സമരം ശക്‌തമാക്കി യൂത്ത് കോൺഗ്രസ്; തലസ്‌ഥാനത്ത് സംഘർഷം
സമരം ശക്‌തമാക്കി യൂത്ത് കോൺഗ്രസ്; തലസ്‌ഥാനത്ത് സംഘർഷം
Tuesday, September 27, 2016 4:37 AM IST
തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തിൽ തലസ്‌ഥാനത്ത് യൂത്ത് കോൺഗ്രസ് നടത്തുന്ന സമരം ശക്‌തമാകുന്നു. സർക്കാരുമായി തിങ്കളാഴ്ച നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ സമരത്തെ കളിയാക്കി മുഖ്യമന്ത്രി കൂടി രംഗത്തുവന്നതോടെയാണ് സമരം ശക്‌തമാക്കാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചത്.

മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്ക് പിന്നാലെ സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ അക്രമമുണ്ടായി. പോലീസ് സമരക്കാരെ സമരപന്തലിനുള്ളിൽ കടന്നു മർദ്ദിച്ചു. കണ്ണീർവാതകവും പ്രയോഗിച്ചു. സമരപന്തലിലുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിനും വൈസ് പ്രസിഡന്റ് സി.ആർ.മഹേഷിനും പരിക്കേറ്റു. ഇവരെ പന്തലിൽ നിന്നും പിന്നീട് മാറ്റി.


സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ സമരപന്തലിൽ എത്തി. നിരവധി കോൺഗ്രസ് നേതാക്കളും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയിട്ടുണ്ട്.

യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായതോടെ തലസ്‌ഥാനത്തെ എംജി റോഡ് പൂർണമായും സ്തംഭിച്ചു. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ വൻ പോലീസ് സംഘമാണ് തലസ്‌ഥാനത്തെ തെരുവുകളിൽ നിരന്നിരിക്കുന്നത്. സ്വാശ്രയ ഫീസ് വർധനവിനെതിരേ യൂത്ത് കോൺഗ്രസ് നടത്തുന്ന സമരം ഇന്ന് ഒൻപതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.