തദ്ദേശസ്‌ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്: ഇടതുമുന്നണിക്കു നേട്ടം
തദ്ദേശസ്‌ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്: ഇടതുമുന്നണിക്കു നേട്ടം
Friday, July 29, 2016 2:12 PM IST
സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്‌ഥാനത്തു 15 തദ്ദേശസ്വയംഭരണ വാർഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കു മേൽക്കൈ. എൽഡിഎഫ് ഏഴ് സീറ്റിൽ വിജയിച്ചപ്പോൾ യുഡിഎഫിന് അഞ്ചും ബിജെപിക്കു മൂന്നും സീറ്റ് ലഭിച്ചു. നിർണായകമായ ഉദുമ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫിനു കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഭരണം നിലനിർത്താനായത് ഏറെ ആശ്വാസമായി.

തിരുവനന്തപുരം കോർപറേഷനിൽ സിറ്റിംഗ് സീറ്റായ പാപ്പനംകോട് വാർഡ് ബിജെപിക്കു നിലനിർത്താനായി. ബിജെപിയുടെ ആശാ നാഥ് 35 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോൺഗ്രസ് സ്‌ഥാനാർഥി ഇവിടെ മൂന്നാം സ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ടു. തിരുവനന്തപുരം തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് വാർഡിൽ ഇടതുമുന്നണി സ്‌ഥാനാർഥി സജിത 151 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. തിരുവനന്തപുരം വർക്കല വെട്ടൂർ ഗ്രാമപഞ്ചായത്തിലെ അക്കരവിള വാർഡും ഇടതുമുന്നണി നേടി. സ്‌ഥാനാർഥി റീന 134 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു വിജയിച്ചത്.

ഇടുക്കി കൊക്കയാർ പഞ്ചായത്തിലെ അഞ്ചാം വാർഡിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്‌ഥാനാർഥി തോമസ് ലൂക്കോസ് 235 വോട്ടിനാണ് വിജയിച്ചത്. ഇതോടെ ഈ പഞ്ചായത്ത് ഭരണവും യുഡിഎഫിനു നഷ്‌ടമായി. ആലപ്പുഴ ചേർത്തല നഗരസഭയിൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റിൽ ബിജെപി വിജയിച്ചു. പതിമ്മൂന്നാം വാർഡിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്‌ഥാനാർഥി ഡി. ജ്യോതിഷ് 134 വോട്ടുകൾക്ക് വിജയിച്ചു.

ആലപ്പുഴ പാലമേൽ ഗ്രാമപഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര സീറ്റ് യുഡിഎഫിൽ നിന്ന് ഇടതുമുന്നണി പിടിച്ചെടുത്തു. ഇവിടെ ഇടതുമുന്നണി സ്‌ഥാനാർഥി ഷൈല ഷാജു 137 വോട്ടുകൾക്കാണു ജയിച്ചത്.


കോട്ടയം മണർകാട് പഞ്ചായത്തിലെ പറമ്പുകര വാർഡ് കോൺഗ്രസിൽ നിന്ന് ബിജെപി പിടിച്ചെടുത്തു. കോൺഗ്രസ് സ്‌ഥാനാർഥി മൂന്നാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപി സ്‌ഥാനാർഥി സിന്ധു കൊരട്ടിയിൽ 198 വോട്ടുകൾക്കാണ് വിജയിച്ചത്.

കോട്ടയം മാടപ്പള്ളി പഞ്ചായത്തിലെ കണിച്ചുകുളം വാർഡ് കോൺഗ്രസ് നിലനിർത്തി. നിധീഷ് തോമസ് 64 വോട്ടുകൾക്ക് വിജയിച്ചു. തൃപ്പൂണിത്തുറ നഗരസഭയുടെ ഭാഗമായ 39–ാം ഡിവിഷൻ ബിജെപിയിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്‌ഥാനാർഥി ശബരിഗിരീശൻ 94 വോട്ടിനാണ് ഇവിടെ വിജയിച്ചത്. കൊടുങ്ങല്ലൂർ ശ്രീനാരായണ പുരം പഞ്ചായത്ത് പത്താഴക്കോട് വാർഡ് ഇടതുമുന്നണിയിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്‌ഥാനാർഥി കെ.എ. ഹൈദ്രോസ് 98 വോട്ടുകൾക്ക് വിജയിച്ചു.

പാലക്കാട് ഒറ്റപ്പാലം നഗരസഭ കണ്ണിയമ്പ്രം വായനാശാല വാർഡ് ഇടതുമുന്നണി നിലനിർത്തി. സിപിഎമ്മിലെ കെ.കെ.രാമകൃഷ്ണൻ 385 വോട്ടുകൾക്കാണ് വിജയിച്ചത്. മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്തിലെ മൂന്നാം വാർഡ് സിപിഎമ്മിൽ നിന്ന് ലീഗ് പിടിച്ചെടുത്തു. ലീഗ് സ്‌ഥാനാർഥി റീന 114 വോട്ടുകൾക്ക് ജയിച്ചു.

കോഴിക്കോട് ഓമശേരി ഈസ്റ്റ് വാർഡ് ആറിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയിച്ചു. 76 വോട്ടുകൾക്കാണ് ഇടതുമുന്നണി സ്‌ഥാനാർഥി കെ.കെ. ഭാസ്കരൻ വാർഡ് നിലനിർത്തിയത്. കണ്ണൂർ കല്യാശേരി പഞ്ചായത്തിലെ ആറാം വാർഡ് ഇടതുമുന്നണി നിലനിർത്തി. ഡി.രമ ഇവിടെ നിന്ന് 505 വോട്ടുകൾക്ക് വിജയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.