ഹരിതം
ഹരിതം
Wednesday, December 7, 2016 4:13 PM IST
അറിയാം, തടയാം ആടുകളിലെ ’വിളർച്ച‘

കേരളത്തിൽ പകുതിയോളം ആടുകളെങ്കിലും വിളർച്ച (anaemia) രോഗബാധിതരാണെന്ന് മണ്ണുത്തി വെറ്ററിനറി കോളജിലെ പ്രിവന്റീവ് മെഡിസിൻ വിഭാഗം നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. പാൽ, മാംസം എന്നിവയുടെ ഉത്പാദനത്തിൽ കുറവുണ്ടാക്കുന്ന വിധം വളർച്ചാ നിരക്ക്, പ്രത്യുത്പാദനശേഷി, രോഗപ്രതിരോധശേഷി എന്നിവയെ വിളർച്ച രോഗം ബാധിക്കുന്നു.

ശരീരത്തുണ്ടാകുന്ന രക്‌തക്കുറവാണ് അനീമിയ ഉണ്ടാക്കുന്നത്. കൃത്യമായി പറഞ്ഞാൽ പലരോഗങ്ങളുടെയും അനന്തരഫലമോ, ലക്ഷണമോ ആണ് വിളർച്ച അഥവാ അനീമിയ വിരബാധ. പോഷകാഹാരത്തിന്റെ ന്യൂനത ചെള്ള്, പേൻ, മണ്ഡരി തുടങ്ങിയ ബാഹ്യപരാദങ്ങൾ, രക്‌തത്തിൽ താമസിക്കുന്ന ബാഹ്യപരാദങ്ങൾ എന്നിവയൊക്കെ വിളർച്ചയ്ക്ക് കാരണമാകുന്നു. എല്ലാ പ്രായത്തിലുള്ള ആടുകളിലും വിളർച്ചയുണ്ടാകാമെങ്കിലും കുട്ടികളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്.

കേരളത്തിന്റെ പ്രത്യേക കാലാവസ്‌ഥയും, വന സമൃദ്ധിയുമൊക്കെ പരാദങ്ങളുടെ വളർച്ചയ്ക്ക് അനുകൂലമാണ്. അതിനാൽതന്നെ പരാദബാധയും, പരാദങ്ങൾ പടർത്തുന്ന രോഗങ്ങളും, അനീമിയയും ഇവിടെ കൂടുതലായി കണ്ടുവരുന്നു.

വിശപ്പില്ലായ്മ, മിനുസം കുറഞ്ഞ രോമങ്ങൾ, ശരീരം മെലിച്ചിൽ, പാൽ കുറയൽ, കിതപ്പ്, തളർച്ച, ചെന പിടിക്കാതിരിക്കൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാം. കണ്ണിന്റെ താഴെയുള്ള ശ്ലേഷ്മസ്തരത്തിന്റെ നിറത്തിലുള്ള വ്യത്യാസം നോക്കി വിളർച്ചയുണ്ടോയെന്ന് കണ്ടെത്താം. വിളർച്ചയുണ്ടെന്ന് കണ്ടെത്തിയാൽ അതിന്റെ കാരണമെന്തെന്നു കണ്ടെത്തുകയാണ് അടുത്തതായി ചെയ്യേണ്ടത്. ചാണകം, രക്‌തം, രോമം എന്നിവ ലാബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കിയാൽ രോഗകാരണം കണ്ടെത്താവുന്നതാണ്.

കൃത്യമായ സമയത്തും അളവിലും വിരമരുന്ന് നൽകുന്നതാണ് വിളർച്ച തടയാനുള്ള പ്രധാന പ്രതിരോധ മാർഗം. കൂടാതെ ചെള്ള്, പേൻ, തുടങ്ങിയ ബാഹ്യ പരാദങ്ങൾക്കെതിരേയും ചികിത്സ വേണം. പോഷകാഹാരം അളവിലും ഗുണത്തിലും കൃത്യമായിരിക്കണം. പെട്ടെന്ന് തിരിച്ചറിയാനാവാത്ത ലക്ഷണങ്ങളോടെ കാണുന്ന വിളർച്ച കർഷകർ അറിയാതെതന്നെ അവർക്ക് സാമ്പത്തിക നഷ്ടം വരുത്തിവെയ്ക്കുന്നതാണ്. അതിനാൽ പ്രതിരോധ നിയന്ത്രണ മാർഗങ്ങൾ തേടേണ്ടതാണ്.
email: drsabinlpm@yahoo.com
ഫോൺ: 9446203839

ഡോ. സാബിൻ ജോർജ് അസിസ്റ്റന്റ് പ്രഫസർവെറ്ററിനറി കോളജ് മണ്ണുത്തി, തൃശൂർ



അറുപതിലെത്തിയ കേരളം; നഷ്‌ടമായ കാർഷികസംസ്കാരം

ഹരിത കേരളം അറുപതാണ്ടു പിന്നിടുമ്പോൾ മണ്ണിനും മനസിനും എത്രയെത്ര മാറ്റങ്ങൾ. പുഴയും പച്ചപ്പാടങ്ങളും കുന്നും കുഴിയും കടലും കായലുമൊക്കെ നിറഞ്ഞ കാഴ്ചയുടെ സമൃദ്ധി കുറയുന്നു.

ഭക്ഷ്യവിഭവങ്ങളാൽ സ്വയംപര്യാപ്തമായിരുന്ന ഭക്ഷ്യകേരളം നാണ്യവിളകളിലേക്കു ചുവടുമാറി. ഗ്രാമീണ ജീവിതം നഗരങ്ങളിലേക്ക് പറിച്ചുനടപ്പെട്ടതോടെ നാട്ടുചന്തകളും നാട്ടുകവലകളും സജീവമല്ലാതായി. പകരം മാളുകളും സൂപ്പർമാർക്കറ്റുകളും ഇടതിങ്ങി വളർന്നു. ഓലപ്പുരകളും ഓടിട്ട തറവാടുകളും ഞാറ്റുപുരയും തൊടിയും തൊഴുത്തുമൊക്കെ നിറഞ്ഞ ഗ്രാമങ്ങളിലൊക്കെ കോൺക്രീറ്റ് മന്ദിരങ്ങളും ഫ്ളാറ്റുകളും ഉയർന്നു. ഓലയും ഓടും ആർക്കും വേണ്ടാത്ത കാലംവന്നു.

അരി ഉൾപ്പെടെ അന്നം മുട്ടാതിരുന്ന കേരളം കറിവേപ്പിലയ്ക്കു വരെ അയൽനാടുകളിലേക്ക് കൈനീട്ടേണ്ട സ്‌ഥിതിയെത്തിയിരിക്കുന്നു. കേരളം അരി വിറ്റിരുന്ന കാലമുണ്ടായിരുന്നുവെന്നോർക്കണം. ആണ്ടു മുഴുവനിലേക്കുമുള്ള കപ്പയും കായ്കനികളും അറപ്പുരകളിൽ കരുതലായുണ്ടായിരുന്നു.

തിന്നാൻ വേണ്ടതൊക്കെയും സ്വന്തമായി ഉത്പാദിപ്പിച്ചിരുന്ന ജീവിത സംസ്കാരം കാർഷികകേരളത്തിനു നഷ്‌ടമായി. കാലചക്രം തെറ്റാതെ മഴയും കുടിവെള്ളവും കുടിനീർ സ്രോതസുകളുമുണ്ടായിരുന്ന നാട് കുപ്പിയിൽ വെള്ളം വിലയ്ക്കു വാങ്ങി കുടിക്കുകയാണ്, രോഗങ്ങളെ ഭയന്ന്്. ഇക്കാലത്ത് എല്ലാറ്റിനും പഴി കാലാവസ്‌ഥാവ്യതിയാനത്തിനുമേൽ ചാരുകയാണ്.

നാടുനീളെ കേരളത്തിന്റെ സമൃദ്ധി വിളിച്ചറിയിച്ചിരുന്ന നാട്ടുചന്തകൾ നാടിന്റെ സ്വയംപര്യാപ്തതയുടെയും കാർഷിക കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്റെയും അടയാളങ്ങളായിരുന്നു. പച്ചക്കറി, വാഴക്കുല, ചേമ്പ്, ചേന, മഞ്ഞൾ, കോഴി, കോഴിമുട്ട, നെല്ല് തുടങ്ങി വിൽക്കാനും വാങ്ങാനുമായി ഓരോ ഗ്രാമത്തിനും സ്വന്തമായ വിപണിയായിരുന്നു ചന്തകൾ. പാലും മോരും തൈരും നെയ്യും തേനുമൊക്കെ വിൽക്കാൻ സ്ത്രീകൾക്കുമുണ്ടായിരുന്നു അവിടെ ഇടം. ഇന്നത്തെ വിലക്കയറ്റത്തിന് പ്രധാന കാരണം വിപണിയുടെ നിയന്ത്രണം കർഷകന് നഷ്‌ടമായി എന്നതാണല്ലോ.


ചന്തകൾ വാങ്ങൽ–വില്പനയുടെ മാത്രമായിരുന്നില്ല ഒരുമിച്ചുകൂടി കാർഷിക ബന്ധം ശക്‌തിപ്പെടുത്തുന്ന കൂട്ടായ്മകൾകൂടിയായിരുന്നു.

ഇന്നത്തേതുപോലെ മൂക്കു പൊത്തി നടക്കേണ്ടവയായിരുന്നില്ല ആ ചന്തകൾ. കൈമാറ്റം കഴിഞ്ഞാലുടൻ കർഷകർ തന്നെ ചന്തയിടം വൃത്തിയാക്കിയേ മടങ്ങിയിരുന്നുള്ളു. അവിടെ കൊതുകും ഈച്ചയും പെരുകിയിരുന്നില്ല.

രാസവളവും രാസകീടനാശിനിയും ചേരാത്ത നാടൻ വിഭവങ്ങൾ ചതിവും വഞ്ചനയുമില്ലാതെ വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്ന ഗ്രാമച്ചന്തകളായിരുന്നു കാർഷികവിപണിയുടെ അടിത്തറ. നാട്ടുവഴികളും കുന്നുകളും ഇടവഴികളും ചോലകളും പുഴകളും താങ്ങി അവ തലച്ചുമടായി ആഴ്ചചന്തകളിൽ എത്തിച്ചിരുന്ന കർഷകർ. വഴിയോരങ്ങളിൽ ചുമടുഭാരത്തിന് ആശ്വാസമായി ചുമടുതാങ്ങികൾ. നടപ്പുകാർക്ക് കുടിക്കാർ സൗജന്യമായി സ്‌ഥാപിച്ചിരുന്ന കൽത്തോണികളും കുടങ്ങളും. ആട്, പശു, കാള, കോഴി തുടങ്ങി വളർത്തുജീവികൾക്കു മാത്രമായുണ്ടായിരുന്നു ഗ്രാമങ്ങൾതോറും ചന്തകൾ.

പണത്തിനു മാത്രമല്ല സാധനത്തിനു പകരം സാധനം കൈമാറ്റം ചെയ്ത് പരസ്പരം സഹായിച്ചുപോന്ന ഒരു സംസ്കാരമാണ് നഷ്‌ടമായത്. ഇരുവർക്കും നഷ്‌ടം വരാതെ നോക്കാനുള്ള ആത്മാർഥത അവർക്കുണ്ടായിരുന്നു. തൂക്കത്തിലും അളവിലും ഗുണത്തിലും ചതിവും തട്ടിപ്പുമുണ്ടായിരുന്നില്ല.

ഉണക്കുകപ്പയും ഉണക്കമീനും വാളൻപുളിയും കുടംപുളിയും തുടങ്ങി നടീൽ വിത്തുകളും തൈകളും കമ്പുകളുമൊക്കെ ആ വിപണിയിൽ സുലഭമായിരുന്നു. വട്ടിയും കുട്ടയും തൂമ്പയും തൂമ്പാക്കഴയും ഉറിയും ഉരലും ഉലക്കയും ആട്ടുകല്ലും അരകല്ലുമൊക്കെ ഗ്രാമചന്തയിലാണ് വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്നത്. മരത്തണലുകളിൽ ഓലമേഞ്ഞ പഴയ ആ ചന്തകളിൽ ഒരു വാങ്ങലിനും വിൽപനയും നികുതി കൊടുക്കേണ്ടിരുന്നില്ല. കിഴക്കൻ മലയോരങ്ങളിൽനിന്നു തലച്ചുടായി എത്തിക്കുന്ന കുരുമുളകും ചുക്കും കാപ്പിക്കുരുവും വിൽക്കാൻ മലഞ്ചരക്കു ചന്തകൾ വേറെ. ഗ്രാമചന്തയിൽ നിന്നും ദേശച്ചന്തകളിലേക്കു നീങ്ങുന്ന കാളവണ്ടികളുടെ നിരനിരയായ നീക്കം കേരളത്തിന്റെ ഓർമക്കിലുക്കമാണ്. മൂടിയുള്ളതും ഇല്ലാത്തതുമായ കാളവണ്ടികളും അതിലോരു റാന്തൽവിളക്കും. ചാട്ടകളുടെ പുളച്ചിലും കാളകളുടെ കുതിപ്പും മറ്റൊരു കാഴ്ച.

പുതുമഴ പെയ്താൽ കാലായൊരുക്കി നടീൽ തുടങ്ങി വേനൽ തുടങ്ങുമ്പോൾ വിളവും വിത്തും സംസ്കരിച്ചു സ്വയംപര്യാപ്തമായിരുന്നു ആ കേരളം. മഞ്ഞുകാലം വരുമ്പോൾ പഴുക്കുന്ന കാപ്പിയും കുരുമുളകും.

കാലവർഷം കനക്കുമ്പോൾ കേരളമെങ്ങും നിറഞ്ഞ പാടങ്ങളിൽ വിത തുടങ്ങുകയായി. മഴ നനഞ്ഞ് കള പറിക്കൽ. ചിങ്ങത്തിനൊപ്പം കൊയ്ത്തും മെതിയും. നിറഞ്ഞ പത്താഴവും നിലവറയും വീടുകളുടെ ഐശ്വര്യമായിരുന്നു. നാഴിയും പറയും പത്താഴവും നെൽപ്പുരയും നാടുനീങ്ങിപ്പോയി. കർഷകനും കർഷിക തൊഴിലാളിയും തമ്മിലുള്ള ബന്ധവും മുറിഞ്ഞു.

പുഴകളും തോടുകളും കായലുകളും താണ്ടി നാളികേരവും നെല്ലും ചാക്കുകെട്ടുകളുമായി നീങ്ങുന്ന കെട്ടുവള്ളങ്ങളുടെ വശ്യമായ കാഴ്ച. കൊല്ലം, ആലപ്പുഴ, കൊച്ചി, കോഴിക്കോട് തുടങ്ങി കടലോരപ്പട്ടണങ്ങളിലേക്ക് എത്രയെത്ര ചങ്ങാടങ്ങളും കെട്ടുവള്ളങ്ങളും തുഴഞ്ഞുപോയിട്ടുണ്ടാകും. നാണ്യവിളകൾ കൃഷിയിടങ്ങളിലേക്കു പരന്നു കയറിയതോടെ ഭക്ഷ്യ സ്വയംപര്യാപ്ത അന്യമായി. നാടിന്റെ തനതായ രുചിയും നിറവും തനിമയുമുള്ള വിത്തുകൾക്കും വംശനാശം സംഭവിച്ചിരുന്നു. നെല്ല്, കപ്പ, പയർ, പാവൽ, വാഴ, കിഴങ്ങ് തുടങ്ങി എല്ലാ ഇനങ്ങളിലുമുണ്ടായിരുന്ന നാടിന്റെ തനതായ ഇനങ്ങൾ തലമുറകൾക്കു കൈമോശം വന്നുപോയി. ഗ്രാമം നഗരങ്ങളിലേക്കു ചേക്കേറിയതോടെ കർഷകരുടെ എണ്ണം കുറഞ്ഞു. ഗ്രാമച്ചന്തകളും ഗ്രാമീണ ഉത്പന്നങ്ങളും വിറ്റഴിക്കാൻ ഇന്നു ഗ്രാമങ്ങളിൽ വിപണിയില്ലാതായി.

തുശ്ചവിലയ്ക്ക് കാർഷികോത്പന്നങ്ങൾ വാങ്ങി ഇന്നു ലാഭം കൊയ്യുന്നത് ഒരുപറ്റം കച്ചവടക്കാരും ഇടനിലക്കാരുമാണ്. അവരാണ് വില നിശ്ചയിക്കുന്നതും വിപണി നിയന്ത്രിക്കുന്നതുമൊക്കെ. പരിഷ്കാരങ്ങൾ കാർഷിക മേഖലയിൽ ഏറെ മുന്നേറിയതായി പറയുന്നുണ്ടെങ്കിലും കർഷകരുടെ വിഭവങ്ങൾ കേടുവരാതെ സംഭരിക്കാനോ വിറ്റഴിക്കാനോ ഉള്ള വിപണി സജ്‌ജീകരണം ഇക്കാലത്തില്ല. വിലയ്ക്കു സ്‌ഥിരതയുമില്ല. ഉത്പാദനം എത്രവരുമെന്നു തീർച്ചയുമില്ല.

അധികം വിളഞ്ഞാൽ മണ്ണിൽ ചീയുകയോ കുഴിച്ചിമൂടുകയോ ചെയ്യേണ്ട ഗതികേടാണ് കർഷകർക്ക്. കേരളം അറുപതാം പിറന്നാളിലെത്തുമ്പോൾ മൂന്നേകാൽ കോടി ജനങ്ങളുടെ വിശപ്പകറ്റാൻ പറ്റിയിട്ടില്ല. ബിപിഎലും എപിഎലും റേഷൻ കാർഡും വെട്ടിത്തിരുത്തുമൊക്കെയാണ് അറുപതാം പിറന്നാളിലെ ഭക്ഷ്യവിശേഷം.

റെജി ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.