ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്: ജനസേവന മികവിന്റെ മുഖം
Tuesday, December 5, 2023 2:46 AM IST
കൊച്ചി: സിവിൽ സർവീസിലെ ഔദ്യോഗിക സേവനത്തിനുശേഷം പൊതുരംഗത്തു സജീവമായ ശ്രദ്ധേയ വ്യക്തിത്വമായിരുന്നു ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്. എറണാകുളത്ത് പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായപ്പോഴും പൊതുരംഗത്ത് വിവിധ ഇടപെടലുകൾ നടത്തിയപ്പോഴും ഉദ്യോഗസ്ഥജീവിതത്തിനപ്പുറത്തു സാമൂഹ്യസേവനത്തിനുള്ള സന്നദ്ധതയാണ് ഡോ. ക്രിസ്റ്റി അടയാളപ്പെടുത്തിയത്.
കൊല്ലം സെന്റ് ജോസഫ്സ് എൽപിഎസ്, ക്രിസ്തുരാജ് ഹൈസ്കൂൾ, കൊല്ലം ഫാത്തിമ കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ബിരുദവും ബിരുദാനന്തര ബിരുദവും റാങ്കോടെ പാസായി. എൻസിസിയിലെ പരിശീലനം അദ്ദേഹത്തിൽ രാജ്യസ്നേഹവും സേവനാഭിരുചിയും വളർത്തി. 1973ൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ ചേർന്നു.സർവീസിൽനിന്നു വിരമിച്ചശേഷവും സാമൂഹിക സേവനത്തിന്റെ പാതയിൽ തുടർന്നു. എറണാകുളത്തു താമസിച്ചുകൊണ്ടു വിവിധ സർക്കാർ പദവികളിലും സാമൂഹ്യപ്രവർത്തനങ്ങളിലും നിറഞ്ഞുനിന്നു.
ജെ.ബി. കോശി കമ്മീഷനിൽ അംഗമായാണ് ഒടുവിൽ സേവനം ചെയ്തത്. പുതുതലമുറയെ ഐഎഎസിലേക്കു കൈപിടിക്കാൻ കൊച്ചിയിൽ ഐഎഎസ് അക്കാദമി സ്ഥാപിച്ചു.
നിരവധി പേരെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സേവനത്തിനായി സജ്ജമാക്കിയെന്നതും ഡോ. ക്രിസ്റ്റി ഫെർണാണ്ടസിനെ വ്യത്യസ്തനാക്കി.