സംവരണത്തിന്റെ പ്രയോജനം പിന്നോക്കക്കാർക്ക് ഉറപ്പാക്കണം: ഡോ. കെ.എസ്. രാധാകൃഷ്ണൻ
Wednesday, August 24, 2016 12:36 PM IST
കൊച്ചി: സാമുദായികസംവരണം നടപ്പിലാക്കുമ്പോൾ അതതു സമുദായങ്ങളിലെ പിന്നോക്കം നിൽക്കുന്നവരിലേക്ക് അതിന്റെ പ്രയോജനം എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നു കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ ഡോ. കെ.എസ്.രാധാകൃഷ്ണൻ. ഇതു മുൻനിർത്തി സംവരണനയത്തിൽ കാലാനുസൃതമായ മാറ്റം വേണമെന്നും ചെയർമാനായി ചുമതല യേറ്റ് അഞ്ചുവർഷം പൂർത്തിയായ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ഡോ. രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. ഈ മാസം 12ന് അഞ്ചു വർഷക്കാലം പൂർത്തിയാക്കുന്ന ഡോ.കെ.എസ്. രാധാകൃഷ്ണൻ ഒക്ടോബർ 30ന് ചെയർമാൻ സ്‌ഥാനത്തുനിന്നു വിരമിക്കും.

ഒരേ സമുദായത്തിലെ ഉയർന്ന ശമ്പളം വാങ്ങുന്ന വ്യക്‌തിയുടെയും കൂലിവേലക്കാരന്റെയും മക്കൾക്കു സംവരണത്തിൽ ഒരേ പരിഗണനയാണു ലഭിക്കുന്നത്. ഇതുമൂലം സംവരണത്തിന്റെ യഥാർഥ ഗുണഫലം എത്തേണ്ടവരിലേക്ക് എത്താതെപോകുന്നു. ഇതിനു മാറ്റമുണ്ടാക്കാനായി തുറന്ന ചർച്ചകൾ നടത്തണം.

സംവരണം നീതിപൂർവമാകണമെങ്കിൽ അതിൽ സമുദായത്തിലെ ഒന്നാം തലമുറയ്ക്കു പ്രാമുഖ്യം കിട്ടുന്ന സാഹചര്യം ഉണ്ടാകണം. സംവരണത്തിന് അർഹരായിട്ടുള്ള എല്ലാ സമുദായങ്ങളിലും വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തിലും ജോലിയുടെ കാര്യത്തിലും സാമ്പത്തിക ശേഷിയുടെ കാര്യത്തിലും കാര്യമായ പുരോഗതി ഇക്കാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിലെ പിഎസ്സി പരീക്ഷാഫലം പരിശോധിച്ചാൽ ഇതു മനസിലാകും. അല്പം പോലും പുരോഗതി പ്രകടമാകാത്തതു പട്ടികവർഗ വിഭാഗത്തിന്റെ കാര്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ അഞ്ചു വർഷംകൊ ണ്ടു പിഎസ്സിയിൽ സമൂലമായ മാറ്റങ്ങളാണ് ഉണ്ടായത്. 27 വർഷങ്ങളായി നികത്തപ്പെടാതെ കിടന്ന ഒഴിവുകൾ നികത്തുന്നതിനു നടപടി സ്വീകരിച്ചു. വിവിധ തസ്തികകളിലായി 4,398 വിജ്‌ഞാപനങ്ങൾ പുറപ്പെടുവിച്ചു. 1,50,898 പേർക്ക് അഡ്വൈസ് മെമ്മോ അയച്ചു. ഇന്ത്യയിൽ സ്വന്തമായി ഓൺലൈൻ പരീക്ഷാകേന്ദ്രമുള്ള ഏക പിഎസ്സിയെന്ന ഖ്യാതി കേരളത്തിന് കരസ്‌ഥമാക്കാനായി. കോഴിക്കോട്ട് നാലാമത്തെ ഓൺലൈൻ പരീക്ഷാകേന്ദ്രത്തിന്റെ ഉദ്ഘാടനം ഓണത്തിന് മുമ്പ് നടത്താൻ കഴിയും. തിരുവനന്തപുരം, കൊച്ചി, പത്തനംതിട്ട എന്നിവിടങ്ങളിലാണ് മറ്റു പരീക്ഷാകേന്ദ്രങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.