സുരക്ഷാ കാമറകൾ സ്‌ഥാപിക്കുന്നതിനു പോലീസ് പിന്തുണ നല്കും
സുരക്ഷാ കാമറകൾ സ്‌ഥാപിക്കുന്നതിനു പോലീസ് പിന്തുണ നല്കും
Wednesday, August 24, 2016 12:36 PM IST
തിരുവനന്തപുരം: സുരക്ഷ വർധിപ്പിക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും സഹായകമായ സുരക്ഷാ കാമറകൾ സ്‌ഥാപിക്കുന്നതിനു വാണിജ്യ–വ്യാപാര സ്‌ഥാപനങ്ങൾ, ബാങ്കുകൾ, സഹകരണ സ്‌ഥാപനങ്ങൾ തുടങ്ങിയവയ്ക്കു പോലീസ് ആവശ്യമായ സഹകരണം നല്കുമെന്നു സംസ്‌ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

സംസ്‌ഥാനത്തു നിരവധി സ്‌ഥാപനങ്ങൾ ഇത്തരത്തിൽ സുരക്ഷാ കാമറകൾ സ്‌ഥാപിക്കാൻ പോലീസിന്റെ സഹകരണം അഭ്യർഥിച്ചിട്ടുള്ള സാഹചര്യത്തിലാണ് ഈ തീരുമാനം. ഒട്ടേറെ സ്‌ഥാപനങ്ങൾ ഉള്ളിലും പരിസരങ്ങളിലും നിരീക്ഷണകാമറകൾ ഇതിനകം സ്‌ഥാപിച്ചിട്ടുണ്ട്. ഇവ കുറ്റകൃത്യങ്ങൾ തടയുന്നതിന് വളരെയധികം സഹായകരമാണെന്ന് കണ്ടതിനാൽ കഴിയുന്നത്ര മറ്റു സ്‌ഥാപനങ്ങളും കാമറകൾ സ്‌ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് സംസ്‌ഥാന പോലീസ് മേധാവി അഭ്യർഥിച്ചു.


സംസ്‌ഥാനത്ത് വ്യാപാരി–വ്യവസായികളും പോലീസുമായി സഹകരിച്ച് ഏതാനും ജംഗ്ഷനുകളിൽ കാമറകൾ സ്‌ഥാപിച്ചിട്ടുണ്ട്. ഈ കാമറകളിൽ റിക്കാർഡ് ചെയ്തിട്ടുള്ള ദൃശ്യങ്ങൾ പല കുറ്റകൃത്യങ്ങളും തെളിയിക്കുന്നതിന് സഹായകമായി. കൂടുതൽ കാമറകൾ സ്‌ഥാപിക്കുന്നതിനും തുടർന്ന് അവയെ പോലീസിന്റെ നിരീക്ഷണ സംവിധാനങ്ങളുമായി ബന്ധപ്പെടുത്തുന്നതിനും പടി സ്വീകരിക്കും.

കാമറ സ്‌ഥാപിക്കുന്നതിനുള്ള ഉചിതമായ സ്‌ഥലം കണ്ടെത്തുക, കാമറകളുടെ ദിശ നിർണയിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് സ്‌ഥാപനങ്ങൾക്കു വേണ്ട സഹായവും നിർദേശങ്ങളും നൽകണമെന്ന് ജില്ലാ പോലീസ് മേധാവിമാരോടും ബന്ധപ്പെട്ട സർക്കിൾ ഇൻസ്പെക്ടർമാരോടും സബ് ഇൻസ്പെക്ടർമാരോടും നിർദേശിച്ചിട്ടുണ്ടെന്നും സംസ്‌ഥാന പോലീസ് മേധാവി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.