റേഷൻ കാർഡിലെ തെറ്റുതിരുത്തൽ: കൂടുതൽ സമയം നൽകണം: മനുഷ്യാവകാശ കമ്മീഷൻ
Thursday, October 27, 2016 12:31 PM IST
തൃശൂർ: റേഷൻകാർഡിലെ തെറ്റുതിരുത്തൽ, പുതുക്കൽ നടപടികൾക്കു കൂടുതൽ സമയം അനുവദിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. നവംബർ അഞ്ചുവരെ സമയം ദീർഘിപ്പിച്ചതായി സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും അർഹരെ പരിഗണിക്കാതിരിക്കാൻ കാരണമാകരുതെന്നും പരാതി പരിഹരിക്കാൻ ആവശ്യമായ സമയം അനുവദിക്കണമെന്നും കമ്മീഷൻ അംഗം പി. മോഹൻകുമാർ നിർദേശിച്ചു.

തൃശൂർ അയ്യന്തോൾ സ്വദേശിനി ആശാലതയുടെ പരാതിയിലാണു നടപടി. ശാരീരിക അവശതയുള്ളവർക്കു പ്രത്യേക പരിഗണന നൽകണം.

ഇതുസംബന്ധിച്ചു സ്വീകരിച്ച നടപടി എന്തെന്നു ചീഫ് സെക്രട്ടറിയും ഭക്ഷ്യ–സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറിമാരും മൂന്നാഴ്ചയ്ക്കകം വിശദീകരിക്കണം. ഒരു വർഷംമുമ്പ് അപേക്ഷ സ്വീകരിക്കലും തെറ്റുതിരുത്തൽ നടപടിയും പൂർത്തിയാക്കിയതാണെന്നും നേരത്തേ സ്വീകരിച്ച തെറ്റുകൂടാതെയുള്ള അപേക്ഷ സർക്കാരിന്റെ കൈവശമുള്ളപ്പോൾ ഇപ്പോൾ തെറ്റുതിരുത്തൽ നടപടികളിലൂടെ ജനങ്ങളെ വലയ്ക്കുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


തെറ്റുകളോടെതന്നെ പട്ടിക പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതു ഗുരുതരമായ വീഴ്ചയാണ്. തെറ്റുകൂടാതെയുള്ള റേഷൻ കാർഡ് ലഭിക്കേണ്ടതു ജനങ്ങളുടെ അവകാശമാണ്. വീഴ്ചവരുത്തിയ ഉദ്യോഗസ്‌ഥർക്കെതിരേ ശിക്ഷണ നടപടി സ്വീകരിക്കണമെന്നും അർഹരായവരെ മാറ്റിനിർത്തുന്നതു മനുഷ്യാവകാശ ലംഘനമാണെന്നും പരാതിയിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.