ഏബ്രഹാമിന്റെ സന്തതി
Tuesday, December 5, 2023 2:47 AM IST
ഫാ. മൈക്കിള് കാരിമറ്റം
“നീ എന്റെ വാക്കനുസരിച്ചതുകൊണ്ട് നിന്റെ സന്തതിയിലൂടെ ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും’’ (ഉൽപ 22,18).
“നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും’’ എന്ന വാഗ്ദാനം ഇവിടെ ഏബ്രഹാമിന്റെ സന്തതിയിൽ കേന്ദ്രീകരിക്കുന്നു. ഈ പുതിയ വാഗ്ദാനം ലഭിക്കുന്നതിനു മുന്പ് ഏബ്രഹാമിന് അതികഠിനമായ പരീക്ഷണങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു. ആദ്യം ജന്മദേശം ഉപേക്ഷിച്ചുള്ള യാത്ര. തുടർന്നു സ്വപുത്രനെ ബലിയർപ്പിക്കണമെന്ന കല്പന. തന്നെ വിളിച്ചവൻ വിശ്വസ്തനാണെന്ന ബോധ്യത്തിൽ ഏബ്രഹാം ഉറച്ചുനിന്നു. ആ വിശ്വാസവും അനുസരണവും ദൈവത്തിന്റെ മുന്പിൽ പ്രീതികരമായി.
ഏബ്രഹാമിന്റെ അനുസരണവും വിശ്വാസവും ദൈവത്തിന് അജ്ഞാതമായിരുന്നില്ല. എന്നാൽ ഏബ്രഹാമിന് തന്റെ വിശ്വാസത്തിന്റെ ശക്തിയും അനുസരണത്തിന്റെ ആഴവും തിരിച്ചറിയാനും പ്രകടിപ്പിക്കാനും ദൈവം നൽകിയ അവസരമായിരുന്നു ഇത്. എല്ലാം നഷ്ടപ്പെടുന്നു എന്ന് തോന്നുന്പോഴും പ്രത്യാശ കൈവിടാതെ പിടിച്ചുനിൽക്കാൻ ഏബ്രഹാമിനായി. വിശ്വാസത്തിന്റെ ഉദാത്ത മാതൃക. എന്നാൽ, മറ്റൊരു സന്ദേശം കൂടി ഈ വിവരണത്തിനുണ്ട്.
ഏബ്രഹാമിനോട് ദൈവം ആവശ്യപ്പെട്ട ബലി വരാനിരിക്കുന്ന മഹാ ബലിയുടെ പ്രതീകമാണ്. പകരം ബലികഴിക്കാൻ ഒരാട്ടിൻകുട്ടിയുമില്ലാതെ, ഏകജാതനെ ബലികഴിക്കാൻ നൽകിയ ദൈവത്തിന്റെ തന്നെ ചിത്രം ഏബ്രഹാമിന്റെ ബലിയുടെ പിന്നിൽ നമുക്കു കാണാം. “അവനിൽ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു’’ (യോഹ 3,16). അനന്തമായ സ്നേഹത്തിന്റെ പരമമായ പ്രകാശനമാണ് ബലിയർപ്പണം. ത്യാഗമാണല്ലോ സ്നേഹത്തിന്റെ അളവുകോൽ. കാൽവരി ബലിയിൽ സന്പൂർണദാനത്തിന്റെ സമർപ്പണത്തിന്റെ ആവിഷ്കാരമുണ്ട്. അതിന്റെ മുന്നോടിയും പ്രതീകവുമായിരുന്നു ഏബ്രഹാമിനോട് ദൈവം ആവശ്യപ്പെട്ട ബലിയർപ്പണം.
ലോകജനതയ്ക്കാകമാനം അനുഗ്രഹത്തിന്റെ ഉറവിടമാകുന്ന ഏബ്രഹാമിന്റെ സന്തതി വരാനിരുന്ന രക്ഷകനാണ്. “സന്തതി’’ എന്ന വാക്ക് ഏകവചനമാണെന്ന് എടുത്തുപറഞ്ഞ് അതിന്റെ അർഥവും സൂചനയും വിശുദ്ധ പൗലോസ് വ്യക്തമാക്കുന്നുണ്ട്: “വാഗ്ദാനങ്ങൾ ലഭിച്ചത് ഏബ്രഹാമിനും അവന്റെ സന്തതിക്കുമാണ്. പലരെ ഉദ്ദേശിച്ച് സന്തതികൾക്ക് എന്ന് അതിൽ പറഞ്ഞിട്ടില്ല. പ്രത്യുത, ഒരുവനെ ഉദ്ദേശിച്ച് സന്തതി എന്നാണ് പറഞ്ഞിരിക്കുന്നത്. അതു മിശിഹായാണ്’’ (ഗലാ 3,16). ഒരു വലിയ ബലിയർപ്പണത്തിലൂടെയാകും മനുഷ്യരക്ഷ യാഥാർഥ്യമാകുക.
ബലിയർപ്പിക്കപ്പെടുന്നത് ഏബ്രഹാമിന്റെ സന്തതിയായി ജനിക്കുന്ന ദൈവത്തിന്റെ ഏകജാതനായിരിക്കും. ദൈവസ്നേഹത്തിന് ആഴവും വ്യാപ്തിയും പ്രകടമാക്കുന്നതായിരിക്കും ആ ബലിയർപ്പണം.
മനുഷ്യൻ ദൈവത്തിന് നൽകുന്ന കാഴ്ചസമർപ്പണം എന്നതിനേക്കാൾ ദൈവം മനുഷ്യന് നൽകുന്ന ഏറ്റവും മഹത്തായ സമ്മാനമാണ് ഈ ബലി. അതുവഴിയാണ് ലോകജനതയ്ക്കു മുഴുവൻ ദൈവത്തിന്റെ അനുഗ്രഹം, ദൈവികജീവനിൽ ഭാഗഭാഗിത്വം, ദൈവസ്നേഹാനുഭവം എന്നിവ ലഭ്യമാവുക. ഈ ദൈവദാനം അനുസ്മരിക്കുന്നതിനും അതിനൊരുങ്ങുന്നതിനും വേണ്ടി മാറ്റിവച്ചിരിക്കുന്നതാണ് മംഗളവാർത്തക്കാലം.