പ്ലാറ്റിനം ജൂബിലി പ്രഭയില്‍ പാലാ രൂപത
Wednesday, July 24, 2024 2:50 AM IST
ജിബിന്‍ കുര്യന്
കോട്ടയം: ആഗോളകത്തോലിക്കാ സഭയ്ക്ക് കരുത്തും കരുതലും പകരുന്ന പാലാ രൂപത പ്ലാറ്റിനം ജൂബിലിയുടെ ധന്യതയില്‍. വിശുദ്ധ തോമാശ്ലീഹായില്‍നിന്നു പകര്‍ന്നുകിട്ടിയ രണ്ടു സഹസ്രാബ്ദങ്ങളുടെ വിശ്വാസപാരമ്പര്യവും മീനച്ചില്‍ തീരത്തെ ഫലഭൂയിഷ്ടമായ കാനാന്ദേശത്തിനുണ്ട്. ഒരു വര്‍ഷം നീളുന്ന ജൂബിലി ആഘോഷങ്ങള്‍ക്ക് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ആത്മീയസാന്നിധ്യം നിറഞ്ഞ ഭരണങ്ങാനത്ത് വെള്ളിയാഴ്ച തിരിതെളിയും.
1950 ജൂലൈ 25ന് ചങ്ങനാശേരി അതിരൂപത വിഭജിച്ച് പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയാണ് പാലാ രൂപത സ്ഥാപിച്ചത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ അതിരിടുന്ന 1166 ചതുരശ്ര കിലോമീറ്റർ വിസ്തൃതി. 71,004 ഭവനങ്ങളിലായി മൂന്നേകാല്‍ ലക്ഷം സീറോമലബാര്‍ സഭാവിശ്വാസികള്‍.
ആധുനിക പാലായുടെ ശില്പികളില് പ്രമുഖനായ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ ആയിരുന്നു പാലാ രൂപതയുടെ പ്രഥമ മെത്രാന്. കര്‍ദിനാള്‍ എവുജിന്‍ ടിസറാംഗ് മുഖ്യകാര്‍മികനായി 1950 നവംബര്‍ എട്ടിനു റോമിലെ സെന്റ് തെരേസാസ് ദേവാലയത്തിലായിരുന്നു മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്റെ മെത്രാഭിഷേകം.
കര്‍മവും ധര്‍മവും കൈമുതലാക്കിയ വയലില്‍ പിതാവ് പാലാ രൂപതയ്ക്ക് ഊടും പാവും നെയ്തു. കൊട്ടാരമറ്റത്തെ മനോഹരമായ അരമന മന്ദിരം ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളും ഹരിതാഭ അങ്കണവും അദ്ദേഹം ഒരുക്കി. 1951 ജനുവരി നാലിനായിരുന്നു രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനം.
പാലാ, മുട്ടുചിറ, കുറവിലങ്ങാട്, ആനക്കല്ല് (ഭരണങ്ങാനം), രാമപുരം ഫൊറോനകളോടെയാണ് തുടക്കം. നിലവില്‍ 171 ഇടവകകളും 17 ഫൊറോനകളുമായി രൂപത വളര്‍ന്നിരിക്കുന്നു. പാലാ കത്തീഡ്രല്‍, കുറവിലങ്ങാട്, അരുവിത്തുറ, ഭരണങ്ങാനം, ചേര്‍പ്പുങ്കല്‍, ഇലഞ്ഞി, കടനാട്, കടുത്തുരുത്തി, കൂട്ടിക്കല്‍, കോതനല്ലൂര്‍, മൂലമറ്റം, മുട്ടുചിറ, പൂഞ്ഞാര്‍, പ്രവിത്താനം, രാമപുരം, തീക്കോയി, തുടങ്ങനാട് എന്നിവയാണ് ഫൊറോനകള്‍. മലബാര്‍, ഹൈറേഞ്ച് കുടിയേറ്റത്തിനു കരുത്തു പകർന്നതിൽ പാലാ രൂപതയ്ക്ക് വലിയ പങ്കുണ്ട്.
പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി അനേകര്‍ മണ്ണുതേടി പല നാടുകളില്‍ ചേക്കേറി. പാലായില്‍നിന്നു പകര്‍ന്നുകിട്ടിയ വിശ്വാസത്തിന്റെ കരുതലില്‍ ആധ്യാത്മിക വിശുദ്ധി കൈവിടാതെ കുടിയേറ്റക്കാര്‍ തനതു സംസ്കാരത്തെയും പറിച്ചുനട്ടു. പള്ളികളും പള്ളിക്കൂടങ്ങളുമൊക്കെ കുടിയേറ്റ ഗ്രാമങ്ങളില്‍ സ്ഥാപിച്ചു.
കേരളത്തിന്റെ കാര്‍ഷിക വളര്‍ച്ചയിലും മീനച്ചില്‍ കര്‍ഷകരുടെ സംഭാവനകളെ അവഗണിക്കാനാവില്ല. തലശേരി രൂപതയുടെ സ്ഥാപനത്തില്‍ മാത്രമല്ല കര്‍മധീരനായ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയെ കുടിയേറ്റക്കാര്‍ക്ക് സമ്മാനിക്കുന്നതില്‍ മാതൃരൂപതയുടെ സംഭാവന വലുതാണ്. പില്ക്കാലത്ത് വിവിധ ലോകരാജ്യങ്ങളിലേക്കും പാലായുടെ മക്കള്‍ കുടിയേറി. ആ പ്രയാണം ഇന്നും തുടരുന്നു.
1973 ഓഗസ്റ്റ് 15ന് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ പാലാ സഹായ മെത്രാനായി നിയമിതനായി. 1981 മാര്‍ച്ച് 20ന് ദ്വിതീയ മെത്രാനുമായി. ആധ്യാത്മികവും ഭൗതികവുമായ വളര്‍ച്ചയുടെ മറ്റൊരു കാലഘട്ടമായിരുന്നു ഇത്. 2004 മേയ് രണ്ടിനു മാര്‍ ജോസഫ് കല്ലറങ്ങാട്ട് മൂന്നാമത്തെ ബിഷപ്പായി. 2012 ഓഗസ്റ്റ് 24ന് മാര്‍ ജേക്കബ് മുരിക്കന്‍ സഹായ മെത്രാനായി അഭിഷിക്തനായി.
എക്കാലവും ദൈവവിളിയുടെ വിളനിലമാണ് പാലാ രൂപത. വിശ്വാസവും വിശുദ്ധിയും കൈമുതലാക്കിയ കുടുംബങ്ങളുടെ പ്രാര്ഥനാതീക്ഷ്ണതയാണ് സമര്‍പ്പിത ജീവിതത്തിലേക്കുള്ള ആയിരമായിരം വിളികള്‍ക്കു നിമിത്തമായത്. 486 രൂപത വൈദികര്‍ വിവിധ രംഗങ്ങളില്‍ കര്‍മനിരതരായിരിക്കുന്നു.
ലത്തീന്‍ രൂപതകളില്‍ ഉള്‍പ്പെടെ 30 ബിഷപ്പുമാരുടെ മാതൃരൂപതയാണ് പാലാ. ഇവിടെ വിശ്വാസജ്വാല സ്വന്തമാക്കിയ 2700ലേറെ വൈദികരും 12,000 സിസ്റ്റേഴ്സും നൂറിലേറെ രാജ്യങ്ങളിലായി വ്യത്യസ്തമായ മിഷന് ശുശ്രൂഷകള്‍ അര്‍പ്പിക്കുന്നു. അനാഥര്‍ക്കും രോഗികള്‍ക്കും വിശക്കുന്നവര്‍ക്കും അത്താണിയായി ഇവര്‍ അര്‍പ്പിക്കുന്ന സേവനശുശ്രൂഷകള്‍ എത്രയോ മഹത്തരം.
ഏഷ്യയിലെ ഏറ്റവും വലിയ അത്മായ പ്രേക്ഷിത സംഘടനയായ ചെറുപുഷ്പ മിഷന് ലീഗ് സ്ഥാപിതമായത് ഭരണങ്ങാനത്താണ്. വിശുദ്ധിയുടെ പരിമളം പരത്തുന്ന പാലാ രൂപത ഒരു നിര പുണ്യസൂനങ്ങളുടെ മാതൃഗേഹമാണ്.
വിശുദ്ധ അല്‍ഫോന്‍സാമ്മ, വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്, ധന്യന്‍ കദളിക്കാട്ട് മത്തായിയച്ചന്‍, ദൈവദാസന്മാരായ മാര്‍ മാത്യു കാവുകാട്ട്, ഫാ. ബ്രൂണോ കണിയാരകത്ത് സിഎംഐ, സിസ്റ്റര്‍ മേരി കൊളോത്ത് ആരംപുളിക്കല്‍ എഫ്സിസി, ഫാ. ആര്‍മണ്ട് മാധവത്ത് കപ്പുച്ചിന്‍ എന്നിവരുടെ പാദസ്പര്‍ശമുള്ള ധന്യഭൂമി. സിഎംഐ ആശ്രമസ്ഥാപനത്തിനു മുന്നോടിയായി വിശുദ്ധ ചാവറയച്ചന് മുത്തോലിയിലെത്തിയിരുന്നു.
പൗരാണികതയും പാരമ്പര്യവും ഏറെയുണ്ട് കുറവിലങ്ങാട്, മുട്ടുചിറ, ചേര്‍പ്പുങ്കല്‍, അരുവിത്തുറ, പാലാ ദേവാലയങ്ങള്‍ക്കും ഇവിടത്തെ തലമുറകള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും. വിദ്യഭ്യാസം, ആതുരശുശ്രൂഷ എന്നിവയില്‍ രൂപതയുടെ സേവനവും സംഭാവനയും നിസ്തുലമാണ്. വിവിധ രംഗങ്ങളില്‍ പ്രതിഭാശാലികളെ വാര്‍ത്തെടുത്ത മഹാവിദ്യാലയങ്ങളാണ് പാലാ സെന്റ് തോമസ്, അല്‍ഫോന്‍സാ കോളജുകള്‍. സെന്റ് തോമസ് ട്രെയിനിംഗ് കോളജ് ഒട്ടേറെ അധ്യാപകരുടെ പരിശീലന കേന്ദ്രമാണ്.
ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എന്‍ജിനിയറിംഗ് കോളജും ഹോട്ടല്‍ മാനേജ്മെന്റ് കോളജും ഉള്‍പ്പെടെ അഞ്ഞൂറിലേറെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ രൂപതയിലുണ്ട്. ആതുരശുശ്രൂഷയില്‍ മുന്‍നിരയിലുള്ള ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റി രൂപതയുടെ മറ്റൊരു ചുവടുവയ്പ്പാണ്.
മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ജോസഫ് കണിയോടിക്കല്‍ എന്നിവരാണ് വികാരി ജനറാള്‍മാര്‍. ഫാ. ജോസഫ് കുറ്റിയാങ്കല്‍ ചാന്‍സലറും ഫാ. ജോസഫ് മണര്‍കാട്ട് വൈസ് ചാന്‍സലറും ഫാ. ജോസഫ് മുത്തനാട്ട് പ്രൊക്യുറേറ്ററുമാണ്.