പുന:സംഘടനയുമായി മുന്നോട്ടു നീങ്ങാനാകാതെ കോൺഗ്രസ്
Sunday, July 14, 2024 12:51 AM IST
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ മുഖ്യഅജൻഡയാക്കി വയനാട്ടിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ കെപിസിസി ക്യാന്പ് എക്സിക്യൂട്ടീവ് ചേരുന്പോഴും സംഘടനാ പുന:സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുന്നോട്ടു നീങ്ങാനാകാതെ കോണ്ഗ്രസ് സംസ്ഥാന ഘടകം. കെപിസിസി തലത്തിൽ പുന:സംഘടന നടന്നപ്പോഴും കെപിസിസി സെക്രട്ടറിമാരെ തീരുമാനിക്കാൻ സാധിച്ചിരുന്നില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കായി മുൻപ്രസിഡന്റിന്റെ കാലത്തു നിയമിച്ച സെക്രട്ടറിമാരെ താത്കാലികമായി നിയമിക്കുകയായിരുന്നു. ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിച്ചെങ്കിലും അവിടെയും മറ്റു ഭാരവാഹികളായിട്ടില്ല. ചില ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്ന് ആവശ്യമുയർന്നെങ്കിലും അതിനും ഇതുവരെ സാധിച്ചിട്ടില്ല.
തെരഞ്ഞെടുപ്പു മത്സരത്തിനായി താത്കാലികമായി കെപിസിസി പ്രസിഡന്റ് പദവിയിൽ നിന്നു മാറിനിന്ന കെ. സുധാകരൻ തെരഞ്ഞെടുപ്പിനു ശേഷം പ്രസിഡന്റ് പദവിയിലേക്കു മടങ്ങിവന്നതു സംബന്ധിച്ചു നേതൃത്വത്തിൽ ഭിന്നാഭിപ്രായമുണ്ട്. ഇതാണു കൂട്ടായ തീരുമാനങ്ങൾക്കു തടസമാകുന്നതെന്നാണു സൂചന. ഏതായാലും വയനാട്ടിലെ ക്യാന്പ് എക്സിക്യൂട്ടീവിൽ ഈ വിഷയവും ഉയർന്നു വന്നേക്കാം.
വയനാട് ലോക്സഭാ സീറ്റിലേക്കും പാലക്കാട്, ചേലക്കര നിയമസഭാസീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം എപ്പോൾ വേണമെങ്കിലും വരാം. വയനാട്ടിൽ പ്രിയങ്ക ഗാന്ധി സ്ഥാനാർഥിയാകുന്ന സാഹചര്യത്തിൽ ശക്തമായ പ്രചാരണം നടത്തേണ്ടതുണ്ട്. നിയമസഭാ മണ്ഡലങ്ങളിലാകട്ടെ കടുത്ത മത്സരം ഉണ്ടാകുകയും ചെയ്യും. ഈ സാഹചര്യത്തിൽ സംഘടന ഒറ്റക്കെട്ടായി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കണം. പ്രിയങ്ക ഗാന്ധിയുടെ താരസാന്നിധ്യം യുഡിഎഫിനു ഗുണം ചെയ്യുമെങ്കിലും ചേലക്കര പോലെയുള്ള ഇടതുകോട്ടയിലും ബിജെപിക്കു ശക്തിയുള്ള പാലക്കാട്ടും സംഘടനാബലം ഉണ്ടായേ പറ്റൂ.
തദ്ദേശതെരഞ്ഞെടുപ്പിനായി തയാറെടുക്കുന്നതിനാണ് പ്രധാനമായും വയനാട്ടിലെ ക്യാന്പ് എക്സിക്യൂട്ടീവ് സംഘടിപ്പിച്ചിട്ടുള്ളത്. അടുത്ത വർഷം ഒടുവിലാണ് തദ്ദേശ തെരഞ്ഞെടുപ്പു നടക്കുന്നത്. ഓരോ തദ്ദേശസ്ഥാപനത്തിനും കാലേകൂട്ടി നേതാക്കൾക്കു ചുമതല കൊടുക്കുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ ഉണ്ടായേക്കും.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കെപിസിസി സജ്ജമാക്കിയ വാർ റൂമിൽ നിന്നു സംസ്ഥാനത്തെ 24,000 ൽ അധികം ബൂത്ത് കമ്മിറ്റി പ്രസിഡന്റുമാരെയും ടെലിഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഇതിൽ 18,000 ഓളം ബൂത്ത് പ്രസിഡന്റുമാരെ നേരിട്ടു ബന്ധപ്പെടാൻ സാധിച്ചു. നിർജീവമായിരുന്ന മറ്റു ബൂത്തുകളിൽ താത്കാലിക സംവിധാനം ഒരുക്കിയിരുന്നു.
താഴേത്തട്ടിലുള്ള നേതാക്കളുമായി സംസ്ഥാനതലത്തിൽ നിന്നു നേരിട്ടു ബന്ധപ്പെടുന്ന ഈ പരീക്ഷണം വിജയമായാണ് പാർട്ടി കണ്ടെത്തിയിട്ടുള്ളത്. തദ്ദേശതെരഞ്ഞെടുപ്പിനു മുന്നോടിയായി ഇത്തരത്തിൽ താഴേത്തട്ടിൽ സംഘടനയെ സജീവമാക്കുന്നതിനുള്ള നടപടികൾക്കും എക്സിക്യൂട്ടീവ് രൂപം നൽകിയേക്കും.