ഇടതു സർക്കാരിന്റെ മദ്യ നയത്തിന് ഋഷിരാജ് സിംഗിന്റെ ക്ലീൻചിറ്റ്
ഇടതു സർക്കാരിന്റെ മദ്യ നയത്തിന് ഋഷിരാജ് സിംഗിന്റെ ക്ലീൻചിറ്റ്
Tuesday, September 27, 2016 1:19 PM IST
കോഴിക്കോട്: പൂർണ മദ്യനിരോധനം പ്രായോഗികമല്ലെന്നും ഇടതു സർക്കാരിന്റെ നിലവിലുള്ള മദ്യനയമാണു പ്രായോഗികമെന്നും എക്സൈസ് കമ്മീഷണർ ഋഷിരാജ്സിംഗ്.

ഇന്നലെ വരെ ലഭിച്ചിരുന്ന മദ്യം ഒറ്റ ദിവസം കൊണ്ടു ഇല്ലാതാക്കാനാവില്ല. മദ്യവിൽപന പൂർണമായും തടയുമ്പോൾ വ്യാജമദ്യ നിർമാണം വർധിക്കും. കല്ലുവാതിക്കൽ പോലുള്ള ദുരന്തം ഇനിയും ആവർത്തിച്ചുകൂടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മദ്യം പൂർണമായും നിരോധിച്ച ഗുജറാത്തിലും ബിഹാറിലും നിരവധി പേർ വ്യാജമദ്യം കഴിച്ചു മരിക്കുന്നുണ്ട്്. അടുത്തിടെ ഗുജറാത്തിൽ 17 പേരാണ് വ്യാജമദ്യം കഴിച്ചു മരിച്ചത്.

കേരളത്തിൽ മദ്യത്തിന്റെ ലഭ്യത മുൻകാലങ്ങളെ അപേക്ഷിച്ചു കുറച്ചിട്ടുണ്ട്. 732 ബാറുകളുള്ളിടത്ത് ഇപ്പോൾ 28 ബാറുകൾ മാത്രമാണുള്ളത്. 704 ബാറും പൂട്ടി മദ്യലഭ്യത കുറച്ചു.

33 ഫൈവ്സ്റ്റാർ ഹോട്ടലുകളിലും 29 *ക്ലബുകളിലും സർക്കാർ മേൽനോട്ടത്തിലുള്ള 300 ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളിലും മദ്യം ലഭ്യമാക്കുന്ന നിലവിലെ മദ്യനയമാണു പ്രായോഗികം. ഇവിടങ്ങളിൽനിന്നു മദ്യം ലഭിക്കുന്നതിനാൽ വ്യാജമദ്യം ഉപയോഗിക്കേണ്ട അവസ്‌ഥയുണ്ടാവില്ല.


ഓൺലൈൻമദ്യവിൽപന നിയമപരമായി നടത്താനാവില്ല. 21 വയസിനു മുകളിൽ പ്രായമുള്ളവർക്കേ മദ്യം നൽകാനാവൂ എന്നാണ് നിയമം. ഓൺലൈൻ വഴിയാവുമ്പോൾ വാങ്ങുന്ന വ്യക്‌തിക്ക് എത്ര പ്രായമുണ്ടെന്നത് അറിയാനാവില്ല. പണം നൽകിയ ശേഷം മദ്യം വാങ്ങുകയെന്നതാണു മറ്റൊരു നിയമം. ഓൺലൈൻ വഴിയാവുമ്പോൾ ഇതും ലംഘിക്കപ്പെടും. ഇതു നടപ്പുള്ള കാര്യമല്ല.

വ്യാജമദ്യ –മയക്കുമരുന്ന് കടത്തു തടയുന്നതിന് അഞ്ചു ചെക്ക് പോസ്റ്റുകളിൽ സ്കാനർ സ്‌ഥാപിക്കണമെന്ന ആവശ്യം സർക്കാരിനു മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. 25 കോടി രൂപയാണു സ്കാനർ സ്‌ഥാപിക്കാനുള്ള ചെലവ്. അനുമതി ലഭിക്കുന്ന മുറയ്ക്കു സ്കാനർ സ്‌ഥാപിക്കും. ഇതോടെ വ്യാജമദ്യ–മയക്കുമരുന്ന് കടത്തു തടയാനാവും. വയനാട്, കണ്ണൂർ, മലപ്പുറം, കോട്ടയം എന്നീ ജില്ലകളിൽ സ്വന്തമായി കെട്ടിടം നിർമിക്കാനുള്ള പ്രാരംഭ നടപടി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി കമ്മിഷണർ പി.കെ. സുരേഷും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.