പി.ജയരാജന് വധശ്രമക്കേസ് ; ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനായില്ലെന്നു കോടതി
Friday, March 1, 2024 2:28 AM IST
കൊച്ചി: സിപിഎം നേതാവ് പി. ജയരാജനെതിരായ വധശ്രമ കേസിൽ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. വീട്ടില്‍ സംഭവം നടക്കുന്പോൾ ഭാര്യ ഉണ്ടായിരുന്നെന്നാണു പറയുന്നതെങ്കിലും നാടന്‍ ബോംബ് പൊട്ടിയതിനെത്തുടര്‍ന്നുള്ള പരിക്കുണ്ടായില്ലെന്നതും ജയരാജന് 11 വെട്ടു കിട്ടിയപ്പോഴും ഭാര്യയുടെ വസ്ത്രത്തില്‍ രക്തക്കറ പുരണ്ടില്ലെന്നതും ഇവരെ കെട്ടിച്ചമച്ച രണ്ടാം സാക്ഷിയായി അവതരിപ്പിച്ചതായി സംശയമുണ്ടാക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഭര്‍ത്താവിനൊപ്പം അവര്‍ ആശുപത്രിയില്‍ പോയിട്ടില്ല. ആശുപത്രിയില്‍ കൊണ്ടുപോയവരെ പ്രോസിക്യൂഷന് സാക്ഷിയാക്കിയിട്ടുമില്ല. ഇതിനു വിശദീകരണവുമില്ല. മറ്റു സാക്ഷികളായ ജയരാജന്റെ സഹോദരിയുടെയും അയല്പക്കക്കാരുടെയും മൊഴികള്‍ വിശ്വസനീയമല്ല. ജയരാജന് ആശുപത്രിയില്‍ വച്ചു മൊഴി നല്‍കിയതായി ഡോക്ടര്‍ പറഞ്ഞെങ്കിലും ഈ മൊഴി തെളിവായി ഹാജരാക്കിയിട്ടില്ല. രാഷ്ട്രീയ വൈരാഗ്യം മൂലം ഒരു സംഘം ആക്രമണം നടത്തിയെന്ന കേസില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല.
ജയരാജന് പ്രതികളെ തിരിച്ചറിഞ്ഞു എന്നതുകൊണ്ടു മാത്രം ശിക്ഷിക്കാനാകില്ല. ശിക്ഷാവിധി സാധൂകരിക്കാവുന്ന മറ്റു തെളിവുകള്‍ ലഭ്യമല്ലെന്നു വ്യക്തമാക്കിയ കോടതി തുടര്‍ന്ന് അഞ്ചുപേരുടെയും ശിക്ഷ റദ്ദാക്കുകയായിരുന്നു.
രണ്ടാം പ്രതി നല്കിയ മൊഴിയെത്തുടര്‍ന്നാണ് രണ്ട് വെട്ടുകത്തിയും രണ്ട് വടിവാളും കണ്ടെടുത്തത്. രണ്ടു വാളുകളിലും ജയരാജന്റേതിനു സമാന ഗ്രൂപ്പില്‍പ്പെട്ട രക്തമുണ്ടായിരുന്നു. ഈ ആയുധങ്ങള്‍ കൊണ്ടുള്ള പരിക്ക് മരണത്തിനു കാരണമാകാവുന്നതായിരുന്നുവെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നുണ്ട്.
ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള പരമാവധി ശിക്ഷയായ പത്തു വര്‍ഷം നല്‍കിയത് സന്തുലിതമല്ലെന്നു നിരീക്ഷിച്ചാണ് വധശ്രമത്തിന് ഒരു വര്‍ഷം സാധാരണ തടവും അഞ്ചു ലക്ഷം പിഴയും വിധിച്ചത്.
ആയുധം കൊണ്ടു പരിക്കേല്‍പ്പിച്ചതിന് ആറു മാസം തടവും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കണം. മറ്റു രണ്ടു വകുപ്പുകള്‍ക്ക് മൂന്നു മാസം വീതം തടവാണു ശിക്ഷ. പിഴത്തുകയായ ആറു ലക്ഷം രൂപ ജയരാജന് നല്‍കാനും ഉത്തരവില്‍ പറയുന്നു.