ശബരിമലയുടെ പേരിൽ തുടർച്ചയായ വിവാദങ്ങൾക്കു പിന്നിൽ ഗൂഢലക്ഷ്യം: ബിജെപി
ശബരിമലയുടെ പേരിൽ തുടർച്ചയായ വിവാദങ്ങൾക്കു പിന്നിൽ ഗൂഢലക്ഷ്യം: ബിജെപി
Wednesday, August 24, 2016 12:55 PM IST
തിരുവനന്തപുരം: ദേവസ്വം ബോർഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മതപഠന കേന്ദ്രങ്ങൾ തുടങ്ങണമെന്ന് ബിജെപി സംസ്‌ഥാന വക്‌താവ് എം.എസ്. കുമാർ ആവശ്യപ്പെട്ടു. മതപ്രബോധനമെന്നത് ദേവസ്വം ബോർഡിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളിലുള്ളതാണ്. രാഷ്ട്രീയ അതിപ്രസരത്തിന്റെ സ്വാധീനത്താൽ ഇടക്കാലത്ത് ഉപേക്ഷിക്കപ്പെട്ട മതപഠനം പുനരാരംഭിക്കണമെന്നും കുമാർ ആവശ്യപ്പെട്ടു.

നായാടി മുതൽ നമ്പൂതിരി വരെ എന്ന ഹിന്ദുഐക്യ മുദ്രാവാക്യം ആദ്യം ഉയർത്തിയത് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന മന്നത്ത് പത്മനാഭനാണ്. മതപ്രഭാഷണത്തിനായി ദേവസ്വം ബോർഡ് പണം നൽകി പ്രഭാഷകരെ നിയോഗിച്ചിട്ടുണ്ട്. മുടങ്ങിക്കിടക്കുന്ന മതപ്രഭാഷണങ്ങളും പുനരാരംഭിക്കണം. ഇത്തരം ചുമതലകൾ നിർവഹിക്കാൻ ദേവസ്വം ബോർഡിനെ പ്രാപ്തമാക്കുകയാണ് ബന്ധപ്പെട്ടവർ ചെയ്യേണ്ടത്. ഇപ്പോൾ നടക്കുന്നത് അനാവശ്യ വിവാദങ്ങളാണ്.

സീസൺ തുടങ്ങുന്നതിന് മുൻപ് ശബരിമലയുടെ പേരിൽ വിവാദങ്ങൾ തുടർച്ചയായി ഉണ്ടാകുന്നതിനു പിന്നിൽ ഗൂഢലക്ഷ്യമുണ്ട്. ശബരിമലയെ തകർക്കാനുള്ള നീക്കമാണോ ഇതിനു പിന്നിലെന്നും സംശയമുണ്ട്.


ദേവസ്വം ബോർഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ അറിയാതെയോ അല്ലെങ്കിൽ അതു കണ്ടില്ലെന്നു നടിച്ചോ ആണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞതിൽ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും അസ്വസ്‌ഥരാകേണ്ട കാര്യമില്ല. മതപഠന കേന്ദ്രങ്ങളുടെ കാര്യത്തിൽ പ്രയാർ ഗോപാലകൃഷ്ണൻ പ്രസ്താവന നടത്തുന്നതു നിർത്തി കേന്ദ്രങ്ങൾ പുനരാരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണു ബിജെപിയുടെ ആവശ്യം. ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം നിഷേധിച്ചിട്ടില്ല. ചില പ്രത്യേക പ്രായപരിധിയിലുള്ളവർക്കു നിയന്ത്രണം മാത്രമാണ് ഉള്ളത്. എല്ലാവർക്കും പ്രവേശനം അനുവദിച്ചാൽ തന്നെ സ്ത്രികൾ അത് ഉൾക്കൊള്ളാൻ തയാറാകുമെന്ന് കരുതുന്നില്ലെന്നും എം. എസ്. കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.