കുളങ്ങളിലെ പായൽ നീക്കാൻ മീനുകളെത്തുന്നു!
കുളങ്ങളിലെ പായൽ നീക്കാൻ മീനുകളെത്തുന്നു!
Wednesday, December 7, 2016 4:35 PM IST
കൊച്ചി: കുളങ്ങളിലെ ആവാസവ്യവസ്‌ഥയ്ക്കു ഭീഷണിയായി വളരുന്ന പായൽ നിർമാർജനം ചെയ്യാനുള്ള പദ്ധതിയുമായി സിഎംഎഫ്ആർഐയുടെ കീഴിലുള്ള കൃഷി വിജ്‌ഞാനകേന്ദ്രം (കെവികെ) രംഗത്ത്. കുളങ്ങളിൽ മീനുകളെ നിക്ഷേപിച്ചാണു പായൽ നശിപ്പിക്കുന്നത്.

പായലുകളും കുളസസ്യങ്ങളും ഭക്ഷണമാക്കുന്ന ഗ്രാസ് കാർപ്പ് മത്സ്യയിനമാണു കെവികെയിലെ വിദഗ്ധരുടെ മേൽനോട്ടത്തിൽ കുളങ്ങളിൽ വളർത്തുന്നത്. പായൽ ക്രമാതീതമായി നിറഞ്ഞുനിൽക്കുന്നതു കുളങ്ങളുടെ ആവാസവ്യവസ്‌ഥയിൽ മാറ്റം വരുത്തുകയും കുളങ്ങൾ ഉപയോഗ ശൂന്യമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണു കെവികെയുടെ പദ്ധതി ശ്രദ്ധേയമാകുന്നത്. പായൽ നിറഞ്ഞ കുളങ്ങളിൽ മത്സ്യകൃഷി അനുയോജ്യമല്ല. പായൽ നശിപ്പിക്കുന്നതോടെ ഇത്തരം ജലാശയങ്ങളുടെ ആവാസവ്യവസ്‌ഥ സംരക്ഷിക്കാനാകും.

കുളസസ്യങ്ങളെ നശിപ്പിക്കാൻ രാസസംയുക്‌തങ്ങളടങ്ങിയ കളനാശിനികൾ വിപണിയിൽ ലഭ്യമാണെങ്കിലും ഇവ ചെലവേറിയതും മത്സ്യങ്ങളുടെ ആവാസവ്യവസ്‌ഥയ്ക്കു ഹാനികരവുമാണ്. ഗ്രാസ് കാർപ്പ് മത്സ്യങ്ങളെ ഉപയോഗിച്ചു ജലസ്രോതസുകൾ പായൽവിമുക്‌തമാക്കുന്ന രീതി ഫലപ്രദമാണെന്നു തെളിഞ്ഞതോടെയാണ് കെവികെ ഈ പദ്ധതി വ്യാപിപ്പിക്കുന്നത്.


ശരാശരി ഒരു ഗ്രാസ് കാർപ്പ് മത്സ്യം ശരീരഭാഗത്തിന്റെ രണ്ടു മുതൽ മൂന്നു മടങ്ങ് അളവു വരെ പായൽ ഭക്ഷണമായി ഉപയോഗിക്കും. ഈ മത്സ്യങ്ങൾ കുളങ്ങളിൽ പ്രജനനം നടത്താത്ത വിഭാഗത്തിൽ ഉൾപ്പെടുന്നതിനാൽ ഇവ പെറ്റുപെരുകുന്ന പ്രശ്നവുമില്ല. ഒരേക്കർ വ്യാപ്തിയുള്ള പായൽ നിറഞ്ഞ കുളം വൃത്തിയാക്കാൻ 20 ഗ്രാസ് കാർപ്പ് മത്സ്യങ്ങൾ മതിയാകും. പദ്ധതിയുടെ ഉദ്ഘാടനം തൃപ്പൂണിത്തുറ പെരുന്നിനാകുളം ചിറയിൽ മത്സ്യങ്ങളെ നിക്ഷേപിച്ചു സിഎംഎഫ്ആർഐ ഡയറക്ടർ ഡോ.എ.ഗോപാലകൃഷ്ണൻ നിർവഹിച്ചു. എറണാകുളം ജില്ലാ കൃഷിവിജ്‌ഞാന കേന്ദ്രം മേധാവി ഡോ.ഷിനോജ് സുബ്രഹ്മണ്യന്റെയും മത്സ്യകൃഷി വിദഗ്ധൻ ഡോ.പി.എ.വികാസിന്റെയും സാങ്കേതിക മേൽനോട്ടത്തിലാണു പായൽ നശീകരണ പദ്ധതി നടപ്പിലാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.