ടി.പി. കേസിലെ പ്രതികൾക്ക് ശിക്ഷായിളവ്; വീഴ്ചയും ചോർച്ചയും അന്വേഷിക്കാൻ ഡിഐജിമാർ
Friday, July 19, 2024 1:41 AM IST
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് ലംഘിച്ചു ടി.പി. ചന്ദ്രശേഖരനെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള ജയിൽ- പോലീസ് ഉദ്യോഗസ്ഥരുടെ നീക്കവും ഇതു ചോരാനിടയായ സാഹചര്യവും അന്വേഷിക്കാൻ നിർദേശം.
ജയിൽ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തെ വീഴ്ചകൾ ജയിൽ ആസ്ഥാനത്തെ ഡിഐജിയും പോലീസ് വീഴ്ചകൾ കണ്ണൂർ റേഞ്ച് ഡിഐജിയുമാണ് അന്വേഷിക്കുന്നത്. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും ആഭ്യന്തര വകുപ്പിന്റെ ഉത്തരവിലുണ്ട്.
20 വർഷം ശിക്ഷ അനുഭവിക്കാതെ ഇളവിനു പരിഗണിക്കരുതെന്ന ഹൈക്കോടതി ഉത്തരവുണ്ടായിരിക്കെയാണ് ടി.പി കേസിലെ പ്രതികൾക്ക് ശിക്ഷായിളവിനായി ജയിൽ ഉദ്യോഗസ്ഥർ പോലീസ് റിപ്പോർട്ട് തേടിയത്.
സംഭവത്തിൽ മൂന്ന് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്.ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-1 ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ജയിൽ സൂപ്രണ്ട് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ കത്തും ജയിൽ ആസ്ഥാനത്തേക്ക് സൂപ്രണ്ട് നൽകിയ വിശദീകരണവും മാധ്യമങ്ങൾക്ക് ലഭിച്ചത് സംബന്ധിച്ചും അന്വേഷിക്കാൻ നിർദേശമുണ്ട്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ശിക്ഷായിളവിന് പരിഗണിക്കേണ്ട തടവുകാരുടെ പട്ടിക ജയിൽ മേധാവി സർക്കാരിനു നൽകിയിരുന്നു. ഇതിലാണ് ടി.പി കേസിലെ പ്രതികൾ ഉൾപ്പെട്ടത്.
ഹൈക്കോടതി ഉത്തരവുപ്രകാരം ഇവർക്ക് ശിക്ഷായിളവിന് അർഹതയില്ല. ഇവരുടെ ശിക്ഷായിളവു സംബന്ധിച്ച് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് പോലീസ് റിപ്പോർട്ട് തേടിയത് മാനദണ്ഡപ്രകാരമല്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.