത്തിയത്. പരിശോധനയ്ക്കു ശേഷം ഹെലികോപ്റ്റർ ഇരിട്ടി വള്ള്യാട് വയലിൽ ഇറക്കി.
കേരളത്തിൽനിന്നു പിന്മാറിയ വിക്രം ഗൗഡ, ജയണ്ണ, രമേശ്, സുന്ദരി, കോഡാഹോണ്ട രവി, വനജാക്ഷി, ലത, ജിഷ എന്നിവരടങ്ങിയ സംഘം നാലുപേരടങ്ങുന്ന രണ്ടു സംഘങ്ങളായി തിരിഞ്ഞായിരുന്നു കർണാടകയിലെ പ്രവർത്തനം.
വിക്രം ഗൗഡ കൊല്ലപ്പെട്ടതോടെ സംഘം കുതിരെമുഖ ഭാഗത്തേക്ക് നീങ്ങി ഒന്നിച്ചതായാണ് വിവരം. ജയണ്ണയാണ് ഇപ്പോഴത്തെ സംഘത്തിന്റെ നേതാവ്.