കൊച്ചേട്ടന്റെ കത്ത് / ഗാന്ധി, ഗാന്ധിയെ കണ്ടിട്ടില്ല
സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
നിനക്ക് ഭാവിയിൽ ആരായിത്തീരണം? ഈ ചോദ്യം കേൾക്കാത്ത കൂട്ടുകാർ ആരുമുണ്ടാവില്ല. നിനക്ക് ഭാവിയിൽ ആരേപ്പോലെ ആയിത്തീരണം? ഈ ചോദ്യവും കൂട്ടൂകാർക്ക് അപരിചിതമല്ല. ആദ്യത്തെ ചോദ്യത്തിന് പലർക്കും വ്യക്തമായ ഉത്തരമുണ്ടാവില്ല. എന്നാൽ, രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരമായി പലരും പറയുന്നത് ലോകം വാഴ്ത്തുന്ന മഹത് ജന്മങ്ങളുടെ പേരുകളാണ്. ഗാന്ധിജിയെപ്പോലെയാകണം, കലാമിനെപ്പോലെയാകണം. സ്വാമി വിവേകാനന്ദനെപ്പോലെയാണം, മദർ തെരേസയെപ്പോലെയാകണം.... ഇതിൽ ഏതാണ് ഒരു വിദ്യാർഥിയുടെ ശരിയായ ചോദ്യം? ഏതാണ് ശരിയായ കാഴ്ചപ്പാട്.
ഒരു സ്കൂൾ വാർഷികത്തിന്റെ വേദിയിൽ പൂർവവിദ്യാർഥിയായ ഒരു ശാസ്ത്രജ്ഞനെ ആദരിക്കുകയാണ്. ആദരവ് നൽകിക്കൊണ്ട്, ഉദ്ഘാടകൻ വിദ്യാർഥികളോട് ആഹ്വാനം ചെയ്തു. ""ഈ ഗ്രാമത്തിൽനിന്ന്, ഈ വിദ്യാലയത്തിൽനിന്ന് പഠിച്ചുയർന്ന മഹാപ്രതിഭയാണ് ഇന്നിവിടെ ആദരവേറ്റുവാങ്ങുന്നത്. ഈ വിദ്യാലയത്തിലെ എല്ലാ വിദ്യാർഥികൾക്കും ഇദ്ദേഹം മാതൃകയാണ്. എല്ലാ വിദ്യാർഥികളും ഈ മഹാന്റെ പാത പിൻതുടർന്ന് ഇദ്ദേഹത്തെപ്പോലെയാകണം!'' മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. "" എനിക്ക് എന്റെ മാതൃവിദ്യാലയം നൽകിയ ആദരവിനു നന്ദി. എന്നാൽ, വിദ്യാർഥികളോട് എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങൾ എന്നെപ്പോലെയാകരുത്! കാരണം, നിങ്ങൾക്ക് എന്നേപ്പോലെയാകാനാകില്ല. നിങ്ങൾക്ക് നിങ്ങളാകാനേ കഴിയൂ. കഠിനാധ്വാനത്തിലൂടെ, പരാജയങ്ങളെ അതിജീവിച്ച് വിജയം നേടിയവരുടെ പ്രവർത്തനശൈലി നിങ്ങൾക്ക് മാതൃകയാക്കാം, അത്രമാത്രം.''
"അവനെ കണ്ടുപഠിക്ക്, അവളെ കണ്ടുപഠിക്ക്' എന്ന ഉപദേശം കേൾക്കുന്നവരോ, ഉപദേശിക്കുന്നവരോ ആണ് നമ്മിൽ പലരും. പൂർണമായും അസാധ്യമായ ഒരു കാര്യമാണ് മറ്റൊരാളെപ്പോലെയാകുക എന്നത്. പിന്നെ സാധ്യമായിട്ടുള്ളതെന്താണ്? ഒരാൾക്ക് അയാളായിത്തീരുക എന്നതു മാത്രം. ഗാന്ധിജിക്ക് ഗാന്ധിജിയായിത്തീരാൻ, മാതൃകയായി മറ്റൊരു ഗാന്ധിജി ഉണ്ടായിരുന്നില്ല. ഗാന്ധിജി മറ്റൊരാളെ അനുകരിച്ചല്ല മഹാത്മാവായത്. ഡോ. എ.പി.ജെ. അബ്ദുൾകലാമിന് ആരേയും അനുകരിക്കുന്ന ശീലമില്ലായിരുന്നു. വിവേകാനന്ദനോ, മദർ തെരേസയ്ക്കോ, സി.വി. രാമനോ, ടാഗോറിനോ മുൻപിൽ മറ്റു മാതൃകകളില്ലായിരുന്നു. അവർ ആരേയും അനുകരിച്ചില്ല. ആരേപ്പോലെയുമായിത്തീർന്നുമില്ല. അവർ സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞു. സ്വന്തം സാധ്യതകളുടെ ചക്രവാളങ്ങൾ കീഴടക്കി, മഹത്പ്രതിഭകളായി.
വാർഷിക പരീക്ഷകൾ കഴിഞ്ഞ്, കൂട്ടുകാർ അവധിക്കാലത്തേക്ക് കടക്കുകയാണ്. ഉല്ലാസത്തിമിർപ്പിന്റെ ഉത്സവവേളകൾക്കിടയിലും സ്വയം ഉള്ളിലേക്കു കടന്ന്, സ്വന്തം വ്യക്തിത്വത്തിന്റെ സാധ്യതകൾ തിരയണം, ഉൾക്കാഴ്ചകൾ കാണണം. സ്വന്തം ഭാവിയുടെ രൂപരേഖ രൂപപ്പെടുത്തുക എന്നത് സ്വയം തിരിച്ചറിയുന്നവർക്ക് അസാധ്യമല്ല. അന്ധമായി മറ്റുള്ളവരെ അനുകരിക്കുന്നവർ സ്വന്തം വഴി നഷ്ടപ്പെടുത്തുന്നവരാണ്. താരാരാധനയുടെ താളവാദ്യവാദകരാകുന്ന ന്യൂജെൻ ശൈലികളിലെ സ്വത്വനാശ ചരിതത്തിന്റെ ഭാഗമാകരുത് നമ്മൾ. പകരം സ്വയം തിരിച്ചറിയുക. സ്വന്തം ഉയരത്തിന്റെ ഉച്ചിയിലേക്ക് സ്വയം വലിച്ചെറിയുക. മഹാവിജയത്തിന്റെ ഉടമസ്ഥരാവുക.
വിജയാശംസസളോടെ, സ്വന്തം, കൊച്ചേട്ടൻ.
ഡിസിഎൽ കൊല്ലം പ്രവിശ്യാ ക്യാന്പ് ഏപ്രിൽ ഒന്നു മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി
പുനലൂർ: ദീപിക ബാലസഖ്യം കൊല്ലം പ്രവിശ്യയുടെ നേതൃത്വ ത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന ജീവിത ദർശന ക്യാന്പും സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാമും ഏപ്രിൽ ഒന്നു മുതൽ പുനലൂർ കരവാളൂർ ഓക്സ്ഫോർഡ് സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കും.
ഒന്നാതീയതി ഉച്ചകഴിഞ്ഞ് 2.30-ന് രജിസ്ട്രേഷനോടുകൂടി ക്യാന്പ് ആരംഭിക്കും.
വൈകുന്നേരം നാലിന് ചേരുന്ന സമ്മേളനത്തിൽ പുനലൂർ രൂപതാ ബിഷപ് ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ ക്യാന്പ് ഉദ്ഘാടനം ചെയ്യും. സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് ജോർജ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പുനലൂർ എ.എസ്.പി. കാർത്തികേയൻ ഗോഗുല ചന്ദ്രൻ മുഖ്യാതിഥിയായിരിക്കും. പുനലൂർ മുനിസിപ്പൽ ചെയർമാൻ എം.എ. രാജഗോപാൽ, കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ് വി. രാജൻ, വാർഡ് മെംബർ ബിന്ദു എസ്., പ്രവിശ്യാ കോ-ഓർഡിനേറ്റർ സിജു ജോർജ്, പ്രോഗ്രാം ഓർഗനൈസർ അഡ്വ. ഫിജോ ജോസഫ്, പിറ്റിഎ പ്രസിഡന്റ് എസ്. ഗോപകുമാർ, പ്രവിശ്യാ പ്രസിഡന്റ് സിസ്റ്റർ ചെറുപുഷ്പ എസ്ഐസി എന്നിവർ പ്രസംഗിക്കും.
കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ, രാജൻ കോസ്മിക്, റ്റി. സുഭാഷ് ബാബു, സി.ബി. വിജയകുമാർ, ഫാ. ജേക്കബ് ജോൺ, പി.എ. ജോയി ഗുരുക്കൾ, ആർ.ഡി. ഡോൺ, പ്രഫ. കൃഷ്ണൻകുട്ടി, ഡോ. എസ്. ആനന്ദ്, കോട്ടവട്ടം തങ്കപ്പൻ, തുടങ്ങിയവർ ക്ലാസുകൾ നയിക്കും. മൂന്നാംതീയതി ഉച്ചകഴിഞ്ഞ് രണ്ടിനു ക്യാന്പ് സമാപിക്കും.
മേഖലാ ഓർഗനൈസർമാരായ ഡി. ബാബു, കെ. രാജേഷ്കുമാർ, സാജൻ കെ. ഫെർണാണ്ടസ്, ഗീതാ രാജൻ, ജി. ബാബു, ഹരിദാസൻ നായർ, അനിൽ പന്തപ്ലാവ് തുടങ്ങിയവർ ക്യാന്പിനു നേതൃത്വം നൽകും.
ഡിസിഎൽ നേതൃത്വപരിശീലന ക്യാന്പുകൾ
തീയതി പ്രവിശ്യ വേദി
ഏപ്രിൽ 1, 2, 3 കൊല്ലം ഓക്സ്ഫോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കരവാളൂർ
ഏപ്രിൽ 17, 18, 19 മലപ്പുറം ഫാത്തിമമാതാ ഇ.എം.എൽപിഎസ്. തിരൂർ
ഏപ്രിൽ 18, 19, 20 ഇടുക്കി സ്നേഹമന്ദിരം, മുരിക്കാശേരി പടമുഖം
ഏപ്രിൽ 18, 19, 20 തൃശൂർ സെന്റ് എലിസബത്ത് സ്കൂൾ, പൊങ്ങണംകാട്
ഏപ്രിൽ 20, 21, 22 കോഴിക്കോട് സെന്റ് ജോസഫ്സ് യു.പി. സ്കൂൾ, പുല്ലൂരാംപാറ
ഏപ്രിൽ 23, 24, 25, 26 കണ്ണൂർ ദർശന റിട്രീറ്റ് സെന്റർ, പുഷ്പഗിരി, തളിപ്പറന്പ്
ഏപ്രിൽ 26, 27, 28 കോട്ടയം എസ്.എച്ച് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മൂലമറ്റം
ഏപ്രിൽ 26, 27, 28 പത്തനംതിട്ട നിർമ്മല റിന്യൂവൽ സെന്റർ, പൊടിമറ്റം, കാഞ്ഞിരപ്പള്ളി
ഏപ്രിൽ 26, 27, 28 ആലപ്പുഴ മാതാ സീനിയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ
മേയ് 5, 6, 7, 8 വയനാട് സെന്റ് ജോസഫ്സ് കോൺവന്റ് സ്കൂൾ, കല്പറ്റ.