പഴയ ഗുമസ്തൻ, പുതിയ ക്ലാർക്ക്
Wednesday, December 7, 2016 4:13 PM IST
കാര്യക്ഷമതയ്ക്കു മുഖമുദ്രയായിരുന്ന ഒരു ഭരണസംവിധാനം 1899 മുതൽ 1905 വരെ ഭാരതത്തിൽ നിലനിന്നിരുന്നു. കഴ്സൺ പ്രഭു ആയിരുന്നു അന്നത്തെ ഗവർണർ ജനറൽ. പോലീസ്, വിദ്യാഭ്യാസം, റവന്യൂ, ജലസേചനം, കൃഷി, റെയിൽവേ, നികുതി, കറൻസി തുടങ്ങിയ മേഖലകളിൽ നിർണായകമായ പരിഷ്കാരങ്ങൾ നടപ്പിൽ വരുത്തിയ ദീർഘവീക്ഷണം ഉണ്ടായിരുന്ന ഒരു ഭരണാധികാരിയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ ഭരണകാലത്ത് എ.പി. ബാനർ എന്ന ഒരു ഗുമസ്തൻ ഒരു നടപ്പു ഫയലിൽ ഒരു നോട്ട് കുറിപ്പെഴുതി മുകളിലേയ്ക്കു സമർപ്പിച്ചു. സെക്്ഷൻ ഓഫീസർ, അണ്ടർ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, സെക്രട്ടറി തുടങ്ങിയ ഉദ്യോഗസ്‌ഥർ ആ ഫയലിൽ വേണ്ട കുറിപ്പുകൾ എഴുതിയതിനുശേഷം ഗവർണർ ജനറലിന്റെ കൗൺസിലിലെ ഒരംഗത്തിനു ഫയൽ സമർപ്പിച്ചു. അദ്ദേഹം ഈ ഫയൽ മറ്റൊരു വകുപ്പിലുള്ളതാണെന്നു കണ്ടുപിടിക്കുകയും ഫയൽ താഴോട്ടുവിടുകയും ചെയ്തു. വീണ്ടും എ.പി. ബാനർജി മറ്റൊരു വകുപ്പുവഴി ഗവർണർ ജനറലിനു ഫയൽ പുനഃസമർപ്പണം ചെയ്തു. രണ്ടുവർഷത്തിനുശേഷം ഫയൽ കഴ്സൺ പ്രഭുവിന്റെ മുമ്പിലെത്തി. അദ്ദേഹം ഫയലിൽ എഴുതി ‘I join with APB’’ഈ ഒരു പരാമർശം ഇവിടെ സൂചിപ്പിച്ചത്, ഒരു സർക്കാർ ഓഫീസിലെ നടപ്പു ഫയലിൽ പ്രധാന തീരുമാനം കൈക്കൊള്ളുന്ന ഉദ്യോഗസ്‌ഥനാണ് ഗുമസ്തൻ അഥവാ ക്ലാർക്ക് എന്നു പറയാനാണ്. അയാളെടുക്കുന്ന തീരുമാനങ്ങൾ സമൂഹത്തിലെ പരിവർത്തനത്തിനു കാരണമാകാം. ദൂരവ്യാപകമായ മാറ്റങ്ങൾക്കു വഴിതെളിക്കാം. അപേക്ഷകനു നീതി ലഭിക്കാം. അഥവാ ലഭിക്കാതിരിക്കാം. ഒരു ഫയലിലെ പ്രഥമ തീരുമാനം ക്ലാർക്കിന്റേതാണ്.

രണ്ടുതരം ക്ലാർക്കുമാരാണ് ഇന്നുള്ളത്. ലോവർ ഡിവിഷൻ ക്ലാർക്കും അപ്പർ ഡിവിഷൻ ക്ലാർക്കും. അവരിൽ നിന്ന് ഉദ്യോഗക്കയറ്റം ലഭിക്കുമ്പോൾ ഹെഡ് ക്ലാർക്ക് അഥവാ ജൂനിയർ സൂപ്രണ്ട് തസ്തിക ലഭിക്കും. സെക്രട്ടേറിയറ്റ്, പബ്ലിക് സർവീസ് കമ്മീഷൻ, അഡ്വക്കറ്റ് ജനറൽ ഓഫീസ്, ലോക്കൽ ഫണ്ട് ഓഡിറ്റ്, സർവകലാശാലകൾ, ബോർഡുകൾ, സർക്കാർ കോർപറേഷനുകൾ തുടങ്ങിയ സ്‌ഥാപനങ്ങളിലെ ക്ലാർക്കുമാരെ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് എന്നും അസിസ്റ്റന്റ് ഗ്രേഡ് ഒന്ന് എന്നുമാണ് അറിയപ്പെടുന്നത്. സെക്രട്ടേറിയറ്റ്, പബ്ലിക് സർവീസ് കമ്മീഷൻ തുടങ്ങിയ സ്‌ഥാപനങ്ങളിലെയും പോലീസ്, രജിസ്ട്രേഷൻ, സൈനികക്ഷേമം, പട്ടികജാതി ക്ഷേമം, സാമൂഹ്യക്ഷേമം, കായിക യുവജനക്ഷേമം, ജലഗ താഗതം, സ്റ്റേഷനറി വിദ്യാഭ്യാസം, ആരോഗ്യം, വനം, വിനോദസഞ്ചാരം, മൃഗസംരക്ഷണം തുടങ്ങിയ സർക്കാരിന്റെ വിവിധ വകുപ്പുകളിലെയും ഓഫീസ് പ്രവർത്തനത്തിനു സാരമായ വ്യത്യാസമുണ്ട്. അസിസ്റ്റന്റ് ഗ്രേഡ് രണ്ടിന് ബിരുദമാണു മിനിമം യോഗ്യത. എന്നാൽ, ക്ലാർക്കിനു പത്താംക്ലാസ് മതി.

ഓഫീസ് ജോലി

വിദ്യാഭ്യാസം, ആരോഗ്യം പോലുള്ള വകുപ്പുകൾക്കെല്ലാം ലളിതമായ ഭരണസംവിധാനമാണുള്ളത്. ഒരു വകുപ്പിൽ ഒരു കടലാസ് കിട്ടി അത് തീർപ്പാകുന്നതുവരെയുള്ള പ്രവർത്തനത്തിനു ചുക്കാൻ പിടിക്കുന്നത് ലോവർ ഡിവിഷൻ ക്ലാർക്കുമാരാണ്. പോസ്റ്റ്മാൻ വഴിയോ നേരിട്ടോ ഒരു ഓഫീസിൽ ലഭിക്കുന്ന കടലാസുകൾ (നിവേദനങ്ങൾ, പരാതികൾ, അഭിപ്രായങ്ങൾ മുതലായവ) ഓഫീസ് തലവന്റെ സാന്നിധ്യത്തിൽ പൊട്ടിക്കുകയും കിട്ടിയ തീയതി വച്ച് അതിൽ മുദ്ര പതിക്കുകയും ചെയ്യുന്നു. രഹസ്യസ്വഭാവമുള്ള കത്തുകൾ ഓഫീസ് തലവൻ തന്നെ നേരിട്ട് തുറക്കുന്നു.

പരാതിയോ നിവേദനമോ അഭിപ്രായമോ എഴുതിയിട്ടുള്ള കടലാസുകൾ സെക്്ഷൻ തിരിച്ച് നമ്പരിടുകയും ബന്ധപ്പെട്ട സൂപ്രണ്ടുമാർക്കു പ്യൂൺ വഴി അല്ലെങ്കിൽ തപാൽ ക്ലാർക്കുവഴി കൈമാറുകയും ചെയ്യുന്നു. സൂപ്രണ്ട് ഓരോ ഫയലും പരിശോധിച്ച് തന്റെ കീഴിലുള്ള ഗുമസ്തന്മാർക്ക് അതു സെക്്ഷൻ തിരിച്ചു വിതരണം ചെയ്യുന്നു. സൂപ്രണ്ടിന്റെ കീഴിൽ എ, ബി, സി, ഡി, ഇ എന്ന ക്രമത്തിൽ സെക്്ഷനുകൾ വിഭജിച്ചിട്ടുണ്ടാകും. ഓരോ സെക്്ഷന്റെയും അധിപൻ അതതു ക്ലാർക്കുമാരാണ്.

ബന്ധപ്പെട്ട സെക്്ഷൻ ക്ലാർക്ക് കിട്ടിയ തപാൽ തന്റെ തൻകാര്യപതിവേടിൽ ആവശ്യമായവ എഴുതി ചേർക്കുകയും പതിവേടിൽ നടപ്പ് കുറവുചെയ്യുകയും ചെയ്യുന്നു. ഇടക്കാല പരാമർശങ്ങളുടെ കാര്യത്തിൽ ആവശ്യമായവ തൻകാര്യ പതിവേടിൽ എഴുതിച്ചേർക്കുകയും നക്കലും അതോ ടൊപ്പം ഉള്ള ഉള്ളടക്കങ്ങളും അസൽ പകർപ്പും സെക്്ഷൻ സൂപ്രണ്ടിന് അസൽ പകർപ്പും തയാറാക്കുന്നതിനും അയയ്ക്കുന്നതിനുമായി കൈമാറുകയും ചെയ്യുന്നു.

അയച്ചതിനുശേഷം നക്കലുകൾ അസൽ പകർപ്പ് സെക്്ഷനിൽ നിന്നു മടങ്ങിവരുമ്പോൾ കടലാസുകൾ ശരിയാംവണ്ണം അയച്ചിട്ടുണ്ടോ എന്നു വിഷയം കൈകാര്യം ചെയ്യുന്ന എൽ.ഡി. ക്ലാർക്ക് ഉറപ്പുവരുത്തുകയും കാര്യങ്ങൾക്ക് അന്തിമമായി തീർപ്പ് കൽപ്പിക്കുമ്പോൾ അവയെല്ലാം ഒരുമിച്ച് സൂചിക ചീട്ടിന്റെ ഒരു പകർപ്പു സഹിതം ഓഫീസ് സെക്ഷന് അയയ്ക്കുകയും ചെയ്യുന്നു. മറുപടി അയയ്ക്കേണ്ടതായ എല്ലാ പരാമർശങ്ങളും വിഷയം കൈകാര്യം ചെയ്യുന്ന ഗുമസ്തൻ നടപ്പുഫയലിൽ ഭദ്രമായി സൂക്ഷിക്കുന്നു.

ഒരു പരാതിയിലോ നിവേദനത്തിലോ പരാമർശിച്ചിട്ടുള്ള കാര്യങ്ങൾ നന്നായി പഠിച്ച് അതിന്റെ സംഗ്രഹം ഒരു കുറിപ്പായി മേലധികാരിക്കു സമർപ്പിക്കണം. അതിൽ പരാമർശിച്ചിട്ടുള്ള വിഷയത്തിന്റെ പൂർവചരിത്രം, തീരുമാനം, ആവശ്യമായ സംഗതികൾ, പ്രയോജനകരങ്ങളായ മുൻതീരുമാനങ്ങൾ, ആധാരമായ നിയമങ്ങളിലെയോ ചട്ടങ്ങളിലെയോ പ്രസക്‌തഭാഗങ്ങൾ, വ്യവസ്‌ഥകൾ എന്നിവയും ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കുറിപ്പായിരിക്കണം തയാറാക്കേണ്ടത്.

പ്രസ്താവിക്കപ്പെട്ട വസ്തുതകൾ ഒത്തുനോക്കുന്നതിനും ഉദ്ധരിക്കപ്പെട്ട പ്രമാണരേഖകൾ അസലുമായി പരിശോധിക്കുന്നതിനും കഴിയത്തക്കവിധം നടപ്പുഫയലിന്റെയും മുൻ എഴുത്തുകുത്തുകളുടെയും നിയമങ്ങളുടെയും ഔദ്യോഗിക പ്രസിദ്ധീകരണങ്ങളുടെയും പരാമർശങ്ങൾ സമ്പൂർണമായി തന്നെ ഇവയ്ക്ക് ആധാരമായി നൽകേണ്ടതാണ്. പ്രധാന കാര്യങ്ങളിൽ കീഴ്വഴക്കങ്ങളോ സമാനമായ മറ്റു കാര്യങ്ങളിലെ തീരുമാനങ്ങളോ പരാമർശിച്ചിരിക്കേണ്ടതാണ്. പ്രത്യേകിച്ചും പരിഗണനയിലിരിക്കുന്ന നിർദേശങ്ങൾ മേൽപ്പറഞ്ഞവയുമായി പരസ്പരവിരുദ്ധമാണെങ്കിൽ തുടർച്ചയും പൊരുത്തവും നിലനിർത്തുന്നതിനും തത്തുല്യമോ സമാനമോ ആയ കാര്യങ്ങളെ സംബന്ധിച്ച് ആവർത്തിച്ചിട്ടുള്ള ചർച്ചകൾ വഴി സമയത്തിന്റെ ദുർവ്യയം ഒഴിവാക്കുന്നതിനുമായി അപ്രകാരം ചെയ്തിരിക്കേണ്ടതാണ്.

മുകളിൽ പ്രസ്താവിച്ച ചുമതലകളാണ് ഒരു ലോവർ ഡിവിഷൻ ക്ലാർക്കിന് നിർവഹിക്കാനുള്ളത്. താരതമ്യേന ചെറിയ ഉദ്യോഗവും കുറഞ്ഞ ശമ്പളവുമാണെങ്കിലും ലോവർ ഡിവിഷൻ ക്ലാർക്ക് കൈക്കൊള്ളുന്ന തീരുമാനമായിരിക്കും പലപ്പോഴും മാറ്റമില്ലാതെ അംഗീകരിക്കപ്പെടുന്നത്. ഇന്നത്തെ പല ഓഫീസുകളിലും സെക്ഷൻ ക്ലാർക്കിനും ഓഫീസ് തലവനുമിടയ്ക്കുള്ള ഉദ്യോഗസ്‌ഥർ സാധാരണയായി വിഭിന്നമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതു കുറവാണ്. അതുകൊണ്ട് ഒരു ഓഫീസിന്റെ പ്രവർത്തനത്തിനു പ്രാഥമികമായ സംഭാവനകൾ നൽകുന്ന ഉദ്യോഗസ്‌ഥനാണ് ബ്രിട്ടീഷ് സർക്കാരിന്റെ കാലത്തെ ഗുമസ്തൻ അഥവാ ഇന്നത്തെ ലോവർ ഡിവിഷൻ ക്ലാർക്ക്.

1960 കളിൽ ഒരു ലോവർ ഡിവിഷൻ ക്ലാർക്കിന്റെ ശമ്പള സ്കെയിൽ 40–120 രൂപ ആയിരുന്നു. 1970 കളിൽ ഇത് 60–165 രൂപയായി. കാലങ്ങൾ മാറി, സർക്കാരുകൾ മാറി. ശമ്പളം പുതുക്കുന്നതിനുവേണ്ടി ഓരോ അഞ്ചുവർഷം കഴിയുമ്പോഴും ഓരോ ശമ്പള കമ്മീഷനെ നിയമിക്കുന്ന സ്‌ഥിരം സംവിധാനം ഉണ്ടാവുകയും സിവിൽ സർവീസ് മേഖല ഇന്നു തൃപ്തികരമായി പ്രവർത്തിച്ചുവരികയും ചെയ്യുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ അസൂയാവഹമായ ശമ്പളവർധനയാണ് ഇന്ന് നിലവിലുള്ളത്.


കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തിറക്കിയ പുതിയ വിജ്‌ഞാപനത്തിൽ പുതുക്കിയ ശമ്പള സ്കെയിലായ 19,000–43,600 രൂപയാണ് ലോവർ ഡിവിഷൻ ക്ലാർക്കിന് പ്രഖ്യാപിച്ചിട്ടുള്ളത്. അതായത് തുടക്കത്തിൽ ഒരാൾക്ക് 25,000 രൂപയിൽ കുറയാത്ത ശമ്പളം ലഭിക്കും. പത്താംക്ലാസ് യോഗ്യതയുള്ളവർക്ക് നൽകുന്ന ഉയർന്ന ശമ്പള സ്കെയിലാണിത്. അതുകൊണ്ടാവാം മറ്റ് ഉദ്യോഗങ്ങളെ അപേക്ഷിച്ച് വിവിധ വകുപ്പുകളിലെ ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിലേയ്ക്ക് ഇത്രയധികം അപേക്ഷകർ കടന്നുവരുന്നതും അവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതും.

ഒരു ഏകദേശ കണക്കനുസരിച്ച് 16 ലക്ഷത്തിലധികം അപേക്ഷകർ ഉണ്ടാകും എന്നാണ് ധാരണ. ഇവരിൽ പലരും തൊഴിലില്ലാത്ത ആളുകളല്ല. വിദ്യാർഥികൾ, സ്വകാര്യ സ്‌ഥാപനങ്ങളിൽ പണിയെടുക്കുന്നവർ തുടങ്ങി നിരവധിപേരും ഏതെങ്കിലും സ്‌ഥാപനത്തിൽ പ്രവൃത്തിയിൽ ഏർപ്പെട്ടവരാകും. എല്ലാവർക്കും സർക്കാർ ജോലിയാണാവശ്യം. അതിന്റെ ആകർഷണീയത വലുതാണ.് ജോലി ലഭിച്ചുകഴിഞ്ഞാൽ അത് ഒരു സ്‌ഥിരം ജോലിയാണ്. ഉദ്യോഗക്കയറ്റത്തിനുള്ള സാധ്യതകൾ, എപ്പോൾ വേണമെങ്കിലും അവധിയിൽ പ്രവേശിക്കാം, 20 കാഷ്വൽ ലീവ് അരദിവസം വച്ചെടുക്കാം. കൂടാതെ അർധശമ്പള അവധി, സ്ത്രീകൾക്കാണെങ്കിൽ പ്രസവാവധി, ശമ്പളമില്ലാ അവധി, മെഡിക്കൽ റീ ഇംപേഴ്സ്മെന്റ്, വായ്പാ സൗകര്യങ്ങൾ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ഉണ്ട്. സർവീസ് സഹകരണ സ്‌ഥാപനങ്ങളിൽ അംഗത്വമെടുത്ത് പ്രവർത്തിക്കാം തുടങ്ങി നിരവധി ആനുകൂല്യങ്ങൾ പുറമെ.

നിയമമനുസരിച്ച് സർക്കാർ ഓഫീസിലെ എല്ലാം അംഗങ്ങളും ദിവസേന കാലത്ത് പത്തുമുതൽ വൈകുന്നേരം അഞ്ചുവരെ ഓഫീസിലുണ്ടായിരിക്കണം, ഉച്ചഭക്ഷണത്തിന് 1.15 മുതൽ രണ്ടുവരെ ഇടവേള. വെള്ളിയാഴ്ചകളിൽ പ്രാർഥനയിൽ ഏർപ്പെടുന്ന മുസ്ലിം ജീവനക്കാർക്ക് 12.30 മുതൽ 2.30 വരെ ഇടവേള. ഇത്തരം നിരവധി നിയമങ്ങൾ ഉണ്ടെങ്കിലും നമ്മുടെ ചില സർക്കാരാഫീസുകൾ ആരു വിചാരിച്ചാലും നന്നാക്കാൻ പറ്റാത്ത സ്‌ഥാപനങ്ങളായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ബന്ധപ്പെട്ട കാര്യങ്ങളിൽ തീർപ്പ് കൽപ്പിക്കുന്നതിനുള്ള അനാവശ്യമായ കാലതാമസം ഉചിതമായ തീരുമാനം കൈക്കൊള്ളുന്നതിനുള്ള വൈദഗ്ധ്യക്കുറവ്, സർവീസ് സംഘടനകളുടെ അമിതാവേശം കൊണ്ടുണ്ടാകുന്ന അച്ചടക്ക പ്രശ്നങ്ങൾ തുടങ്ങിയവ സിവിൽ സർവീസ് മേഖലയിൽ പ്രശ്നങ്ങളായി നിലനിൽക്കുന്നു.

ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും പത്താംക്ലാസ് പാസായ ഒരാൾക്ക് പ്രതീക്ഷിക്കാവുന്ന സർക്കാർ ജോലി ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തിക തന്നെയാണ്. ഇ– ഗവേണൻസിന്റെയും സ്മാർട്ട് ഗവേണൻസിന്റെയും കാലത്ത് പത്താംക്ലാസ് വിജയിച്ച ആൾക്കാരെക്കൊണ്ട് എങ്ങനെ സർക്കാർ സർവീസ് കാര്യക്ഷമമാക്കാൻ സാധിക്കും എന്നു ചിന്തിക്കേണ്ടതുണ്ട്. ബിരുദാനന്തര ബിരുദം നേടി ഉയർന്ന യോഗ്യതയുള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാമെന്ന് പിഎസ്്സി വ്യക്‌തമാക്കിയിട്ടുണ്ട്. എന്നാൽ, അത്തരം ആളുകൾ അവരുടെ യോഗ്യതയക്കനുസരിച്ച തൊഴിൽ ലഭിക്കുമ്പോൾ സർക്കാർ സർവീസ് ഉപേക്ഷിച്ചുപോകും. പത്താംക്ലാസ് യോഗ്യത നിശ്ചയിച്ചിട്ടുള്ള തസ്തികയിൽ ഉയർന്ന ബിരുദമുള്ളവർ അപേക്ഷിക്കുമ്പോൾ പത്താംക്ലാസുകാരുടെ അവസരങ്ങൾ ഒരളവുവരെ നഷ്‌ടപ്പെടുകയും ചെയ്യും. പുതിയ വിജ്‌ഞാപനം പിഎസ്്സി പ്രഖ്യാപിക്കുമ്പോൾ സർക്കാർ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് തോന്നുന്നില്ല. കഴിഞ്ഞതവണ നടത്തിയ പരീക്ഷയിൽ ഇതുവരെ ഉദ്യോഗത്തിനുള്ള മെമ്മോ നൽകിയത് 3738 പേർക്കുമാത്രമാണ്. ആ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇനി ഒരുവർഷവും നാലുമാസവുമാണ്. സർക്കാർ കാലാവധി നീട്ടാനുള്ള സാധ്യതയും തള്ളിക്കളയാനുള്ളതല്ല. എങ്കിലും പിഎസ്്സി സ്മാർട്ട് ഗവേണൻസിന്റെ ഭാഗമായി മുൻകൂട്ടി തന്നെ ഉദ്യോഗാർഥികളുടെ ലിസ്റ്റ് തയാറാക്കാനുള്ള ശ്രമത്തിലാണ്.

പുതിയ പരീക്ഷ

കാറ്റഗറി നമ്പർ 414/2016 വിജ്‌ഞാപനം അനുസരിച്ച് ജൂൺ, ജൂലൈ മാസങ്ങളിലാണു പരീക്ഷ. റവന്യൂ വകുപ്പിലെ സംയോജിത തസ്തികയായ ലോവർ ഡിവിഷൻ ക്ലാർക്ക്/വില്ലേജ് അസിസ്റ്റന്റ് എന്നിവ ഇതിൽപ്പെടും. കേരള മുനിസിപ്പൽ/കോമൺ സർവീസിലെ ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയുടെ ഒഴിവുകളും ഈ വിജ്‌ഞാപനപ്രകാരം ഓരോ ജില്ലയും തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികൾക്ക് നേരിട്ടുള്ള നിയമനം നടത്തുന്നതാണ്. എസ്എസ്എൽസിയിലെ വിജയമാണ് അടിസ്‌ഥാനയോഗ്യത. പ്രായപരിധി 18നും 36നും ഇടയ്ക്ക്. അതായത് 1980 ജനുവരി ഒന്നിനുമുമ്പും 1998 ജനുവരി ഒന്നിനു പിമ്പും ജനിച്ചവരാകാൻ പാടില്ല. ഉയർന്ന പ്രായപരിധിയിൽ വ്യവസ്‌ഥാപിതമായ ചില ഇളവുകൾ ജനറൽ കാറ്റഗറിയിൽ പെടാത്ത വിഭാഗങ്ങൾക്ക് ലഭിക്കും. പിന്നോക്ക വിഭാഗങ്ങൾക്ക് മൂന്നുവർഷവും പട്ടികവർഗ/ജാതിയിൽപ്പെടുന്നവർക്ക് അഞ്ചുവർഷവും. 2016 ഡിസംബർ 28നകം ഓൺലൈനായി www.keralapsc.gov.in എന്ന വെബ്സൈറ്റിലൂടെ വേണം അപേക്ഷ സമർപ്പിക്കുവാൻ.

ജൂൺ, ജൂലൈ മാസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലാ കേന്ദ്രങ്ങളിൽ വച്ചാകും പരീക്ഷ. ഒന്നേകാൽ മണിക്കൂർ ദൈർഘ്യം ഉണ്ടാകും. പൊതുവിജ്‌ഞാനം, സമകാലീന കാര്യങ്ങൾ, കേരള നവോത്ഥാനം, ഇംഗ്ലീഷ്, ഗണിതം, മാനസികശേഷി പരിശോധന, മലയാളഭാഷ തുടങ്ങിയവയാണ് വിഷയങ്ങൾ. കഴിഞ്ഞ ചോദ്യപേപ്പറിന്റെ മാതൃകയിൽ നിന്നും വലിയ മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. 2018 മാർച്ച് മാസത്തിനുമുമ്പ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷ.

എങ്ങനെ അപേക്ഷിക്കാം ?

ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം. യൂസർ ഐഡിയും പാസ്വേർഡും അപേക്ഷകനുണ്ടായിരിക്കണം. അതിലൂടെ വേണം അപേക്ഷിക്കാൻ പ്രത്യേകം അപേക്ഷാഫീസില്ല. പരീക്ഷയ്ക്കുള്ള ഓൺലൈൻ ഹാൾടിക്കറ്റ് കമ്മീഷന്റെ വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്തെടുക്കാം. അപേക്ഷകൾ അപൂർണമെങ്കിൽ നിരസിക്കാനുള്ള സാധ്യതയും ഉണ്ട്. ജില്ലാ തലത്തിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത് .

ധാരാളം പ്രമോഷൻ സാധ്യതകൾ ഉള്ളതാണ് വിവിധ വകുപ്പുകളിലെ എൽഡിസി തസ്തിക. പൊതുവിദ്യാഭ്യാസ വകുപ്പിൽ ക്ലാർക്കായി സേവനം ആരംഭിക്കുന്ന ഒരാൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികവരെ ഉയരാം. ചില വകുപ്പുകളിൽ പ്രമോഷൻ സാധ്യതകൾ കുറവായിരിക്കും. എന്നാൽ സ്‌ഥലംമാറ്റം പോലുള്ള കാര്യങ്ങൾ കുറവായിരിക്കും. മറ്റുപല വകുപ്പുകളിൽ ഡെപ്യൂട്ടേഷനിൽ പ്രവർത്തിക്കാം.

ഇനിയുള്ള ആറുമാസം ഉദ്യോഗാർഥികളെ സംബന്ധിച്ച് തയാറെടുപ്പിന്റെ കാലമാണ്. പതിനാറു ലക്ഷത്തോളം അപേക്ഷകരെ പ്രതീക്ഷിക്കുന്ന ഈ മത്സരപരീക്ഷയിൽ വിജയിക്കണമെങ്കിൽ അസാമാന്യമായ ബുദ്ധിശക്‌തിയും ചിട്ടയായ പരിശീലനവും ഒക്കെവേണം. കോച്ചിംഗ് സെന്ററുകൾ, ഇയർ ബുക്കുകൾ, മുൻകാലങ്ങളിലെ ചോദ്യപേപ്പറുകൾ, പത്രങ്ങളുമായി ബന്ധപ്പെട്ട തൊഴിൽ ലക്ഷ്യമാക്കിയുള്ള പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ സഹായം തേടാം. മുൻകാലങ്ങളിൽ ക്ലാർക്ക് പരീക്ഷയെഴുതി ജോലി ലഭിച്ചിട്ടുള്ളവരുമായും ആശയവിനിമയം നടത്താം.

പ്രഫ. ബി. ചന്ദ്രചൂഡൻ നായർ
(തിരുവനന്തപുരം സെന്റർ ഫോർ കരിയർ ഡവലപ്മെന്റ് സ്റ്റഡീസ് ഡയറക്ടറാണു ലേഖകൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.