കാവ്യാ മാധവന്റെ പേരിൽ വ്യാജ ഫേസ്ബുക്ക്; യുവാവ് പിടിയിൽ
Friday, July 29, 2016 1:42 PM IST
കൊച്ചി: നടി കാവ്യാ മാധവന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി ചിത്രങ്ങളും വാർത്തകളും പ്രചരിപ്പിച്ചിരുന്നയാൾ പിടിയിൽ. പന്തളം സ്വദേശി അരവിന്ദ് ബാബുവാണു കൊച്ചിയിൽ അറസ്റ്റിലായത്. തന്റെ പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടെന്നറിഞ്ഞ കാവ്യാ മാധവൻ സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശിനു പരാതി നൽകിയിരുന്നു. തുടർന്നു ഡെപ്യൂട്ടി കമ്മീഷണർ അരുൾ ആർ.ബി. കൃഷ്ണയുടെ നേതൃത്വത്തിൽ കൊച്ചി സിറ്റി സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് അരവിന്ദ് ബാബുവിനെ കണ്ടെത്തിയത്. നടിയുടെ ചിത്രവും പേരും ഉപയോഗിച്ചതിനു പുറമേ അപകീർത്തികരമായ പോസ്റ്റുകളും അശ്ലീലച്ചുവയുള്ള കമന്റുകളും പ്രതി വ്യാജ പ്രൊഫൈലിലൂടെ നിരന്തരം പ്രചരിപ്പിച്ചിരുന്നു. നാലു വർഷമായി ഈ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചുവരികയായിരുന്നു. നടിയുടെ പരാതിയിൽ അന്വേഷണം നടത്തിയ സൈബർസെൽ ഒരു ഡസനോളം വ്യാജ പ്രൊഫൈലുകൾ കാവ്യാ മാധവന്റേതായി കണ്ടെത്തിയിട്ടുണ്ട്. മറ്റ് അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്നും പ്രതികൾ ഉടനെ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.


സൈബർസെല്ലിൽനിന്ന് അസിസ്റ്റന്റ് കമ്മീഷണർ ബാബുകുമാർ, സീനിയർ സിപിഒ പ്രമോദ്, സിപിഒ രാജേഷ് എന്നിവർക്കൊപ്പം ഷാഡോ വിഭാഗത്തിൽനിന്ന് എസ്ഐമാരായ എൽദോ ജോസഫ്, നിത്യാനന്ദ പൈ, എസ്ഐ അബ്ദുൾ ജബാർ, സിപിഒമാരായ ജയരാജ്, വാവ എന്നിവരും അന്വേഷണ സംഘ ത്തിലുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.