ദേശീയ പൂരക്കളി സെമിനാറിനു തുടക്കമായി
Wednesday, December 7, 2016 4:22 PM IST
പയ്യന്നൂർ: ഉത്തരകേരളത്തിലെ പ്രധാന നാടൻകലയായ പൂരക്കളിയെ ദേശീയശ്രദ്ധയിൽ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാറിന് പയ്യന്നൂർ സംസ്കൃത സർവകലാശാല കാമ്പസിൽ തിരിതെളിഞ്ഞു. ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ എം.സി. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. നമ്മുടെ സാംസ്കാരിക പൈതൃകം നിറഞ്ഞുനിൽക്കുന്ന പൂരക്കളിയും സംസ്കൃത ഭാഷയുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കീഴ്ജാതിക്കാർ ഈ കലയെ പരിപോഷിപ്പിച്ചതിലൂടെ സംസ്കൃതം സവർണരുടെ ഭാഷയായിരുന്നുവെന്ന സങ്കല്പം തെറ്റായിരുന്നുവെന്നാണു തെളിയുന്നത്. സാഹിത്യം, നാട്യശാസ്ത്രം, അഭിനയം, മെയ്യഭ്യാസം, ഭാഷ എന്നിവയുടെ സമന്വയമായ പൂരക്കളി കേരളത്തിന്റെ ചരിത്രത്തിൽ ഇടംപിടിക്കാതെ പോയെന്നും ദിലീപ്കുമാർ അഭിപ്രായപ്പെട്ടു. ഡോ.കെ.കെ.എൻ.കുറുപ്പ് അധ്യക്ഷത വഹിച്ചു. ഡോ.എം.വി.വിഷ്ണു നമ്പൂതിരിയെ പൊന്നാടയണിയിച്ച് ആദരിച്ചു.


നാളെ ഉച്ചകഴിഞ്ഞു 2.30 ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സർക്കാർ സ്‌ഥാപനമായ നാഷണൽ മാനുസ്ക്രിപ്റ്റ് മിഷൻ മുൻകൈയെടുത്താണ് മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ്, പയ്യന്നൂർ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലാകേന്ദ്രം എന്നിവയുടെ സഹകരണത്തോടെ സെമിനാർ സംഘടിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.