വിദ്യാഭ്യാസ ആവശ്യകത പരിഗണിക്കാതെ സ്കൂൾ അനുവദിക്കാനാവില്ല: കോടതി
Thursday, October 27, 2016 12:05 PM IST
കൊച്ചി: വിദ്യാഭ്യാസ ആവശ്യകത പരിഗണിക്കാതെ പുതിയ സ്കൂളുകളോ ക്ലാസുകളോ പാടില്ലെന്ന വ്യവസ്‌ഥയ്ക്ക് ഇളവ് അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി. നിലവിൽ പ്രവർത്തിക്കുന്ന ഹൈസ്കൂളുകളോടു ചേർന്നു യുപി, എൽപി ക്ലാസുകൾ അനുവദിക്കണമെങ്കിലും വിദ്യാഭ്യാസ ആവശ്യകത പരിശോധിക്കണമെന്നു ഹൈക്കോടതി ഉത്തരവിൽ പറയുന്നു. കൊല്ലം ജില്ലയിലെ എടവട്ടം കരുവേലിൽ കോട്ടത്തല സുരേന്ദ്രൻ മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആറ്, ഏഴ് ക്ലാസുകൾ കൂടി അനുവദിക്കാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ സർക്കാരും പൊതുവിദ്യാഭ്യാസ ഡയറക്ടറും നൽകിയ അപ്പീലിലാണു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

ഒരു മേഖലയിൽ പുതിയ സ്കൂൾ അനുവദിക്കാനും നിലവിലുള്ള സ്കൂൾ അപ്ഗ്രേഡ് ചെയ്യാനും ആ മേഖലയിൽ സമാന മായ സ്കൂൾ പ്രവർത്തിക്കുന്നുണ്ടോ എന്നതടക്കമുള്ള വിദ്യാ ഭ്യാസ ആവശ്യകത പരിഗണിക്കണമെന്നാണു കേരള വിദ്യാഭ്യാസ ചട്ടത്തിൽ പറയുന്നത്. ഇതുസംബന്ധിച്ച അപേക്ഷ ലഭിച്ചശേഷം നടപടിക്രമം പാലിച്ചു സ്കൂൾ അനുവദിക്കുന്നതിൽ സർക്കാർ തീരുമാനം എടുക്കും. ഈ വ്യവസ്‌ഥയ്ക്ക് വിരുദ്ധമായി തൊട്ടടുത്തു മറ്റു സ്കൂളുകൾ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി സ്കൂളിന്റെ അപേക്ഷ പരിഗണിക്കാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് നിലനിൽക്കില്ലെന്നു ഡിവിഷൻ ബെഞ്ച് വ്യക്‌തമാക്കി.


ഹർജിക്കാരുടെ നിലവിലുള്ള ഹൈസ്കൂളിനോടു ചേർന്ന് ആറ്, ഏഴ് ക്ലാസുകൾകൂടി അനുവദിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം പുതിയ സ്കൂൾ അനുവദിക്കലോ സ്കൂൾ അപ്ഗ്രേഡ് ചെയ്യലോ അല്ലെന്നു വ്യക്‌തമാക്കിയാണു സിംഗിൾ ബെഞ്ച് ഇവരുടെ അപേക്ഷ പരിഗണിക്കാൻ സർക്കാരിനു നിർദേശം നൽകിയത്. എന്നാൽ, കേരള വിദ്യാഭ്യാസ ചട്ടത്തിലെ രണ്ട് (എ) പ്രകാരമുള്ള എല്ലാ നടപടിയും പൂർത്തിയാക്കാതെ ക്ലാസുകൾ അനുവദിക്കാനാവില്ലെന്നു സർക്കാർ വാദിച്ചു. സർക്കാരിന്റെ വാദം അംഗീകരിച്ചാണു ഡിവിഷൻ ബെഞ്ച് ഉത്തരവ്.

പുതിയ സ്കൂൾ അനുവദിക്കുമ്പോഴോ അപ്ഗ്രേഡ് ചെയ്യുമ്പോഴോ പാലിക്കേണ്ട എല്ലാ നടപടിക്രമവും പുതിയ ക്ലാസുകൾ അനുവദിക്കുമ്പോഴും പാലിക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു സർക്കാർ അപ്പീൽ നൽകിയത്. വിദ്യാഭ്യാസ ആവശ്യകത പരിഗണിക്കാതെ ക്ലാസുകൾ അനുവദിച്ചാൽ സമീപത്തുള്ള സമാന സ്കൂളുകളെ ബാധിക്കുമെന്നും സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. സർക്കാരിന്റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.