എച്ച്ഒസി അടച്ചുപൂട്ടാതിരിക്കാൻ രേഖാമൂലം നിർദേശിക്കണം
Friday, July 29, 2016 1:29 PM IST
കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായ ഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് (എച്ച്ഒസിഎൽ) അടച്ചുപൂട്ടാതിരിക്കാൻ കേന്ദ്രസർക്കാർ വ്യവസായ പുനരുദ്ധാരണ ബോർഡിന് (ബിഐഎഫ്ആർ) രേഖാമൂലം നിർദേശം നൽകണമെന്ന് “സേവ് എച്ച്ഒസിഎൽ’ ജോയിന്റ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 21ന് ചേർന്ന വ്യവസായ പുനരുദ്ധാരണ ബോർഡ് യോഗത്തിൽ കമ്പനി അടച്ചുപൂട്ടാനുള്ള നിർദേശമാണു കേന്ദ്ര രാസവള മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി നൽകിയത്.

കമ്പനി അടച്ചുപൂട്ടില്ലെന്നു മന്ത്രി അനന്തകുമാർ കേരളത്തിൽനിന്നുള്ള എംപിമാരോടു വാക്കാൽ പറഞ്ഞെങ്കിലും ബിഐഎഫ്ആറിനെ അക്കാര്യം അറിയിച്ചിട്ടില്ല. ജുഡീഷൽ അധികാര സമിതിയായി പ്രവർത്തിക്കുന്ന ബോർഡിനു മുന്നിൽ കൃത്യമായ തീരുമാനങ്ങളും രാസവള മന്ത്രാലയത്തിന്റെ മുൻ നിലപാടു തിരുത്തിക്കൊണ്ട് എഴുതി തയാറാക്കിയ നിർദേശവുമാണു സമർപ്പിക്കേണ്ടത്. ഇതിനു കേന്ദ്രം തയാറാകാത്ത സാഹചര്യത്തിൽ എച്ച്ഒസിയെ തൊഴിലാളികൾ കൂടുതൽ സമരത്തിലേക്കു നീങ്ങും. ഇപ്പോൾ കമ്പനി കവാടത്തിനു മുന്നിൽ നടന്നുവരുന്ന അനിശ്ചിതകാല സത്യഗ്രഹസമരം ശക്‌തിപ്പെടുത്തും. ഓഗസ്റ്റ് നാലിന് അമ്പലമുഗളിൽ സമരസഹായ സമിതി രൂപീകരിക്കും.


പ്രക്ഷോഭത്തിന്റെ ഭാഗമായി ഓഗസ്റ്റ് ഒമ്പതിന് ക്വിറ്റ് ഇന്ത്യാ ദിനത്തിൽ കമ്പനി ഗേറ്റിനു മുന്നിൽ പ്രക്ഷോഭസമരം നടത്തും. ഓഗസ്റ്റ് 15ന് ഗേറ്റിൽ കൂട്ട ഉപവാസസമരം നടത്തും. 20ന് തൊഴിലാളികൾ ഇരുമ്പനത്തു ദേശീയപാത ഉപരോധിക്കും. സ്ത്രീകളും കുട്ടികളുമടക്കം ജീവനക്കാരുടെ കുടുംബാംഗങ്ങൾ ഉപരോധത്തിൽ പങ്കെടുക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.