വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ ലഭിച്ചില്ല; ഗൃഹനാഥൻ മരിച്ചു
Saturday, July 20, 2024 2:12 AM IST
തിരുവല്ല: അപ്പർകുട്ടനാട്ടിലെ വെള്ളക്കെട്ടു കാരണം യഥാസമയം ആശുപത്രിയിലെത്തിക്കാനാകാതെ ഗൃഹനാഥൻ മരിച്ചു. പെരിങ്ങര ഗണപതിപുരം ആര്യഭവനിൽ പ്രസന്നകുമാറാണ് (69) മരിച്ചത്.
കാവുംഭാഗം-ചാത്തങ്കരി റോഡിലെ ഗണപതിപുരം ജംഗ്ഷനിൽ നിന്നും നെടുമ്പ്രം പഞ്ചായത്തിലെ വൈക്കത്തില്ലത്തേക്ക് പോകുന്ന പ്രധാന റോഡിൽ കഴിഞ്ഞ ദിവസങ്ങളിലെ മഴയേ തുടർന്ന് വെള്ളം കയറിയിരുന്നു.
ഗണപതിപുരം പാലം മുതൽ ഉള്ള 500 മീറ്ററോളം വരുന്ന വെള്ളക്കെട്ടു കാരണം പ്രസന്നകുമാറിനെ യഥാസമയം ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞില്ല. വ്യാഴാഴ്ച രാത്രി പത്തരയോടെ നെഞ്ചുവേദന അനുഭവപ്പെട്ട പ്രസന്നകുമാറിനെ സമീപവാസികളായ നാലുപേർ ചേർന്ന് മൂന്നടിയിലേറെയുള്ള വെള്ളക്കെട്ടിലൂടെ ചുമന്ന് ഗണപതി പുരം ജംഗ്ഷനിൽ എത്തിച്ച് വാഹനത്തിൽ ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്രാമധ്യേ മരിച്ചു.
ഭാര്യ: പരേതയായ വത്സല പ്രസന്നൻ. മക്കൾ: മായ, ആര്യ. മരുമക്കൾ: ശ്രീകുമാർ, ബിജു. സംസ്കാരം നാളെ 11ന് വീട്ടുവളപ്പിൽ.
കഴിഞ്ഞദിവസം മേപ്രാലിൽ വെള്ളക്കെട്ടിലേക്ക് പൊട്ടിവീണ വൈദ്യുത ലൈനിൽനിന്നും ഷോക്കേറ്റ് റെജി (48 ) മരിച്ചിരുന്നു.