ആറന്മുള വള്ളസദ്യക്ക് ആയിരങ്ങളെത്തി
ആറന്മുള വള്ളസദ്യക്ക് ആയിരങ്ങളെത്തി
Wednesday, August 24, 2016 12:45 PM IST
ആറന്മുള: പള്ളിയോടങ്ങളിലെത്തിയ കരക്കാരും ഭക്‌തരും ഒന്നുചേർന്നു ശ്രീകൃഷ്ണ ജയന്തിയിൽ ആറന്മുള ക്ഷേത്രമുറ്റത്തെ സമൂഹസദ്യയിൽ പങ്കുകൊണ്ടു. തൂശനിലയിൽ വിളമ്പിയ ആറന്മുള വിഭവങ്ങളുടെ രുചിയും ഭക്‌തിസാന്ദ്രമായ ക്ഷേത്രാന്തരീക്ഷവും എല്ലാം ചേർന്നു ശ്രീകൃഷ്ണന്റെ ജന്മനാളിലെ സദ്യ ഭക്‌തർക്കു നിർവൃതി പകരുന്നതായി. ആയിരക്കണക്കിനു ഭക്‌തരാണു ക്ഷേത്രതിരുമുറ്റത്തെ സദ്യയിൽ പങ്കുകൊണ്ടു മടങ്ങിയത്.

അഷ്‌ടമിരോഹിണിനാളിൽ പള്ളിയോടത്തിലേറി ക്ഷേത്രക്കടവിലെത്തിയ കരക്കാരും കരനാഥന്മാരും വെറ്റില പുകയില സ്വീകരിച്ചു ക്ഷേത്രക്കൊടിമരച്ചുവട്ടിൽ നയമ്പ് സമർപ്പിച്ച് വഞ്ചിപ്പാട്ടു പാടി ഭഗവത്സ്തുതികളാൽ പാർഥസാരഥിയെ പ്രകീർത്തിച്ചു.

രാവിലെ 11.3ന് ആദ്യമെത്തിയ കീക്കൊഴൂർ വയലത്തല പള്ളിയോടത്തെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ഹരിശങ്കർ വെറ്റില പുകയില നൽകി സ്വീകരിച്ചു. തുടർന്ന് 49 പള്ളിയോടങ്ങൾ ക്ഷേത്രക്കടവിലെത്തി പാർഥസാരഥി ക്ഷേത്രത്തിൽ പ്രവേശിച്ചു വഞ്ചിപ്പാട്ടിന്റെ ഭഗവത്സ്തുതികളുമായി ക്ഷേത്രത്തിന് വലംവച്ചു.

തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ ചുമതലയിൽ ക്ഷേത്രത്തിലെ ഉച്ചപൂജ പൂർത്തിയാക്കിയതോടെ അഷ്‌ടമിരോഹിണി വള്ളസദ്യക്കു ഭദ്രദീപം കൊളുത്തി എൻഎസ്എസ് പ്രസിഡന്റ് നരേന്ദ്രനാഥൻ നായർ ഉദ്ഘാടനം നിർവഹിച്ചു. പള്ളിയോടസേവാസംഘം പ്രസിഡന്റ് കെ. ജി. ശശിധരൻ പിള്ള, സെക്രട്ടറി പി.ആർ. രാധാകൃഷ്ണൻ എന്നിവരും സന്നിഹിതരായിരുന്നു.


കൊടിമരച്ചുവട്ടിൽ തൂശനിലയിട്ട് ഭഗവത് സ്തുതികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ആദ്യം ഭഗവാനായി സദ്യ സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണദേവിയുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ ആർ. ഗിരിജ സമർപ്പണം നിർവഹിച്ചു.

തുടർന്ന് ഓരോ പള്ളിയോടകരകൾക്കും നിശ്ചയിച്ച പ്രത്യേക ഇടങ്ങളിൽ വള്ളസദ്യകൾ വിളമ്പി സമൂഹ മനസോടെ മണ്ണിൽ തൂശനിലയിട്ടു വിളമ്പിയ അന്നദാനം സ്വീകരിച്ചു പാർഥസാരഥി സ്തുതികളോടെ കരകളിലേക്കു മടങ്ങി.

പാചക വിദഗ്ധനായ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നൂറോളം പാചക തൊഴിലാളികളുടെ മൂന്നു ദിവസത്തെ അധ്വാനമാണ് 400 പറയോളം വരുന്ന അരിയുടെ ഭക്ഷണം അന്നദാനത്തിനായി ഒരുക്കിയത്. 40ലധികം വിഭവങ്ങളാണ് സദ്യക്കായി തയാറാക്കിയിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.