എൻജിനിയറിംഗ് വിദ്യാർഥികൾക്ക് ഇനി ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിക്കും
Thursday, October 27, 2016 12:05 PM IST
തിരുവനന്തപുരം: വിദ്യാർഥികൾക്ക് സ്വന്തം ഉത്തരക്കടലാസിന്റെ പകർപ്പ് ലഭ്യമാക്കിക്കൊണ്ട് കേരള സാങ്കേതിക സർവകലാശാലയുടെ നൂതന ആശയം. സംസ്‌ഥാനത്ത് ആദ്യമായാണ് ഒരു സർവകലാശാല തങ്ങളുടെ വിദ്യാർഥികളുടെ ഉത്തരക്കടലാസിന്റെ പകർപ്പ് ആ വിദ്യാർഥി ആവശ്യപ്പെട്ടാൽ നല്കാൻ പോകുന്നത്.

ഉത്തരക്കടലാസ് മൂല്യനിർണയത്തിൽ മാർക്ക് കുറഞ്ഞുപോയെന്ന ആക്ഷേപം പലപ്പോഴും വിദ്യാർഥികളിൽ നിന്ന് ഉയരാറുണ്ട്. പുനർമൂല്യനിർണയം നടത്തുക മാത്രമായിരുന്നു ആശ്രയം. അപ്പോഴും വിദ്യാർഥികൾക്ക് നേരിട്ട് ഉത്തരക്കടലാസുകൾ ലഭിച്ചിരുന്നില്ല. പുനർമൂല്യനിർണയത്തിനായി അപേക്ഷ നല്കിയാലും നീണ്ട കാത്തിരിപ്പിനു ശേഷമായിരുന്നു ഇതിന്റെ ഫലം അറിയാൻ സാധിച്ചിരുന്നത്. ഇതിൽ നിന്നു വ്യത്യസ്തമായുള്ള നൂതന ആശയമാണ് കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി നടപ്പാക്കുന്നത്. കേരളത്തിലെ സർവകലാശാലകളുടെ ചരിത്രത്തിൽ ആദ്യസംഭവമാണിത്.

വിദ്യാർഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു കഴിയുമ്പോൾ വിദ്യാർഥികൾക്ക് തങ്ങളുടെ ഉത്തരക്കടലാസിന്റെ പകർപ്പ് ആവശ്യപ്പെട്ട് സർവകലാശാലയിൽ അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ ആയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇത്തരത്തിൽ വിദ്യാർഥികൾ സമർപ്പിക്കുന്ന അപേക്ഷ സർവകലാശാല പരീക്ഷാ കൺട്രോളറുടെ കൈകളിൽ എത്തും. അദ്ദേഹം ആ അപേക്ഷ മൂല്യനിർണയ ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്‌ഥനു കൈമാറും. അദ്ദേഹമാണ് ഉത്തരക്കടലാസിന്റെ പകർപ്പ് വിദ്യാർഥിക്കും വിദ്യാർഥി പഠിക്കുന്ന സ്‌ഥാപനത്തിന്റെ മേധാവിക്കും അയച്ചുകൊടുക്കുക.


വിദ്യാർഥികൾക്ക് തങ്ങളുടെ പാസ്വേഡ് ഉപയോഗിച്ച് ലോ ഗിൻ ചെയ്ത് ഉത്തരക്കടലാസിന്റെ പകർപ്പ് എടുക്കാം.

കേരള സർവകലാശാലയുടെ സ്ക്രൂട്ടണി സംവിധാനത്തിലൂടെ വിദ്യാർഥികൾക്ക് സർവകലാശാലയിൽ പണമടച്ചാൽ ഉത്തരക്കടലാസ് കാണാൻ സാധിക്കുന്ന സംവിധാനമുണ്ടായിരുന്നു. എന്നാൽ അതിന്റെ പകർപ്പ് എടുക്കാനുള്ള അവകാശമില്ല. ടെക്നിക്കൽ സർവകലാശാലയുടെ പുതിയ സംവിധാനത്തിലൂടെ വിദ്യാർഥികൾ എവിടെ ആണോ അവിടെ ഇരുന്ന് തങ്ങളുടെ ഉത്തരക്കടലാസിന്റെ പകർപ്പ് എടുക്കാൻ സാധിക്കും. നിലവിൽ ഫീസ് ഈടാക്കിയാവും ഉത്തരക്കടലാസിന്റെ പകർപ്പ് ലഭ്യമാക്കുക.

ടെക്നിക്കൽ സർവകലാശാല നടത്തിയ ബിടെക് ഒന്നാം രണ്ടും സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസ് ലഭ്യമാക്കുന്നത് സംബന്ധിച്ച് സർവകലാശാല നോട്ടിഫിക്കേഷനും പുറപ്പെടുവിച്ചു. ഈ മാസം 31 മുതൽ നവംബർ നാലു വരെ വിദ്യാർഥികൾക്ക് ഇതിനായി അപേക്ഷിക്കാം.

തോമസ് വർഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.