വരുന്നൂ, തെക്ക്–വടക്ക് തീരദേശ പാത
വരുന്നൂ, തെക്ക്–വടക്ക് തീരദേശ പാത
Friday, July 29, 2016 2:12 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: ദേശീയപാതയിലെ ഗതാഗതത്തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായി കേരള തീരത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ ബന്ധിപ്പിച്ചു കൊണ്ടു തീരദേശ പാത വരുന്നു. ആദ്യ ഘട്ടമെന്ന നിലയിൽ തിരുവനന്തപുരം മുതൽ കൊച്ചി വരെയുള്ള തീരദേശ രണ്ടുവരിപ്പാത പദ്ധതിയാണു സർക്കാർ തയാറാക്കുന്നത്.

കിഫ്ബിക്കു സമർപ്പിക്കേണ്ട തിരുവനന്തപുരം– കൊച്ചി തീരദേശ റോഡ് പദ്ധതിയുടെ വിശദ പഠന റിപ്പോർട്ട് സമർപ്പിക്കാൻ സംസ്‌ഥാന തീര മേഖലാ വികസന കോർപറേഷന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർദേശം നൽകി. ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ സാങ്കേതിക സഹായത്തോടെ തീരദേശ പാത പദ്ധതി റിപ്പോർട്ട് തയാറാക്കാനാണു നിർദേശിച്ചിട്ടുള്ളത്. അടിസ്‌ഥാന സൗകര്യ വികസനം നടപ്പാക്കുന്നതിനായി രൂപീകരിച്ച കേരള ഇൻഫ്രാ സ്ട്രക്ചറൽ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) പദ്ധതിയിൽ ഉൾപ്പെടുത്തി തീര ദേശ പാത പദ്ധതി നടപ്പാക്കാനാണു ലക്ഷ്യമിടുന്നത്.

വല്ലാർപാടം, കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളെ ബന്ധിപ്പിച്ചാണു തീരദേശ റോഡ് പദ്ധതി നടപ്പാക്കുന്നത്. കണ്ടെയ്നർ അടക്കമുള്ള ചരക്കു നീക്കം പൂർണമായും തീരദേശ പാതയിലൂടെയാക്കാനാണു ലക്ഷ്യം. പാചകവാതക ടാങ്കർ ലോറികളുടെ നീക്കവും ഇതുവഴിയാക്കുന്നതോടെ ദേശീയപാത വഴിയുള്ള തിരക്ക് ഒരു പരിധി വരെയെങ്കിലും കുറയ്ക്കാൻ കഴിയുമെന്നാണു കരുതുന്നത്.

കടലിനും കായലിനും അല്ലെങ്കിൽ തോടുകൾക്കും മധ്യേയാണ് റോഡ് വരുന്നത്. ഇതു സംസ്‌ഥാനത്തിന്റെ വിനോദ സഞ്ചാര സാധ്യതകൾക്കും ഏറെ പ്രയോജനം ചെയ്യുമെന്നാണു കരുതുന്നത്. വർക്കല, പരവൂർ, കൊല്ലം, ആലപ്പുഴ ഭാഗങ്ങളിൽ തീരദേശ റോഡ് നിലവിലുണ്ട്. ഏതാനും ഭാഗത്തെ സഞ്ചാരയോഗ്യമാക്കിയാൽ മാത്രം മതിയാകും. ദേശീയപാതയെ അപേക്ഷിച്ചു തീരദേശ പാതയ്ക്കു ദൂരവും കുറവാണ്. ഉദാഹരണത്തിന് ദേശീയപാതയിൽ പരവൂരിൽ നിന്നു കൊല്ലത്ത് എത്താൻ 25 കിലോമീറ്റർ സഞ്ചരിക്കേണ്ടി വരുമ്പോൾ തീരദേശ പാതയിലൂടെ 12 കിലോമീറ്റർ കൊണ്ട് എത്താനാകും.


പന്ത്രണ്ടു മീറ്റർ വീതിയിൽ റോഡ് നിർമിക്കുന്നതരത്തിലുള്ള രൂപ രേഖ തയാറാക്കാനാണു നിർദേശം. ചിലയിടങ്ങളിൽ ഇത്രയും വീതി ലഭിച്ചില്ലെങ്കിൽ ഒൻപതോ പത്തോ മീറ്റർ വീതിയിൽ തീർക്കും. നിലവിൽ കൊല്ലം മുതൽ തങ്കശേരി തുറമുഖം വരെയുള്ള പ്രദേശത്ത് 12 മീറ്റർ വീതിയിൽ രണ്ടു വരിപ്പാത നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. ഇവിടെ പുതിയ പാത നിർമ്മിക്കേണ്ടിവരില്ല.

തീരദേശ പാത നിർമാണത്തിനായി ഭൂമി ഏറ്റെടുക്കൽ വേണ്ടിവരില്ല. എന്നാൽ, തീരത്തു കുടിയേറിയിട്ടുള്ള ഒട്ടേറെപ്പേരെ പുനരധിവസിപ്പിക്കേണ്ടതായി വരും. ഇവരുടെ പുരനധിവാസം ഒരുക്കുന്നതിനാവശ്യമായ തുക മാത്രം സംസ്‌ഥാനത്തിനു കണ്ടെത്തിയാൽ മതിയാകും. തീരദേശ പാതയിൽ ടോൾ ഏർപ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്.

കടലാക്രമണത്തെ തുടർന്നു തീരദേശ പാത ഇടയ്ക്കിടയ്ക്കു നശിക്കുമെന്നതാണു പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇത്തരത്തിലുള്ള നാശം തടയാൻ ആവശ്യമായ നടപടികളും വിശദ പദ്ധതി രൂപരേഖയിൽ ചൂണ്ടിക്കാട്ടാൻ തീരമേഖലാ വികസന കോർപറേഷനു സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കിഫ്ബിയിൽ ആദ്യം നൽകുന്ന പദ്ധതി രൂപരേഖകൾ അംഗീകരിക്കാമെന്ന മന്ത്രിസഭാ യോഗത്തിലെ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും ഉറപ്പിന്റെ അടിസ്‌ഥാനത്തിലാണു തെക്ക്– വടക്കു തീരദേശ പാത പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.