റവ. ഡോ. ജോർജ് കുരുക്കൂരിനു മോൺസിഞ്ഞോർ പദവി
റവ. ഡോ. ജോർജ് കുരുക്കൂരിനു മോൺസിഞ്ഞോർ പദവി
Thursday, October 27, 2016 12:21 PM IST
കോതമംഗലം: സഭാപണ്ഡിതനും കോതമംഗലം രൂപതാംഗവുമായ റവ.ഡോ.ജോർജ് കുരുക്കൂരിനു കത്തോലിക്കാ സഭയുടെ ചാപ്ലയിൻ ഓഫ് ഹോളി ഫാദർ (മോൺസിഞ്ഞോർ) പദവി.

ഗ്രന്ഥകാരൻ, വിവർത്തകൻ, ബഹുഭാഷാ പണ്ഡിതൻ തുടങ്ങിയ നിലകളിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികം കേരളസഭയ്ക്കു നൽകിയ സേവനത്തെ മാനിച്ചാണു ബഹുമതി.

റോമിലെ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിൽനിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് നൺഷ്യേച്ചർ വഴി രൂപത ആസ്‌ഥാനത്തു ലഭിച്ചു. ഡിസംബറിൽ എറണാകുളം പിഒസിയിൽ നടക്കുന്ന കെസിബിസി സമ്മേളനത്തിൽ മോൺസിഞ്ഞോർ പദവിയുടെ സ്‌ഥാനവസ്ത്രങ്ങൾ നൽകി റവ.ഡോ. കുരുക്കൂരിനെ ആദരിക്കും.

1941 മാർച്ച് ഒന്നിനു മാറാടി ഇടവകയിൽ കുരുക്കൂർ യൗസേപ്പ്–അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ച റവ. ഡോ. കുരുക്കൂർ 1967 ഡിസംബർ 16നു പൗരോഹിത്യം സ്വീകരിച്ചു. 1980ൽ കേരള സർവകലാശാലയിൽനിന്നു മലയാളം എംഎ രണ്ടാം റാങ്കോടെ വിജയിച്ചു. മധുര കാമരാജ് സർവകലാശാലയിൽനിന്നു ക്രൈസ്തവ ആരാധനാഭാഷയുടെ അപഗ്രഥനം എന്ന വിഷയത്തിൽ പിഎച്ച്ഡി നേടി.


1990 ജനുവരി മുതൽ കെസിബിസി ആസ്‌ഥാനമായ പിഒസിയിൽ, വത്തിക്കാൻ രേഖകളുടെ വിവർത്തകൻ, പിഒസി പബ്ലിക്കേഷൻസിന്റെ ജനറൽ എഡിറ്റർ എന്നീ നിലകളിൽ സേവനം ചെയ്തുവരികയാണ്. മാർപാപ്പമാരു ടെ ചാക്രിക ലേഖനങ്ങൾ, അപ്പസ്തോലിക പ്രബോധനങ്ങൾ തുടങ്ങി ഇരുന്നൂറോളം ഡോക്യുമെന്റുകൾ വിവർത്തനം ചെയ്തിട്ടുണ്ട്. പിഒസി ബൈബിളിന്റെ തർജമയിലും അദ്ദേ ഹം സഹകാരിയായിരുന്നു.

വേദപാഠ പുസ്തകങ്ങളും സന്മാർഗ പാഠാവലികളും എഡിറ്റ് ചെയ്തിട്ടുണ്ട്. കെസിബിസിയുടെ ഉൾപ്പെടെ വിവിധ പുരസ്കാരങ്ങൾ നേടിയ ‘ക്രൈസ്തവ ശബ്ദകോശം’, സംസ്‌ഥാന സർക്കാരിന്റെ ഹിസ്റ്റോറിക്കൽ കൗൺസിൽ പുരസ്കാരം നേടിയ ‘ഒരു വംശവും പല നാടുകളും’ തുടങ്ങി പത്തോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.