വിശ്വജ്യോതിയിൽ ആണവോർജ സെമിനാർ
Tuesday, September 27, 2016 1:07 PM IST
മൂവാറ്റുപുഴ: വാഴക്കുളം വിശ്വജ്യോതി എൻജിനിയറിംഗ് കോളജിൽ ദ്വിദിന ആണവോർജ ബോധവത്കരണ സെമിനാർ 30, ഒക്ടോബർ ഒന്ന് തീയതികളിൽ നടത്തുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂട്ട് ഇന്ററാക്ഷൻ സെല്ലും ഡിപ്പാർട്ട്മെന്റ് ഓഫ് ആറ്റോമിക് എനർജിയുടെ കീഴിലുള്ള കല്പാക്കം ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ച്(ഐജിസിഎആർ), ബോർഡ് ഓഫ് റിസർച്ച് ഇൻ ന്യൂക്ലിയർ സയൻസസ്(ബിആർഎൻഎസ്), ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻപിസിഎൽ) എന്നീ സ്‌ഥാപനങ്ങളുമായി സഹകരിച്ചാണു സെമിനാർ.

ഐജിസിഎആർ, ബിആർഎൻഎസ്, എൻപിസിഎൽ എന്നീ സ്‌ഥാപനങ്ങളിലെയും കൂടംകുളം ആണവവൈദ്യുത നിലയത്തിലെയും സീനിയർ ശാസ്ത്രജ്‌ഞരും സെമിനാറിൽ പങ്കെടുക്കും. ആണവോർജത്തിന്റെ സാമൂഹ്യപ്രസക്‌തി, ഊർജമേഖലയിലെ പ്രതിസന്ധി എന്നിവയ്ക്കു പുറമേ ആണവോർജ വൈദ്യുതപദ്ധതി, രാജ്യത്തെ ആണവവൈദ്യുത നിലയങ്ങളുടെ പ്രവർത്തനരീതി, ആണവോർജത്തിന്റെ സാധ്യത എന്നിവയെ സംബന്ധിച്ചും വിദഗ്ധർ ചർച്ച നയിക്കും.


വിദ്യാഭ്യാസ, സാങ്കേതിക, വ്യാവസായിക മേഖലകളിലെ വിവിധ സ്‌ഥാപനങ്ങളെ പ്രതിനിധീകരിച്ചു തെരഞ്ഞെടുക്കപ്പെട്ട 300ൽപരം അധ്യാപകരും വിദ്യാർഥികളും സാങ്കേതിക വിദഗ്ധരും സെമിനാറിൽ പങ്കെടുക്കും. സെമിനാറിനോടനുബന്ധിച്ചു പ്രദർശനവും സംഘടിപ്പിക്കും. കൽപാക്കം ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ച്, കൂടംകുളം ആണവ വൈദ്യുത നിലയം എന്നിവിടങ്ങളിൽനിന്നുള്ള വിവിധ മോഡലുകളും ഉപകരണങ്ങളും സെമിനാറിൽ പ്രദർശിപ്പിക്കും.

ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജിയിലെ സാങ്കേതിക വിദഗ്ധരുമായി വിദ്യാർഥികൾക്ക് സംവദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യം. ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി എനർജി ഫോർ ദി ഫ്യൂച്ചർ എക്സിബിഷൻ മത്സരവും ശാസ്ത്ര ക്വിസ് മത്സരവും നടക്കും. പത്രസമ്മേളനത്തിൽ വിശ്വജ്യോതി കോളജ് പ്രിൻസിപ്പൽ ഡോ.സി.ജോസഫ് കുഞ്ഞുപോൾ, ഡീൻ ഡോ.കെ.കെ. രാജൻ, നവീൻ ജേക്കബ്, അനീഷ് കുര്യൻ, പിആർഒ സിജുമോൻ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.