മെമ്മറി കാര്‍ഡ് പരിശോധനയിലെ പുനരന്വേഷണം; ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന്
ജഡ്ജി പിന്മാറി
Wednesday, May 29, 2024 1:44 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി.
കോടതിയില്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക പോലീസ് സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് അതിജീവത ഹൈക്കോടതിയെ സമീപിച്ചത്.
മെമ്മറി കാര്‍ഡില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നേരത്തേ നല്കിയ ഹര്‍ജി ജസ്റ്റീസ് ബാബുവാണ് പരിഗണിച്ചത്. എന്നാല്‍ പുതിയ പരിഗണനാവിഷയം അനുസരിച്ച് ഇന്ന് ജസ്റ്റീസ് ബദറുദ്ദീന്റെ ബെഞ്ചില്‍ കേസ് ലിസ്റ്റ് ചെയ്തിരുന്നു.
കാരണം വ്യക്തമാക്കാതെ ജഡ്ജി പിന്മാറിയതിനെത്തുടര്ന്ന് അടുത്ത ദിവസം ജസ്റ്റീസ് പി.ജി. അജിത് കുമാര്‍ ഹര്‍ജി പരിഗണിക്കും.
മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പ്രതിഭാഗത്തിന് സഹായകമാകുന്നതാണെന്നത് അടക്കമുള്ള ഗുരുതരമായ ആരോപണവും ഉപഹര്‍ജിയിലുണ്ട്.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അതിജീവിത നല്കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വസ്തുതാന്വേഷണത്തിന് നേരത്തേ ഉത്തരവിട്ടത്.