ചുവപ്പു മഷിക്കുപ്പി എംഎസ്എഫിന്റേത്: സംസ്‌ഥാന പ്രസിഡന്റ്
Tuesday, September 27, 2016 1:28 PM IST
കോഴിക്കോട്:സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ ചുവപ്പു മഷിയുടെ കുപ്പിയുമായാണ് എത്തിയെന്ന വാദം തള്ളി എംഎസ്എഫ് സംസ്‌ഥാന പ്രസിഡന്റ്. കഴിഞ്ഞ ദിവസം രാവിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരം ചെയ്യുന്നതിനു തൊട്ടപ്പുറത്ത് എംഎസ്എഫ് നടത്തിയ പ്രതിഷേധ മുദ്രയെന്ന പരിപാടിക്ക് എത്തിച്ച മഷിക്കുപ്പികളാണ് ഇതെന്നു സംസ്‌ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ദീപികയോടു പറഞ്ഞു.

എംഎസ്എഫിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം 11നാണ് പ്രതിഷേധമുദ്ര എന്ന പരിപാടി നടത്തിയത്. സെക്രട്ടേറിയറ്റ് മതിലിൽ വലിയ ബാനർ കെട്ടി കൈമുദ്ര പതിപ്പിക്കുന്ന പരിപാടിയായിരുന്നു നടത്തിയിരുന്നത്. സർക്കാരിന്റെ തെറ്റായ സ്വാശ്രയനയത്തിൽ പ്രതിഷേധിച്ചായിരുന്നു ഇത്. രാവിലെ 11ഓടെ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പരിപാടി ഉദ്ഘാടനംചെയ്ത ശേഷം നിരവധി പേർ തങ്ങളുടെ കൈമുദ്ര ബാനറിൽ പതിപ്പിച്ചു. ഇതിൽ ബാക്കി വന്ന മഷിക്കുപ്പികൾ പരിപാടി നടന്ന സ്‌ഥലത്തുണ്ടായിരുന്നു. കെഎസ്യു, യൂത്ത് കോൺഗ്രസ് സമരം അക്രമാസക്‌തമായപ്പോൾ ചിതറിയോടിയ പ്രവർത്തകരെ തെരഞ്ഞെത്തിയ പോലീസ് എംഎസ്എഫിന്റെ പ്രതിഷേധ വേദിയിൽനിന്നു കണ്ടെത്തിയ കുപ്പികളാണ് ഇവയെന്നും മിസ്ഹബ് പറഞ്ഞു. മഷിക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂശിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.