കുട്ടനാട്ടിലെ പക്ഷിപ്പനി: മനുഷ്യരിലേക്കു പടരുന്നതല്ല: മന്ത്രി കെ. രാജു
കുട്ടനാട്ടിലെ പക്ഷിപ്പനി: മനുഷ്യരിലേക്കു പടരുന്നതല്ല: മന്ത്രി കെ. രാജു
Thursday, October 27, 2016 12:25 PM IST
തിരുവനന്തപുരം: കുട്ടനാട്ടിൽ താറാവുകളെ ബാധിച്ച പക്ഷിപ്പനി മനുഷ്യരിലേക്കു പടരുന്നതല്ലെന്നു മൃഗസംരക്ഷണ മന്ത്രി കെ. രാജു. മുൻ വർഷങ്ങളിൽ ബാധിച്ചപോല ഭീതിജനകമായ തോതിൽ പക്ഷിപ്പനി ബാധിച്ചിട്ടില്ല. 1500ൽ താഴെ താറാവുകളെയാണ് കൊന്നൊടുക്കിയതെന്നു മന്ത്രി പറഞ്ഞു.

എച്ച്5 എൻ1 ഇനത്തിൽപ്പെട്ട വൈറസ് ബാധയാണ് ഉണ്ടായിട്ടുള്ളത്. പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ സർക്കാർ ശക്‌തമായ നടപടികളാണു കൈക്കൊണ്ടിട്ടുള്ളത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്ന് സ്‌ഥിതിഗതികകൾ വിലയിരുത്തി. ആലപ്പുഴയിൽ കൺട്രോൾ റൂം തുറന്നു. 20 ദ്രുതകർമ ടീമുകളുടെ പ്രവർത്തനം ആരംഭിച്ചു. കേന്ദ്രസർക്കാരിന്റെ മാർഗനിർദേശങ്ങൾകൂടി പരിഗണിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.

കൊല്ലുന്ന താറാവിനു നഷ്‌ടപരിഹാരം നല്കും. രണ്ടു മാസത്തിൽ കൂടുതൽ പ്രായമായ താറാവിന് 200 രൂപയാണു നഷ്‌ടപരിഹാരം. രണ്ടു മാസത്തിൽ താഴെ പ്രായമുള്ളതിന് 100 രൂപയും ഒരു മുട്ടയ്ക്ക് അഞ്ചു രൂപയും നഷ്‌ടപരിഹാരം നല്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പാലോട്, തിരുവല്ല എന്നിവിടങ്ങളിലാണ് വൈറസ് പരിശോധനകൾക്കുള്ള സൗകര്യം. കൂടുതൽ പരിശോധനകൾക്കായി സാമ്പിളുകൾ ഭോപ്പാലിലേക്ക് അയച്ചതായി മന്ത്രി അറിയിച്ചു.


ഇത്രയും വർഷങ്ങളായിട്ടും സംസ്‌ഥാനത്ത് വേണ്ടത്ര പരിശോധനാ സൗകര്യങ്ങൾ ഇല്ലാത്തതു ലജ്‌ജാകരമാണെന്നു തോമസ് ചാണ്ടി അഭിപ്രായപ്പെട്ടു.

പക്ഷിപ്പനി സ്‌ഥിരീകരണത്തിനുള്ള പരിശോധന നടത്തുന്നതിനു സംസ്‌ഥാനത്ത് ആധുനികരീതിയിലുള്ള ലബോറട്ടറി സൗകര്യം ഏർപ്പെടുത്തുന്ന കാര്യം സർക്കാർ ഗൗരവമായി പരിശോധിക്കുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രോഗബാധ സ്‌ഥിരീകരിക്കുന്ന താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.