ചികിത്സയും ഭക്ഷണവും കിട്ടാതെ മരിച്ച വീട്ടമ്മയുടെ മകളെ സംരക്ഷിക്കാൻ തയാറെന്നു ബന്ധുക്കൾ
ചികിത്സയും ഭക്ഷണവും കിട്ടാതെ മരിച്ച വീട്ടമ്മയുടെ മകളെ സംരക്ഷിക്കാൻ തയാറെന്നു ബന്ധുക്കൾ
Tuesday, September 27, 2016 1:19 PM IST
എടപ്പാൾ: മതിയായ ചികിത്സയും ഭക്ഷണവും ലഭിക്കാത്തതിനെ തുടർന്ന് മരിച്ച മതിലകത്ത് കുന്നത്താട്ടിൽ ശോഭനയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ചങ്ങരംകുളം അഡീഷണൽ എസ്ഐ ബാഹുലേയൻ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോ. ബിനിരാജ് പോസ്റ്റ്മോർട്ടം നടത്തി. തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടിനു ശേഷമാണു മരണം സംഭവിച്ചതെന്നും ശോഭനയുടെ ഹൃദയത്തിനു തകരാർ ഉണ്ടായിരുന്നതായും പ്രാഥമിക റിപ്പോർട്ടിൽ സൂചനയുണ്ട്.

സംസ്കാര ചടങ്ങിൽ തിരൂർ സബ് കളക്ടർ ആദില അബ്ദുള്ള, പൊന്നാനി അഡീഷണൽ തഹസിൽദാർ സത്യൻ, വട്ടംകുളം വില്ലേജ് ഓഫീസർ എ.നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു. അതിനിടെ ശോഭനയുടെ ഏകമകൾ ശ്രുതിയുടെ തുടർ സംരക്ഷണത്തെക്കുറിച്ചു സബ്കളക്ടർ ശോഭനയുടെ ബന്ധുക്കളുമായി ചർച്ച നടത്തി. വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. ഇതിനു ബന്ധുക്കൾ തയാറായില്ലെങ്കിൽ ട്രസ്റ്റ് നിയമപ്രകാരം ശ്രുതിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്നും ആശുപത്രി ചികിത്സയടക്കമുള്ള സംരക്ഷണ ചെലവ് സർക്കാർ വഹിക്കുമെന്നും സബ് കളക്ടർ പറഞ്ഞു. മെഡിക്കൽ റിപ്പോർട്ടും ഡോക്ടറുടെ റിപ്പോർട്ടും ലഭിച്ചതിനു ശേഷം തുടർനടപടികൾക്കായി സർക്കാരിനു കൈമാറുമെന്നും അവർ പറഞ്ഞു.


തുടർന്നു സംസ്കാര ചടങ്ങുകൾക്കു ശേഷം പൊന്നാനി അഡീഷണൽ തഹസിൽദാർ സത്യൻ ബന്ധുക്കളുമായി നടത്തിയ ചർച്ചയിൽ ശ്രുതിയെ സംരക്ഷിക്കാൻ ഒരുക്കമാണെന്നു ശോഭനയുടെ സഹോദരി ലത അറിയിച്ചു. നാലു ദിവസത്തിനകം സബ് കളക്ടർ ലതയുമായി ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കും. ശ്രുതിക്കു മാനസിക പ്രശ്നങ്ങളില്ലെന്നും അമ്മയുടെ കൂടെയുള്ള ഒറ്റപ്പെട്ട ജീവിതം മൂലമുണ്ടായ സ്വഭാവരീതി മാത്രമാണെന്നുമാണു ചികിൽസിക്കുന്ന ഡോക്ടർമാരുടെ വിലയിരുത്തൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.