പിണറായിയുടെ വാക്കുകളിൽ കരുത്തുനേടി പ്രതിപക്ഷം
പിണറായിയുടെ വാക്കുകളിൽ കരുത്തുനേടി പ്രതിപക്ഷം
Tuesday, September 27, 2016 1:28 PM IST
സാബു ജോൺ

തിരുവനന്തപുരം: പ്രതിപക്ഷം പരമാവധി ഒരു വാക്കൗട്ട് വരെയേ കരുതിയിരുന്നുള്ളു. അതിനപ്പുറത്തേക്ക് അവരെ എത്തിച്ചതിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രി പിണറായി വിജയനു മാത്രമുള്ളതാണ്. എങ്ങുമെത്താതെ നിന്ന സ്വാശ്രയ സമരം മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നതിൽ പ്രതിപക്ഷത്തെ തുണച്ചത് മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഒറ്റ പ്രസംഗം.

സ്വാശ്രയ ഫീസ് പ്രശ്നം ഉന്നയിച്ചു സമരം നടത്തുന്ന യൂത്ത് കോൺഗ്രസ്– കെഎസ്യു പ്രവർത്തകർക്കു നേരേ പോലീസ് അതിക്രമം നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷത്തു നിന്ന് ഷാഫി പറമ്പിൽ നോട്ടീസ് നൽകിയ അടിയന്തര പ്രമേയത്തിനു മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി ചൂടൻ പ്രയോഗങ്ങൾ നടത്തിയത്. പ്രതിപക്ഷ പ്രതിഷേധത്തിനു ചൂടു കൂടുന്നതിനനുസരിച്ച് പിണറായിക്കും ശുണ്ഠി കൂടി. അതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. നിയന്ത്രിക്കാനാകില്ലെന്നു കണ്ട സ്പീക്കർ ശ്രീരാമകൃഷ്ണൻ ചർച്ചയെല്ലാം ഒഴിവാക്കി നടപടികൾ തിടുക്കത്തിൽ പൂർത്തിയാക്കി സമ്മേളനം അവസാനിപ്പിച്ചു. ശൂന്യവേള തുടങ്ങി ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും സഭ പിരിഞ്ഞു.

ആരോഗ്യമന്ത്രി ചർച്ച നടത്തിയതോടെ സമരക്കാർ പിന്തിരിയണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. എന്നാൽ, അവർ അക്രമത്തിലേക്കു തിരിഞ്ഞപ്പോൾ പോലീസിന് ഇടപെടേണ്ടി വന്നുവത്രെ.

ചായയും ബിസ്കറ്റും തരാൻ മാത്രമായിരുന്നു ചർച്ചയ്ക്കു വിളിച്ചതെങ്കിൽ പോകില്ലായിരുന്നു എന്നായിരുന്നു ഷാഫി പറമ്പിൽ പറഞ്ഞത്. കെഎസ്വൈഎഫ് സംസ്‌ഥാന സെക്രട്ടറി ആയിരുന്ന പിണറായി വിജയനാണു വിദ്യാർഥി – യുവജന പ്രവർത്തകരെ അടിച്ചമർത്തുന്നത്. കൂത്തുപറമ്പ് രക്‌തസാക്ഷികളുടെ നാട്ടിൽ നിന്നു വരുന്ന ആരോഗ്യമന്ത്രിയാണ് സ്വാശ്രയ വിദ്യാഭ്യാസ കൊള്ളയുമായി ബന്ധപ്പെട്ട കരാർ ഒപ്പുവച്ചത്. കൂത്തുപറമ്പ് രക്‌തസാക്ഷികളോടുള്ള അവഹേളനമാണിത്.

യൂത്ത് കോൺഗ്രസുകാരുടെ നിരാഹാരസമര പന്തലിലേക്ക് തൊടുത്ത ഗ്രനേഡ് എന്നു പറഞ്ഞു ഗ്രനേഡിന്റെ കഷണങ്ങളുമായാണ് ഷാഫി സഭയിലെത്തിയത്. സമരം അടിച്ചൊതുക്കാമെന്നു സർക്കാർ സ്വപ്നത്തിൽ പോലും കരുതേണ്ടെന്നു പറഞ്ഞ ഷാഫി, ഇതു സമരപരമ്പരകളുടെ അവസാനമല്ല, തുടക്കമാണെന്നും പറഞ്ഞു.

യൂത്ത് കോൺഗ്രസ് അത്ര മോശപ്പെട്ട സംഘടനയല്ലെന്നു പറഞ്ഞ പിണറായി, തന്നെ കരിങ്കൊടി കാട്ടിയത് ആ സംഘടനക്കാരാണെന്നു കരുതുന്നില്ലെന്നു പറഞ്ഞു. അതു ചാനലുകാർ വാടകയ്ക്കെടുത്തവരാണെന്നാണു പിണറായി കണ്ടെത്തിയത്. ഇതോടെ പ്രതിപക്ഷം ബഹളവുമായി ചാടിയെണീറ്റു. പിണറായി വിട്ടുകൊടുക്കാൻ ഭാവമില്ലായിരുന്നു. പറഞ്ഞ വാക്കു മാറ്റുന്നില്ലെന്നു പറഞ്ഞ് വീണ്ടും പറഞ്ഞതു തന്നെ ആവർത്തിച്ചു.


ബഹളം മൂർച്ഛിച്ചതോടെ പിണറായിക്കു വാശി കൂടി. ഇതൊന്നും ഇവിടെ നടക്കില്ലെന്നു പ്രതിപക്ഷത്തെ നോക്കി പറഞ്ഞതിനുശേഷം പോയി പണി നോക്കാനും തട്ടിവിട്ടു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. മഷി ഷർട്ടിൽ ഒഴിച്ച് ചോരയാണെന്നു വരുത്തിയെന്ന ആക്ഷേപവും സമരക്കാർക്കു നേരേ ചൊരിഞ്ഞ പിണറായി പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെയും പരിഹസിച്ചുകൊണ്ടിരുന്നു.

പ്രതിപക്ഷത്തിനു വീണുകിട്ടിയ ആയുധമായിരുന്നു പിണറായിയുടെ പ്രസംഗം. മുഖ്യമന്ത്രിയുടേത് തെരുവുപ്രസംഗമാണെന്നു പറഞ്ഞു തുടങ്ങിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രൂക്ഷമായ ഭാഷയിലാണ് പിണറായിയെ വിമർശിച്ചത്. മഹാരഥന്മാർ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് പിണറായി ഓർക്കണം. മുഖ്യമന്ത്രിക്ക് ഈ ഭാഷയിൽ സംസാരിക്കാൻ സാധിക്കില്ല. പിണറായി വിജയനു സാധിക്കുമായിരിക്കും. പാർട്ടി കമ്മിറ്റിയിലും പൊതുനിരത്തിലും ഉപയോഗിക്കുന്ന ഭാഷ നിയമസഭയിൽ ഉപയോഗിക്കരുതെന്നും രമേശ് പറഞ്ഞു.

പിണറായി വിജയൻ മോശപ്പെട്ട പരാമർശങ്ങൾ പിൻവലിക്കണമെന്നും രമേശ് ആവശ്യപ്പെട്ടു. പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന് രമേശ് സ്പീക്കറോടും ആവശ്യപ്പെട്ടു. പ്രസംഗത്തിൽ എന്തു പറയണമെന്ന് പ്രസംഗിക്കുന്നവരാണു തീരുമാനിക്കുന്നതെന്നു പറഞ്ഞ് സ്പീക്കർ കൈയൊഴിഞ്ഞു.

വകുപ്പു തിരിച്ചുള്ള ധനാഭ്യർഥനാ ചർച്ച ഇന്നലെ ആരംഭിക്കേണ്ടതായിരുന്നു. ആദ്യദിവസത്തെ ധനാഭ്യർഥൾ ചർച്ച കൂടാതെ പാസാക്കേണ്ടി വന്നു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചപ്പോഴും കേരള കോൺഗ്രസ് അംഗങ്ങൾ സ്വന്തം സീറ്റിലിരിക്കുകയായിരുന്നു.

നിയമസഭയ്ക്കകത്ത് സ്വാശ്രയ സമരം ചൂടായതിന്റെ പ്രതിഫലനം പുറത്തുമുണ്ടായി. സെക്രട്ടേറിയറ്റ് പരിസരം യുദ്ധക്കളമായി. അകത്തും പുറത്തും കടുത്ത പ്രതിഷേധം അരങ്ങേറുന്ന പശ്ചാത്തലത്തിൽ ഹർത്താൽ ദിനമായ ഇന്നും സമ്മേളനം സമാധാനപരമായി മുന്നോട്ടു പോകുമെന്നു കരുതാൻ വയ്യ. പ്രതിപക്ഷം സഭയ്ക്കകത്ത് പുതിയ സമരമുറകൾ പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ്. ഭരണപക്ഷം അവരെ എങ്ങനെ നേരിടുമെന്നാണ് കാണേ ണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.