കേരളവർമ കോളജ് റീകൗണ്ടിംഗ്: എസ്എഫ്ഐക്കു വിജയം
Sunday, December 3, 2023 1:28 AM IST
തൃശൂർ: ശ്രീ കേരളവർമ കോളജ് യൂണിയൻ ചെയർമാൻസ്ഥാനത്തേക്കുള്ള റീകൗണ്ടിംഗിൽ എസ്എഫ്ഐക്കു വിജയം. എസ്എഫ്ഐ സ്ഥാനാർഥി കെ.എസ്. അനിരുദ്ധൻ മൂന്നു വോട്ടുകള്‍ക്കു ജയിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. റീകൗണ്ടിംഗിൽ അനിരുദ്ധന് 892 വോട്ടും കെഎസ്യു സ്ഥാനാർഥി എസ്. ശ്രീക്കുട്ടന് 889 വോട്ടും ലഭിച്ചു.
നവംബർ ഒന്നിനു നടന്ന തെരഞ്ഞെടുപ്പിലും വോട്ടെണ്ണലിലും ആദ്യം ശ്രീക്കുട്ടൻ ഒരു വോട്ടിനു ജയിച്ചെന്നു പ്രഖ്യാപനം വന്നിരുന്നു. എന്നാൽ, എസ്എഫ്ഐ റീകൗണ്ടിംഗ് ആവശ്യപ്പെട്ടു.
റീകൗണ്ടിംഗിനുശേഷം പതിനൊന്നു വോട്ടുകൾക്കു എസ്എഫ്ഐ സ്ഥാനാർഥി ജയിച്ചെന്നു പ്രഖ്യാപിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ശ്രീക്കുട്ടൻ ഹൈക്കോടതിയെ സമീപിച്ചതും റീപോളിംഗ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയതും. എന്നാൽ, റീ പോളിംഗിനു പകരം റീ കൗണ്ടിംഗ് ആണ് കോടതി നിർദേശിച്ചത്.
ജനാധിപത്യപരമല്ലെന്ന് കെഎസ്യു
തൃശൂർ: കേരളവർമ കോളജിൽ എസ്എഫ്ഐ നേടിയ വിജയത്തെ ജനാധിപത്യപരമായി കാണാൻ കഴിയില്ലെന്നു കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ.
അസാധുവായ വോട്ടുകളുടെ എണ്ണം 23ൽ നിന്ന് 34ലേക്ക് ഉയർന്നത് കൃതൃമത്വത്തിലൂടെ തന്നെയാണെന്നാണു കെഎസ്യു കരുതുന്നത്. വിഷയത്തിൽ നിയമോപദേശം തേടിയശേഷം തുടർ നിയമനടപടികൾ സ്വീകരിക്കുമെനന്ന് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.