കുഫോസ് വിസി നിയമനം: സെലക്ഷന് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണറുടെ നടപടിക്കു കോടതി സ്റ്റേ
Friday, July 19, 2024 1:40 AM IST
കൊച്ചി: കുഫോസ് വിസി നിയമനത്തിനായി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ‘സേര്‍ച്ച് കം സെലക്ഷന് കമ്മിറ്റി’ രൂപീകരിച്ച നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. സെലക്ഷന് കമ്മിറ്റി പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ തുടര്‍നടപടികള്‍ ഒരു മാസത്തേക്കാണ് ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന് സ്റ്റേ ചെയ്തത്.
സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. രണ്ടാഴ്ചയ്ക്കകം ചാന്‍സലര്‍ അടക്കമുള്ളവര്‍ മറുപടി സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജിയില്‍ വിശദവാദം കേള്‍ക്കേണ്ടതുണ്ടെന്നു വ്യക്തമാക്കിയ കോടതി, യുജിസിയെ കേസില്‍ സ്വമേധയാ കക്ഷി ചേര്‍ത്തു.
ഡോ. കെ. റെജി ജോണിനെ വൈസ് ചാന്‍സലറായി നിയമിച്ചത് ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു. പുതിയ വിസിയെ നിയമിക്കാതിരുന്നതിനെത്തുടര്ന്ന് കഴിഞ്ഞ ഫെബ്രുവരി രണ്ടിന് വിസിയെ നിയമിക്കുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ പ്രതിനിധിയെ നല്‍കണമെന്നാവശ്യപ്പെട്ട് ചാന്‍സലര്‍ സര്‍ക്കാരിന് കത്ത് നല്കി.
ചാന്‍സലര്‍ക്ക് ഇതിനുള്ള അധികാരമില്ലെന്നും സര്‍ക്കാരാണ് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കേണ്ടതെന്നും കാട്ടി സര്‍ക്കാര്‍ മറുപടി നല്‍കിയെങ്കിലും വിസി നിയമനത്തിനായി ജൂണ്‍ 28ന് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ചാന്‍സലര്‍ വിജ്ഞാപനമിറക്കുകയായിരുന്നു.
സെലക്ഷന് കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം ചാന്‍സലര്‍ വിസിയെ നിയമിക്കണമെന്നല്ലാതെ സെർച്ച് കമ്മിറ്റി ആര് രൂപീകരിക്കണമെന്നത് കുഫോസ് ആക്ടിലോ യുജിസി ആക്ടിലോ പറയുന്നില്ലെന്നാണ് സര്‍ക്കാർ വാദം.