കാപ്പ ചുമത്തി നേതാവിനെ നാടു കടത്തി ; കള്ളക്കേസെന്ന ആരോപണവുമായി
ഡിവൈഎഫ്ഐ
Sunday, July 21, 2024 1:16 AM IST
അടൂര്‍: കാപ്പ ചുമത്തി ഡിവൈഎഫഐ നേതാവിനെ നാടുകടത്തി. ഡിവൈഎഫ്ഐ തുവയൂര്‍ മേഖലാ സെക്രട്ടറി അഭിജിത്ത് ബാലനെതിരേയാണ് കഴിഞ്ഞ ജൂണ്‍ 27ന് കാപ്പ ചുമത്തി ഉത്തരവ് വന്നത്.
എന്നാല്‍ ഇതിനെതിരേ ഡിവൈഎഫ്ഐ പരസ്യ നിലപാട് എടുത്തതോടെ ഉത്തരവ് പോലീസ് ഉന്നതരും രഹസ്യമാക്കി. എസ്എച്ച്ഒ വ്യക്തിപരമായ വിരോധം കാരണം അഭിജിത്ത് ബാലനെതിരേ കള്ളക്കേസ് എടുത്തുവെന്ന ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്തു വന്നു.
ഇതേത്തുടര്‍ന്ന് ഉത്തരവ് മാധ്യമങ്ങളില്‍ വാര്‍ത്ത നല്കുന്നതില് നിന്ന് ഒളിപ്പിച്ചുവച്ചിരിക്കുകയാണ്. പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ പ്രവേശിക്കുന്നതിന് ആറു മാസത്തേക്കാണ് അഭിജിത്തിനെ വിലക്കിയിരിക്കുന്നത്.
അതേ സമയം, കാപ്പ ചുമത്താന്‍ വേണ്ടി അഭിജിത്തിനെതിരേ കള്ളക്കേസ് എടുത്തുവെന്നും ഇത് പുനരന്വേഷിക്കണമെന്നുമാണ് ഡിവൈഎഫ്ഐയുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി അഭിജിത്ത് ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.
രണ്ടു വര്‍ഷത്തിനുള്ളില്‍ നാലു ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് എതിരേയാണ് കാപ്പ ചുമത്തുന്നത്. ജില്ലയില്‍ ഏറ്റവുമധികം കാപ്പ കേസുകള്‍ ഉണ്ടായിട്ടുള്ളത് അടൂര്‍ സ്റ്റേഷന് പരിധിയിലാണ്. അഭിജിത്തിനെതിരേ രണ്ടു വര്‍ഷത്തിനിടെ നാലു ക്രിമിനല്‍ കേസുകളുണ്ട്.
ഏറ്റവുമൊടുവിലായി കഴിഞ്ഞ ഏപ്രില്‍ 19 നാണ് രണ്ടു കേസ് രജിസ്റ്റര്‍ ചെയ്തത്. അന്ന് വൈകുന്നേരം 4.30ന് നെല്ലിമൂട്ടില്‍പ്പടിയിലെ സിഗ്നലിന് സമീപം കൊല്ലം സ്വദേശികളെ കാര്‍ തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയും തടസം പിടിക്കാന്‍ ചെന്ന ഹോം ഗാര്‍ഡിനെ കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഈ സംഭവത്തോടെ അഭിജിത്തിനെ അറസ്റ്റ് ചെയ്ത് പോലീസ് കാപ്പ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
എന്നാല്‍ സംഭവം നടക്കുമ്പോള്‍ അഭിജിത്ത് സ്ഥലത്തില്ലെന്നാണ് വാദം. നെല്ലിമൂട്ടില്‍പ്പടിയില്‍ വച്ചാണ് മര്‍ദനം നടന്നത്. ഈ സമയം അഭിജിത്തിന്റെ മൊബൈല്‍ കാണിച്ചിരുന്നത് ബൈപാസിലാണ്. ഈ സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് അഭിജിത്തിനെ കള്ളക്കേസില്‍ കുടുക്കിയെന്ന് നേതാക്കള്‍ ആരോപിക്കുന്നത്. ഇതില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം.
സ്ഥലത്തില്ലാത്തയാളെ കള്ളക്കേസില്‍ കുടുക്കിയെന്നും ഇവര്‍ പറയുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കഴിഞ്ഞയിടെ പത്തനംതിട്ടയില്‍ മന്ത്രി വീണാ ജോര്‍ജിന്റെയും സിപിഎം ജില്ലാ സെക്രട്ടറിയുടെയും സാന്നിധ്യത്തില്‍ കാപ്പ ചുമത്തപ്പെട്ടയാളെ സിപിഎമ്മില്‍ അംഗത്വം നല്‍കിയത് ഏറെ വിവാദമായതിനു പിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കാപ്പ ചുമത്തി പുറത്താക്കിയ വിവരവും പുറത്തുവരുന്നത്.