കോഴിക്കടത്ത്: കെ.എം. മാണി ഇടപെട്ടതിനു തെളിവുണ്ടെന്നു വിജിലൻസ്
കോഴിക്കടത്ത്: കെ.എം. മാണി ഇടപെട്ടതിനു തെളിവുണ്ടെന്നു  വിജിലൻസ്
Monday, September 26, 2016 12:49 PM IST
കൊച്ചി: കോഴിക്കടത്തു കേസിലെ റവന്യു റിക്കവറി ഒഴിവാക്കാനും ആയുർവേദ ഉത്പന്നങ്ങൾക്കു നികുതിയിളവ് നൽകാനും മന്ത്രിയായിരിക്കെ കെ.എം. മാണി നിയമവിരുദ്ധമായി ഇടപെട്ടതിനു തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടി വിജിലൻസ് അധികൃതർ ഹൈക്കോടതിയിൽ സ്റ്റേറ്റ്മെന്റ് സമർപ്പിച്ചു. തൃശൂരിലെ തോംസൺ ഗ്രൂപ്പിനു കീഴിലുള്ള ആറ് പൗൾട്രി ഫാം ഉടമകളുടെ നികുതി വെട്ടിപ്പു കണ്ടെത്തിയ വാണിജ്യനികുതി വകുപ്പ് 65 കോടി രൂപ പിഴയൊടുക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേ പൗൾട്രി ഫാം ഉടമകൾ നൽകിയ നിവേദനത്തെത്തുടർന്നു മന്ത്രിയായിരുന്ന കെ.എം. മാണി റവന്യു റിക്കവറി നടപടികൾ സ്റ്റേ ചെയ്യാൻ ഉത്തരവിട്ടു. 2013 ജനുവരി 20നു മുമ്പു 1.2 കോടി രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്‌ഥയും ഉത്തരവിൽ ഉൾപ്പെടുത്തിയിരുന്നുവെന്നു വിജിലൻസ് ചൂണ്ടിക്കാട്ടി.

എന്നാൽ 2012 മേയ് 29ലെ സർക്കാർ ഉത്തരവനുസരിച്ചു റവന്യു റിക്കവറി നടപടികൾ സ്റ്റേ ചെയ്യാൻ ധനമന്ത്രിയെ അധികാരപ്പെടുത്തിയിട്ടില്ലെന്നും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണു കെ.എം. മാണി സ്റ്റേ അനുവദിച്ചതെന്നും വിജിലൻസ് ഡിവൈഎസ്പി ഫിറോസ് എം. ഷെഫീഖ് നൽകിയ സ്റ്റേറ്റ്മെന്റിൽ പറയുന്നു. കെ.എം. മാണിയുടെ ഉത്തരവിന്റെ പകർപ്പും ഇതോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. അഞ്ചു ലക്ഷത്തിനു മുകളിലുള്ള തുക ഉൾപ്പെട്ട റവന്യു റിക്കവറി സ്റ്റേ ചെയ്യാൻ മുഖ്യമന്ത്രിക്കാണ് അധികാരമെന്നിരിക്കെ മാണിയുടെ ഇടപെടൽ നിയമവിരുദ്ധമാണ്. സ്റ്റേ അനുവദിക്കാനുള്ള വ്യവസ്‌ഥയായി പറഞ്ഞിരുന്ന 1.2 കോടി രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ്ര മുകുന്ദപുരം തഹസീൽദാർ 2013 ജനുവരി 20നു പൗൾട്രിഫാം ഉടമകളിൽ നിന്നു കൈപ്പറ്റിയെങ്കിലും ബാങ്കിൽ സമർപ്പിച്ചില്ല. പിന്നീട് സ്റ്റേ ഉത്തരവു ലഭിച്ചതോടെ ഡിഡി തിരികെ നൽകുകയും ചെയ്തു.


ഈ കുറ്റത്തിനു തഹസീൽദാർക്കെതിരേ അന്വേഷണം നടത്തി ശിക്ഷാനടപടി സ്വീകരിച്ചു. ഈ കേസിൽ പൗൾട്രിഫാം ഉടമകൾക്ക് അപ്പീലിൽ അനുകൂലമായ തീരുമാനമുണ്ടാക്കാൻ രണ്ടു ഡെപ്യൂട്ടി കമ്മീഷണർമാരെ സ്‌ഥലം മാറ്റിയതിനും തെളിവുണ്ടെന്നു വിജിലൻസ് പറയുന്നു. ആയുർവേദ സൗന്ദര്യവർധക ഉത്പന്നങ്ങളുടെ നികുതി 12.5 ശതമാനത്തിൽനിന്നു നാലു ശതമാനമായി കുറച്ചതിനു മുൻകാല പ്രാബല്യം നൽകിയതിലും ക്രമക്കേടുണ്ട്. ആയുർവേദമരുന്നു നിർമാതാക്കൾക്ക് അനുകൂലമായി തീരുമാനമെടുക്കുന്നിതിനു കെ.എം. മാണി അനാവശ്യതാത്പര്യം കാട്ടിയെന്നു പ്രഥമദൃഷ്‌ട്യാ വ്യക്‌തമാണ്. 2009 മുതൽ 2012 വരെ ഉപഭോക്‌താക്കളിൽനിന്നു 12.5 ശതമാനം നികുതിയുൾപ്പെടെ ഈടാക്കിയ ആയുർവേദ ഉത്പന്നങ്ങളുടെ നിർമാതാക്കൾക്കാണു മുൻകാല പ്രാബല്യത്തോടെ നികുതിയിളവ് നൽകിയത്. ഇതുവഴി പൊതുഖജനാവിലേക്കു വരേണ്ട പണമാണു നഷ്‌ടമായതെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.