വിദേശ-സ്വകാര്യ സർവകലാശാല: സർക്കാർ നിലപാട് വ്യക്തമാക്കണമെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ
Thursday, February 29, 2024 12:32 AM IST
കൊച്ചി: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് ഏറെ നിർണായകമായ വിദേശ-സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്ന വിഷയത്തിൽ സംസ്ഥാന സർക്കാർ അവ്യക്തത അവസാനിപ്പിച്ച് നിലപാട് വ്യക്തമാക്കണമെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ.
കേരളത്തിൽ നിലവിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ട കടമയും ഉത്തരവാദിത്തവും സംസ്ഥാന സർക്കാരിനുണ്ട്. സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെമേൽ അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുന്ന അനാവശ്യമായ സർക്കാർ ഉത്തരവുകളും നിയന്ത്രണങ്ങളും നിരോധനങ്ങളും ഒഴിവാക്കണം.
രാജ്യാന്തര കാഴ്ചപ്പാടും മത്സരക്ഷമതയും സാമൂഹ്യബോധവുമുള്ള ഉന്നതവിദ്യാഭ്യാസമേഖല സൃഷ്ടിക്കുന്നതിനായി സമഗ്ര മാറ്റങ്ങളും പൊളിച്ചെഴുത്തും കേരളത്തിൽ അടിയന്തരമായി നടപ്പാക്കണം. ഭരണഘടന ഉറപ്പാക്കുന്ന വിദ്യാഭ്യാസ ന്യൂനപക്ഷ അവകാശങ്ങൾ രാജ്യത്തും സംസ്ഥാനത്തും സംരക്ഷിക്കപ്പെടണമെന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ വ്യക്തമാക്കി.
സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയമം അനുശാസിക്കുന്ന സ്വയംഭരണ അവകാശങ്ങൾ പൂർണമായി നൽകണം. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസമുൾപ്പെടെയുള്ള മേഖലകളിലെ വിവിധ പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്ന ജെ.ബി. കോശി കമ്മീഷൻ മുഴുവൻ റിപ്പോർട്ട് പുറത്തുവിട്ട് കമ്മീഷൻ ശിപാർശകൾ സർക്കാർ അടിയന്തരമായി നടപ്പാക്കണമെന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ആവശ്യപ്പെട്ടു.
പാലാരിവട്ടം പിഒസിയിൽ നടന്ന കേരളത്തിലെ കത്തോലിക്ക മെഡിക്കൽ, എൻജിനിയറിംഗ്, പ്രഫഷണൽ, സ്വകാര്യ, സ്വാശ്രയ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ്, നഴ്സിംഗ്, ബിഎഡ് കോളജുകളുടെ മാനേജർമാരുടെയും പ്രിൻസിപ്പൽമാരുടെയും സംയുക്ത സമ്മേളനം കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു.
ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങൾ ബലി കഴിക്കാൻ ആരേയും അനുവദിക്കില്ലെന്ന് ബിഷപ് പറഞ്ഞു.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് .ജി പാലയ്ക്കാപ്പള്ളി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി അറയ്ക്കൽ, സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. വി. സി. സെബാസ്റ്റ്യൻ, റവ. ഡോ. അനിൽ ജോർജ്, ഡോ. ജിയോ ജോസ് ഫെർണാണ്ടസ്, ഡോ. അൽഫോൻസ വിജയ ജോസഫ്, റവ.ഡോ. റെജി പി.കുര്യൻ എന്നിവർ വിഷയാവതരണങ്ങൾ നടത്തി. ഫാ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി, റവ.ഡോ. കെ എ. മാർട്ടിൻ, റവ.ഡോ. പോളച്ചൻ കൈത്തോട്ടുങ്കൽ എന്നിവർ പ്രസംഗിച്ചു.