ജയിച്ചശേഷം എതിര്‍പാര്‍ട്ടിയെ പിന്തുണയ്ക്കുന്നതു കൂറുമാറ്റമെന്നു ഹൈക്കോടതി
Thursday, November 30, 2023 1:15 AM IST
കൊച്ചി: ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ചശേഷം എതിര്‍പാര്‍ട്ടിയെ പിന്തുണയ്ക്കുന്നത് കൂറുമാറ്റമായി കണക്കാക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ആലപ്പുഴ ജില്ലയിലെ വെളിയനാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന എം.പി. സജീവിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കിയാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ഇക്കാര്യം പറഞ്ഞത്.
വെളിയനാട് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍നിന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ച സജീവ് പാര്‍ട്ടി വിപ്പ് ലംഘിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണച്ചതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണു ഹൈക്കോടതിയുടെ തീരുമാനം.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച സജീവ് ആദ്യ ടേമില്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. പിന്നീട് പാര്‍ട്ടി നല്കിയ കാലാവധി കഴിഞ്ഞതോടെ കോണ്‍ഗ്രസിലെതന്നെ സാബു ചാക്കോയെ പ്രസിഡന്റാക്കാന്‍ പദവിയില്‍നിന്ന് മാറിക്കൊടുത്തു. എന്നാല്‍ സാബുവിനെതിരേ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍ സജീവ് അതിനെ പിന്തുണച്ചു. അവിശ്വാസ പ്രമേയത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അന്നത്തെ ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം. ലിജു വിപ്പ് നല്‍കിയെങ്കിലും ഇതു ലംഘിച്ച് സജീവ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു.
അവിശ്വാസം പാസായതിനെത്തുടര്‍ന്ന് സാബുവിനു സ്ഥാനം നഷ്ടമായി. തുടര്‍ന്ന് ഇടതു പിന്തുണയോടെ സജീവ് പഞ്ചായത്ത് പ്രസിഡന്റായി. സജീവിനെ അയോഗ്യനാക്കാന്‍ എം. ലിജു തെരഞ്ഞെടുപ്പു കമ്മീഷനില്‍ പരാതി നല്‍കിയെങ്കിലും നിയമപ്രകാരമല്ല വിപ്പ് നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി പരാതി തള്ളി. ഇതിനെതിരേയാണ് ലിജു ഹൈക്കോടതിയെ സമീപിച്ചത്.
തന്നെ പാര്‍ട്ടിയാണ് പുറത്താക്കിയതെന്നായിരുന്നു സജീവിന്റെ വാദം. എന്നാല്‍ ഈ വാദം തള്ളിയ ഹൈക്കോടതി സജീവിനെ അയോഗ്യനാക്കി. സജീവിന്റെ പ്രവൃത്തി അയോഗ്യത ക്ഷണിച്ചു വരുത്തുന്നതാണെന്നും ഹൈക്കോടതി പറഞ്ഞു.