ജിഷ വധം: അമിറുൾ വീണ്ടും ജില്ലാ ജയിലിൽ
ജിഷ വധം: അമിറുൾ വീണ്ടും ജില്ലാ ജയിലിൽ
Thursday, June 30, 2016 2:03 PM IST
<ആ>സ്വന്തം ലേഖകർ

കൊച്ചി/ പെരുമ്പാവൂർ: പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമിറുൾ ഇസ്ലാമിനെ വീണ്ടും കാക്കനാട്ടെ ജില്ലാ ജയിലിലേക്ക് ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. 10 ദിവസം അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായിരുന്ന പ്രതിയെ ഇന്നലെ വൈകുന്നേരം പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വി. മഞ്ജു 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. കുറുപ്പംപടി മജിസ്ട്രേറ്റ് കോടതി രാവിലെ കടുത്ത വിമർശനം നടത്തിയ പശ്ചാത്തലത്തിൽ മുഖാവരണം ഇല്ലാതെയാണ് വൈകുന്നേരം പെരുമ്പാവൂർ കോടതിയിൽ പ്രതിയെ ഹാജരാക്കിയത്.

മുഖംമൂടി നീക്കിയാണു വൈകുന്നേരം മൂന്നേകാലോടെ ആലുവ പോലീസ് ക്ലബ്ബിൽ നിന്ന് അമിറുൾ ഇസ്ലാമിനെ പെരുമ്പാവൂരിലേക്കു കൊണ്ടുപോയത്. അറസ്റ്റിനുശേഷം പോലീസ് ഇതുവരെ മുഖം മറയ്ക്കാതെ പ്രതിയെ പുറത്തിറക്കിയിരുന്നില്ല.

നാലോടെ പെരുമ്പാവൂർ കോടതി വളപ്പിൽ എത്തിച്ച പ്രതിയെ 4.20 വരെ പോലീസ് വാഹനത്തിൽ തന്നെ ഇരുത്തി. മജിസ്ട്രേറ്റ് എത്തി കോടതി നടപടികൾ ആരംഭിച്ചശേഷമാണ് പ്രതിയെ കോടതി മുറിയിലേക്കു കൊണ്ടുപോയത്. 15 മിനിറ്റുകൊണ്ട് കോടതി നടപടികൾ പൂർത്തിയാക്കി.

പോലീസിനെതിരേ പരാതിയുണ്ടോയെന്നും എന്തെങ്കിലും പറയാനുണ്ടോയെന്നും കോടതി അമിറുൾ ഇസ്ലാമിനോട് ദ്വിഭാഷി മുഖാന്തരം ചോദിച്ചു. ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി. പോലീസ് റിമാൻഡ് റിപ്പോർട്ട് മാത്രമാണ് കോടതിയിൽ ഹാജരാക്കിയത്. പ്രതിയുടെ അഭിഭാഷകൻ പി. രാജൻ തന്റെ കക്ഷിയെ കണ്ടു സംസാരിക്കാൻ അവസരം നൽകണമെന്ന അപേക്ഷ കോടതി മുൻപാകെ വച്ചു. ഇത് ഇന്നു പരിഗണിക്കാനായി കോടതി മാറ്റി.


അമിറുൾ ഇസ്ലാമിനെ ഹാജരാക്കുന്ന സാഹചര്യത്തിൽ അഭിഭാഷകർക്കും പോലീസിനും മാധ്യമപ്രവർത്തകർക്കും മാത്രമേ കോടതി വളപ്പിലേക്ക് പ്രവേശനം അനുവദിച്ചുള്ളൂ. ഇവരെ അകത്തു കയറ്റി ഗെയ്റ്റ് അടയ്ക്കുകയായിരുന്നു. വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് കോടതിയിൽ ഏർപ്പെടുത്തിയിരുന്നത്.

അമിർ ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ്നാട്ടിലെ കാഞ്ചിപുരത്തേക്കു കൊണ്ടുപോയി തെളിവെടുപ്പ് നടത്തി തിരിച്ച് ആലുവ പോലീസ് ക്ലബിൽ എത്തിച്ച് ഇന്നലെ വീണ്ടും വിശദമായി ചോദ്യം ചെയ്തു.

കേസുമായി ബന്ധപ്പെട്ട് ചെരുപ്പും കത്തിയും അടങ്ങുന്ന തൊണ്ടി മുതലുകൾ ഇന്നലെ രാവിലെ കുറുപ്പംപടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയെങ്കിലും കോടതി അവ സ്വീകരിച്ചില്ല. ആദ്യ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്ന കത്തി കൊലയ്ക്ക് ഉപയോഗിച്ചതാണെന്നു കഴിഞ്ഞ ദിവസമാണു സ്‌ഥിരീകരിച്ചത്. ഇതടക്കമുള്ള തൊണ്ടിമുതലുകളാണ് രാവിലെ കുറുപ്പംപടി കോടതിയിൽ ഹാജരാക്കിയത്. വൈകിട്ട് ഇവ പെരുമ്പാവൂർ കോടതിയിൽ സമർപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.