കുടുംബാംഗങ്ങൾ തമ്മിലുള്ള ഭൂമികൈമാറ്റത്തിനു മുദ്രപ്പത്രവില അര ഏക്കർ വരെ ഒരു ശതമാനമായേക്കും
കുടുംബാംഗങ്ങൾ തമ്മിലുള്ള ഭൂമികൈമാറ്റത്തിനു മുദ്രപ്പത്രവില അര ഏക്കർ വരെ ഒരു ശതമാനമായേക്കും
Friday, July 29, 2016 2:12 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: കുടുംബാംഗങ്ങൾ തമ്മിലുള്ള അര ഏക്കറിൽ താഴെയുള്ള പണമിടപാട് ഇല്ലാത്ത ഭൂമി കൈമാറ്റത്തിന്റെ മുദ്രപ്പത്ര വില കുറയ്ക്കുന്നതു സർക്കാർ പരിഗണനയിൽ. നഗരങ്ങളിൽ അഞ്ചു സെന്റും ഗ്രാമങ്ങളിൽ പത്തു സെന്റും വരെ ഭൂമി ഭാഗാധാരം ചെയ്യുന്നവരിൽനിന്നു മുദ്രപ്പത്ര വിലയായി 1000 രൂപ മാത്രം ഈടാക്കാനും ഇതിനു മുകളിൽ അര ഏക്കർ വരെ ഭൂമിക്കു ന്യായവിലയുടെ ഒരു ശതമാനം മുദ്രപ്പത്ര വിലയായി ഈടാക്കാനുമുള്ള ശിപാർശയാണു ധനവകുപ്പിന്റെ പരിഗണനയിലുള്ളത്.

കുടുംബാംഗങ്ങൾ തമ്മിലുള്ള ഭാഗപത്രം, ദാനം, ധനനിശ്ചയം, ഒഴിമുറി, വിൽപ്പത്രം എന്നിവയുടെ മുദ്രപ്പത്ര വിലയിലാണു കുറവു വരുത്തുന്നത്. ഇവയുടെ മുദ്രപ്പത്ര വിലയായി ഭൂമിയുടെ ന്യായവിലയുടെ മൂന്നു ശതമാനം ഈടാക്കുമെന്നാണു ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതാണ് 1000 രൂപയും ഒരു ശതമാനവുമായി കുറയ്ക്കാൻ ആലോചിക്കുന്നത്. അര ഏക്കറിൽ കൂടുതലുള്ള ഭൂമി കൈമാറ്റത്തിനു മൂന്നു ശതമാനം മുദ്രപ്പത്രവില തന്നെ നൽകേണ്ടിവരുമെന്നാണു സൂചന.

ശിപാർശകൾ ധനകാര്യ സബ്ജക്ട് കമ്മിറ്റിയിൽ ചർച്ച ചെയ്തശേഷം സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും അംഗീകാരത്തിനൊടുവിലാകും തീരുമാനമെടുക്കുക. എന്നാൽ, ന്യായവിലയുടെ ഒരു ശതമാനം വരുന്ന രജിസ്ട്രേ ഷൻ ഫീസിനു പരിധി നിശ്ചയിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ ഇടയില്ല. നേരത്തെ രജിസ്ട്രേഷൻ ഫീസിന് 25,000 രൂപ പരിധി ഏർപ്പെടുത്തിയിരുന്നു. ഈ പരിധി ബജറ്റിൽ എടുത്തുകളഞ്ഞു.


കുടുംബാംഗങ്ങൾ തമ്മിലുള്ള ഭൂമികൈമാറ്റത്തിനു മുദ്രപ്പത്രവില 1000 രൂപ എന്ന പരിധി എടുത്തുകളഞ്ഞാണ് മൂന്നു ശതമാനമായി ഉയർത്തി ബജറ്റിൽ പ്രഖ്യാപിച്ചത്. കുടുംബാംഗങ്ങൾ തമ്മിലുള്ള ഭൂമി കൈമാറ്റത്തിനുള്ള മുദ്രപ്പത്ര വില കുറയ്ക്കുന്നതു സർക്കാർ പരിഗണിക്കുമെന്നു കഴിഞ്ഞ ദിവസം നടന്ന ധനവകുപ്പ് സബ്ജക്ട് കമ്മിറ്റി യോഗത്തിൽ ധനമന്ത്രി തോമസ് ഐസക് അറിയിച്ചിരുന്നു. ഓഗസ്റ്റ് എട്ടിനു ചേരുന്ന സബ്ജക്ട് കമ്മിറ്റി യോഗത്തിൽ മുദ്രപ്പത്ര വില കുറയ്ക്കുന്നതു പരിഗണിക്കും. സബ്ജക്ട് കമ്മിറ്റിയുടെ നിർദേശത്തോടെ അടുത്ത നിയമസഭാ സമ്മേളനത്തിൽ ഇതു സംബന്ധിച്ച നിയമ ഭേദഗതി കൊണ്ടുവരും. ഫിനാൻസ് ബിൽ പാസാക്കുമ്പോൾ മുദ്രപ്പത്രത്തിന്റെ കുറഞ്ഞ നിരക്ക് ഉൾപ്പെടുത്തുന്ന കാര്യവും പരിഗണിക്കും.

ഒരു ലക്ഷം രൂപ ന്യായവിലയുള്ള പത്തു സെന്റ് ഭൂമി ഭാഗാധാരം നടത്തുമ്പോൾ ബജറ്റിൽ പ്രഖ്യാപിച്ച നിരക്ക് അനുസരിച്ചു മുദ്രപ്പത്രത്തിനു മാത്രം 30,000 രൂപ നൽകേണ്ടിവരും. അത് ഒരു ശതമാനമായി കുറച്ചാൽ മുദ്രപ്പത്ര വില 10,000 രൂപയായി കുറയാം. അര ഏക്കറിൽ കൂടുതലുള്ള ഭൂമിയുടെ കൈമാറ്റത്തിനുള്ള ഉയർന്ന തുക നിലനിർത്തും. അതിനു മുകളിലുള്ള ഭൂമിയുടെ കൈമാറ്റത്തിനുള്ള മുദ്രപ്പത്രവിലയ്ക്കു സ്ലാബ് സമ്പ്രദായം കൊണ്ടുവരുന്നതും ധനവകുപ്പിന്റെ പരിഗണനയിലുണ്ടെന്നാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.