ഇടതു മുന്നണി സ്ഥാനാർഥികളെ ഇന്നോ നാളെയോ പ്രഖ്യാപിക്കും
Wednesday, October 16, 2024 2:25 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നു മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടതുമുന്നണി സ്ഥാനാർഥികളെ ഇന്നോ നാളെയോ പ്രഖ്യാപിക്കും.
വയനാട് ലോക്സഭ മണ്ഡലത്തിൽ ഇ.എസ്. ബിജിമോളെ സ്ഥാനാർഥിയാക്കാനാണു സിപിഐയിൽ ഇതുവരെയുള്ള ധാരണ. ബിജിമോളെ സ്ഥാനാർഥിയാക്കുന്നതിൽ പാർട്ടി നേതൃത്വത്തിൽ ഭിന്നാഭിപ്രായവുമുണ്ട്.
പാലക്കാട് നിയമസഭാ മണ്ഡലത്തിൽ കെ.ബിനുമോളും ചേലക്കര നിയമസഭ മണ്ഡലത്തിൽ യു.ആർ. പ്രദീപും സിപിഎം സ്ഥാനാർഥികളാകും. പാലക്കാടും ചേലക്കരയിലും ഒറ്റ പേരു മാത്രമേ സിപിഎം സ്ഥാനാർഥിപ്പട്ടികയിൽ നിലവിലുള്ളൂ.
അടുത്ത രണ്ടു ദിവസങ്ങളിലായി സിപിഎം-സിപിഐ നേതൃയോഗങ്ങൾ ചേർന്നു സ്ഥാനാർഥികളെ തീരുമാനിക്കും. ഇതിനുശേഷം ഇടതുമുന്നണിയെന്ന നിലയിലാകും പ്രഖ്യാപനമുണ്ടാകുക.
ബിജെപി സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണകളല്ലാതെ വ്യക്തമായ ഒരു തീരുമാനവും ഇതുവരെയുണ്ടായിട്ടില്ല.
വയനാട്ടിൽ എ.പി. അബ്ദുള്ളക്കുട്ടി, എം.ടി. രമേശ് എന്നിവരുടെ പേരുകളാണു നേതൃത്വത്തിന്റെ മുന്നിലുള്ളത്. പാലക്കാട് സി. കൃഷ്ണകുമാർ സ്ഥാനാർഥിയാകാനാണു സാധ്യത. ശോഭ സുരേന്ദ്രനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും പട്ടികയിലുണ്ട്.
ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി ഇന്നലെ കെ. സുരേന്ദ്രൻ ഉപതെരഞ്ഞെടുപ്പിനെ സംബന്ധിച്ചു സംസാരിച്ചു. രണ്ടു ദിവസത്തിനുള്ളിൽ സ്ഥാനാർഥികളെ തീരുമാനിക്കും.
വയനാട്ടിൽ പ്രിയങ്ക ഗാന്ധിതന്നെയാകും കോണ്ഗ്രസ് സ്ഥാനാർഥി.