കാരുണ്യ സമാധാന സന്ദേശയാത്ര തുടങ്ങി
Thursday, October 27, 2016 12:14 PM IST
കൊച്ചി: കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിലുള്ള കാരുണ്യ സമാധാന സന്ദേശയാത്ര കണ്ണൂരിൽ പര്യടനം തുടങ്ങി. കണ്ണൂരിന്റെ സമാധാനത്തിനായി പ്രാർഥിക്കുക, വികസനത്തിനായി കൈകോർക്കുക എന്ന സന്ദേശവുമായാണു യാത്ര. ഇന്നു കണ്ണൂർ രൂപതയുടെ നേതൃത്വത്തിൽ ബർണശേരി ഹോളി ട്രിനിറ്റി ഹാളിൽ നടക്കുന്ന കാരുണ്യസംഗമം ബിഷപ് ഡോ.അലക്സ് വടക്കുംതല ഉദ്ഘാടനംചെയ്യും.

നാളെ തലശേരി സന്ദേശ്ഭവനിൽ നടക്കുന്ന കാരുണ്യ പ്രവർത്തക സമ്മേളനം ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്യും. ഫാ. ജേക്കബ് വിജേഷ് കനാരി, ഫാ. ഏബ്രഹാം പുതുശേരി എന്നിവർ നേതൃത്വം നൽകും. ഇരുന്നൂറോളം ജീവകാരുണ്യ സ്‌ഥാപനങ്ങളെയും സാമൂഹ്യപ്രവർത്തകരെയും ആദരിക്കും.


പ്രോലൈഫ് സമിതി ചെയർമാൻ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് നയിക്കുന്ന സന്ദേശ യാത്രയ്ക്കു ഡയറക്ടർ ഫാ.പോൾ മാടശേരി, ചീഫ് കോ–ഓർഡിനേറ്റർ സാബു ജോസ്, ക്യാപ്റ്റൻ ജോർജ് എഫ്. സേവ്യർ, ജനറൽ കൺവീനർ ബ്രദർ മാവുരൂസ് മാളിയേക്കൽ, ആനിമേറ്റർ സിസ്റ്റർ മേരി ജോർജ്, ജയിംസ് ആഴ്ചങ്ങാടൻ, യുഗേഷ് തോമസ് പുളിക്കൽ, അഡ്വ.ജോസി സേവ്യർ, സെലസ്റ്റിൻ ജോൺ, സാലു ഏബ്രഹാം, മാർട്ടിൻ ന്യൂനസ് എന്നിവരാണു നേതൃത്വം നൽകുന്നത്.

കണ്ണൂരിൽ വിവിധ വിഭാഗം മനുഷ്യർ തമ്മിൽ സ്നേഹ സാഹോദര്യവും സമാധാനവും പുലരുവാൻ പ്രൊലൈഫ് പ്രവർത്തകർ 30ന് ഉപവാസപ്രാർഥന നടത്തും. കണ്ണൂരിന്റെ സമാധാനത്തിനായി പ്രവർത്തകർ ഒരു ലക്ഷം ജപമാലകൾ ചൊല്ലും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.