മദ്യനയം പ്രഖ്യാപിക്കേണ്ട സമയത്തു പ്രഖ്യാപിക്കും: മുഖ്യമന്ത്രി
മദ്യനയം പ്രഖ്യാപിക്കേണ്ട സമയത്തു പ്രഖ്യാപിക്കും: മുഖ്യമന്ത്രി
Thursday, June 30, 2016 2:03 PM IST
തിരുവനന്തപുരം: സാമൂഹ്യനീതിയിലും തുല്യതയിലും അധിഷ്ഠിതമായ വികസനമാണു സർക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ഗവർണറുടെ നയപപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. പശ്ചാത്തല സൗകര്യ വികസനത്തിനു മുൻതൂക്കം നൽകും. റോഡുകൾ വീതികൂട്ടുന്നതിനു പ്രാധാന്യം നൽകും. പുനരധിവാസവും പ്രധാനപ്പെട്ടതാണ്. ദേശീയപാതവികസനവും ദേശീയ ജലപാതാ വികസനവും പൂർണതയിലെത്തിക്കുന്നതിന് വേഗത്തിൽ പ്രവർത്തിക്കും.

മുല്ലപ്പെരിയാർ സംബന്ധിച്ചു പൊതുവായ നിലപാടിൽ ഉറച്ചുനിൽക്കുന്നു. ഇതുസംബന്ധിച്ച് ആർക്കും ആശങ്ക വേണ്ട. ഗെയിൽ പൈപ്പ്ലൈൻ നിർമാണം സംസ്‌ഥാന വികസനത്തിന് ഏറ്റവും പ്രാധാന്യമുള്ളതായതിനാൽ വൈകിക്കാനുള്ള ഒരു പ്രവർത്തനവും അനുവദിക്കില്ല. ഇക്കാര്യത്തിൽ ജനങ്ങൾക്കുള്ള ആശങ്ക അകറ്റും. മൂന്നു വിമാനത്താവളങ്ങളും വികസിപ്പിക്കേണ്ടിയിരിക്കുന്നു. തിരുവനന്തപുരത്ത് കൂടുതൽ സ്ഥലം ഏറ്റെടുക്കണം. കോഴിക്കോട്ടും സ്‌ഥലമാണ് പ്രധാന പ്രശ്നം.

വിമാനത്താവള വികസനത്തിനൊപ്പം സംസ്‌ഥാനത്ത് എയർ സ്ട്രിപ്പുകൾ തുടങ്ങും. വിമാനത്താവളങ്ങളില്ലാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലാകും ഇത്. ടൂറിസം രംഗത്തു പുതിയ മേഖലകൾ കണ്ടെത്തും. മെഡിക്കൽ, പിൽഗ്രിമേജ് ടൂറിസം വികസിപ്പിക്കും. വൻവ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതു പോലെ തന്നെ ചെറുകിട, പരമ്പാരാഗത വ്യവസായങ്ങളെയും പ്രോത്സാഹിപ്പിക്കും. മലിനീകരണം ഉണ്ടാക്കുന്ന വ്യവസായത്തെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നീതിയുക്ത ഭരണസംവിധാനം ശക്തിപ്പെടുത്തിക്കൊണ്ടുള്ള ഭരണമാകും സംസ്‌ഥാനത്ത് ഇനി നടപ്പിലാക്കുക. അഴിമതിയും വികസനവും ഒന്നിച്ചുപോകില്ല. ഭരണനിർവഹണം എങ്ങനെയാകണമെന്നതു സംബന്ധിച്ച് വ്യക്തമായ ധാരണ സർക്കാരിനുണ്ട്. മദ്യനയം പ്രഖ്യാപിക്കേണ്ട സമയത്തു തന്നെ പ്രഖ്യാപനമുണ്ടാകും. എന്നാൽ, മദ്യനിരോധനത്തോടു യോജിപ്പില്ല. മദ്യവർജനമാണു സർക്കാർ നയം. മദ്യനിരോധനം വന്നാൽ തെറ്റായ മാർഗങ്ങളിലൂടെ മദ്യം സംഘടിപ്പിച്ച് കുടിക്കാനുള്ള ശ്രമമുണ്ടാകും. ഇതു ജീവഹാനിക്കു വരെ ഇടയാക്കുമെന്നതുകൊണ്ടാണ് നിരോധനത്തേക്കാൾ വർജനമാണ് നല്ലതെന്നു പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഒരു പിആർഒ ആയി പ്രവർത്തിക്കേണ്ട ആളല്ല മുഖ്യമന്ത്രിയെന്നാണു തന്റെ നിലപാട്. അതുകൊണ്ടാണ് മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കാൻ മാധ്യമപ്രവർത്തകർക്ക് മുന്നിൽ വരേണ്ടെന്നു തീരുമാനിച്ചത്. എന്നാൽ, ആവശ്യമുള്ള സമയങ്ങളിൽ താൻ മാധ്യമങ്ങളെ കാണുന്നുണ്ട്. ഭരണത്തെക്കുറിച്ച് വ്യക്തമായ ദർശനവും ധാരണയുമുണ്ട്. ഊർജസ്വലവും കാര്യക്ഷമവുമായ ഇടപെടലുകൾ എപ്പോഴുമുണ്ടാകും. അഴിമതി വച്ചുപൊറുപ്പിക്കില്ല. അതേസമയം ശരിയായ കാര്യം ചെയ്തതിനു പീഡിപ്പിക്കപ്പെടുന്ന അവസ്‌ഥ ഇനി ഉദ്യോഗസ്‌ഥർക്ക് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാലിന്യനിർമാർജനം ബഹുജന കാമ്പയിനായി ഏറ്റെടുത്തു നടപ്പാക്കും. ഉറവിടത്തിൽ തന്നെ മാലിന്യനിർമാർജനം സാധ്യമാക്കുന്ന നയമാകും നടപ്പാക്കുക. ഇക്കാര്യത്തിൽ ജനങ്ങളെ കൂടുതൽ ബോധവത്കരിക്കും. ഐടി രംഗത്ത് വലിയ കുതിപ്പ് നടത്തേണ്ടതുണ്ട്. പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി സാധാരണക്കാരുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്തും. നികുതി കാര്യത്തിലെ പരാതികൾ പരിഹരിക്കാൻ കൂടുതൽ സുതാര്യത ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.